ഹജ്ജ് യാത്രക്ക് ഒരുങ്ങുമ്പോള്‍

Posted on: August 17, 2013 6:00 am | Last updated: August 17, 2013 at 7:56 am
SHARE

Difference-Between-Hajj-and-Umrah-ക്ഷമ ഏറ്റവും കൂടുതല്‍ 
പരീക്ഷിക്കപ്പെടുന്ന ഘട്ടമാണ് ഹജ്ജ് യാത്ര. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും മറ്റും മാറ്റിവെച്ച് ക്ഷമയോടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്. യാത്രയിലുടനീളം
ഇത് നാം കാത്ത് സൂക്ഷിക്കേണ്ടതാണ്. ആധുനിക യുഗത്തില്‍ നമുക്ക് സൗകര്യങ്ങള്‍ വര്‍ധിച്ചപ്പോള്‍ നടത്തം പോലെയുള്ള കാര്യങ്ങള്‍ പലരും ഒഴിവാക്കിയിരിക്കുന്നു. നമ്മുടെ നാട്ടിലുള്ളതിനേക്കാള്‍ മികച്ച രീതിയില്‍ വാഹന സൗകര്യങ്ങളുണ്ടെങ്കിലും, ലക്ഷക്കണക്കിന് ആളുകള്‍ ഒത്ത് കൂടുന്ന പുണ്യഭൂമികളില്‍ കൂടുതല്‍ നടക്കേണ്ടതായി വരും.
ആയതിനാല്‍ അല്‍പ്പാല്‍പ്പം നടന്ന് ശീലിക്കണം. പലരും വിദേശ യാത്ര നടത്തുന്നത് ആദ്യമായിരിക്കും. നമ്മുടെ രാജ്യത്തെ
നിയമങ്ങളില്‍
നിന്നും രീതികളില്‍ നിന്നും
വിഭിന്നമായ നിയമങ്ങളും രീതികളുമാണ് സഊദി അറേബ്യയിലുള്ളത്. അവിടത്തെ നിയമങ്ങളും രീതികളും അനുസരിച്ച് അവിടെ ജീവിക്കണമെന്ന കാര്യം
മനസ്സിലോര്‍ക്കുക.

അടുത്ത മാസാവസാനത്തോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹാജിമാരുടെ യാത്ര ആരംഭിക്കുകയാണ്. യാത്ര എളുപ്പമുള്ളതാക്കാനും സ്വീകാര്യമായ ഹജ്ജും ഉംറയും നിര്‍വഹിക്കുന്നതിനും സഹായകരമാകുന്ന ചില നിര്‍ദേശങ്ങളാണ് ഇവിടെ കുറിക്കുന്നത്.

ഹജ്ജിന് അനുമതി ലഭിക്കുന്നതോടെ യാത്ര എളുപ്പമാകാനും കര്‍മങ്ങള്‍ സ്വീകാര്യ യോഗ്യമാകാനും പ്രാര്‍ഥിച്ചു തുടങ്ങണം. നമ്മുടെ ആത്മാര്‍ഥമായ പ്രാര്‍ഥനയാണ് ഇതില്‍ ഏറ്റം പ്രധാനം. ഒപ്പം സ്രഷ്ടാവിലേക്ക് ഖേദിച്ചുമടങ്ങുകയും വേണം.
ക്ഷമ ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുന്ന ഘട്ടമാണ് ഹജ്ജ് യാത്ര. നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും മറ്റും മാറ്റിവെച്ച് ക്ഷമയോടെ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്. യാത്രയിലുടനീളം ഇത് കാത്ത് സൂക്ഷിക്കേണ്ടതാണ്. ആധുനിക യുഗത്തില്‍ സൗകര്യങ്ങള്‍ വര്‍ധിച്ചപ്പോള്‍ നടത്തം പോലെയുള്ള കാര്യങ്ങള്‍ പലരും ഒഴിവാക്കിയിരിക്കുന്നു. നമ്മുടെ നാട്ടിലുള്ളതിനേക്കാള്‍ മികച്ച രീതിയില്‍ വാഹന സൗകര്യങ്ങളുണ്ടെങ്കിലും, ലക്ഷക്കണക്കിന് ആളുകള്‍ ഒത്തുകൂടുന്ന പുണ്യഭൂമികളില്‍ കൂടുതല്‍ നടക്കേണ്ടതായി വരും. ആയതിനാല്‍ അല്‍പ്പാല്‍പ്പം നടന്ന് ശീലിക്കുക. ഹാജിമാരില്‍ പലരും വിദേശ യാത്ര നടത്തുന്നത് ആദ്യമായിരിക്കും. നമ്മുടെ രാജ്യത്തെ നിയമങ്ങളില്‍ നിന്നും രീതികളില്‍ നിന്നും വിഭിന്നമായ നിയമങ്ങളും രീതികളുമാണ് സഊദി അറേബ്യയിലുള്ളത്. അവിടുത്തെ നിയമങ്ങളും രീതികളും അനുസരിച്ച് അവിടെ ജീവിക്കണമെന്ന കാര്യം മനസ്സിലോര്‍ക്കുക.
മെനിഞ്ചൈറ്റിസ്, പോളിയോ വാക്‌സിനേഷനുകള്‍, അറിയിപ്പ് ലഭിക്കുന്നതിനനുസരിച്ച് നിശ്ചിത കേന്ദ്രങ്ങളില്‍ വെച്ച് അവ ചെയ്യുകയും ആയതിന്റെയും ഹജ്ജ് പരിശീലന ക്ലാസുകളില്‍ പങ്കെടുത്തതിന്റെയും സര്‍ട്ടിഫിക്കറ്റ് ഹെല്‍ത്ത് & ട്രൈനിംഗ് കാര്‍ഡ് (എച്ച് എ ടി)കാര്‍ഡ് കൈവശം വെക്കണം. ഓരോ കവറിലുള്ളവരുടെയും യാത്രാ തീയതിയും സമയവും പത്രങ്ങളിലൂടെയും മറ്റും അറിയിക്കുന്നതാണ്. അതനുസരിച്ച് വീട്ടില്‍ നിന്ന് പുറപ്പെടേണ്ട സമയം ക്രമീകരിക്കണം. ഹജ്ജ് ക്യാമ്പില്‍ എത്തിച്ചേരാന്‍ നിര്‍ദേശിക്കുന്ന സമയത്തിനകം തന്നെ എത്തേണ്ടതാണ്. യാത്രക്കാവശ്യമായ ലഗേജുകളും മറ്റും ഹാജിമാരുടെ സാന്നിധ്യത്തില്‍ തയ്യാറാക്കുക. ഒരു കവറിലുള്ള മുഴുവന്‍ ആളുകളുടെ ബേഗുകളും ഒരേപോലെയുള്ളതാക്കാന്‍ ശ്രദ്ധിക്കുക. ഓരോരുത്തരുടെയും കവര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിലാസം അവനവന്റെ ബാഗുകളില്‍ പെയിന്റ് ഉപയോഗിച്ച് എഴുതുക അല്ലെങ്കില്‍ ഡി ടി പി എടുത്ത് ലാമിനേറ്റ് ചെയ്ത് തുന്നിപ്പിടിപ്പിക്കുകയും ഫോട്ടോ പതിക്കുകയും ചെയ്യേണ്ടതാണ്. എന്തെങ്കിലും കാരണത്താല്‍ ലഗേജ് കാണാതായാല്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നതിന് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ സഹായകമാവും
മൂന്നോ, നാലോ ജോഡി ഡ്രസുകള്‍, ചെരുപ്പ്, വിരിപ്പ്, മഫഌ, മങ്കി കേപ്പ്, സ്വറ്റര്‍, ഒന്നോ, രണ്ടോ ജോഡി ചെരുപ്പ്, കണ്ണട ഉപയോഗിക്കുന്നവര്‍ ഒരെണ്ണം അധികം, ഇഹ്‌റാം തുണി, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും കുറിയരി, അവില്‍, അവലോസ് പൊടി, അണ്ടിപ്പരിപ്പ് പോലെയുള്ള ഡ്രൈഫ്രൂട്‌സ്, ചുക്ക്-കുരുമുളക് പൊടി എന്നിവയും ലഗേജില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ നിരോധിക്കപ്പെട്ട യാതൊരു സാധനങ്ങളും ( എണ്ണ, സ്റ്റൗ മുതലായവ) കൊണ്ടുപോകരുത്. കത്തി, കത്രിക, സൂചി, സേഫ്റ്റിപിന്‍, ബ്ലേഡ്, നെയില്‍ കട്ടര്‍, കോണ്‍ക്രീറ്റ് ആണി, പ്ലാസ്റ്റിക് കയര്‍ എന്നിവ ലഗേജില്‍ മാത്രമേ കൊണ്ടുപോകാവൂ. തോള്‍സഞ്ചിയില്‍ ഇടരുത്. ഹാറ്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ 3-4 എണ്ണം എന്നിവ ഹാന്‍ഡ് ബേഗില്‍ സൂക്ഷിക്കണം.
സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍, ഡോക്ടറുടെ ചീട്ട് സഹിതം 20 ദിവസത്തേക്കുള്ള മരുന്ന് ഒരു പാക്കറ്റിലാക്കി അത്തരം 3 പേക്കറ്റുകള്‍ രണ്ടെണ്ണം ലഗേജിലും ഒരെണ്ണം ഹാന്‍ഡ് ബാഗിലും കരുതേണ്ടതാണ്. മൊത്തം 60 ദിവസത്തെ മരുന്ന് എടുക്കണം. വിദേശത്തുള്ളവര്‍ക്ക് നല്‍കുന്നതിനായി സമ്മാന പൊതികള്‍ ആരില്‍ നിന്നും യാത്രയുടെ യാതൊരു ഘട്ടത്തിലും സ്വീകരിക്കരുത്. അതുവഴി നിങ്ങള്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ട്.
യാത്ര തുടങ്ങുന്നു:
1. അറിയിപ്പ് അനുസരിച്ച് നിശ്ചിത സമയത്തിനകം കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ എത്തി കവറിലുള്ള മുഴുവന്‍ ആളുകളുടെയും ലഗേജുകള്‍ ഒന്നിച്ച് കൗണ്ടറില്‍ ഏല്‍പ്പിച്ച് ടോക്കണ്‍ വാങ്ങേണ്ടതും തുടര്‍ന്ന് ആ ടോക്കണ്‍ രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ കൊടുത്ത് രജിസ്റ്റര്‍ ചെയ്യണം. ക്യാമ്പിലുള്ള ഹജ്ജ് സെല്ലില്‍ നിന്ന് അറിയിപ്പ് ലഭിക്കുമ്പോള്‍ കവര്‍ ലീഡര്‍ മാത്രം സെല്ലില്‍ പോയി യാത്രാ രേഖകള്‍ ഏറ്റുവാങ്ങണം. ഓരോ ഹാജിയുടെയും പാസ്‌പോര്‍ട്ട്, ബോര്‍ഡിംഗ് പാസ്, സ്റ്റീല്‍ വള, ഐഡന്റിറ്റി കാര്‍ഡ്, മടക്കയാത്രാ ടിക്കറ്റ്, സിം കാര്‍ഡ് എന്നിവ അവിടെ നിന്ന് ലഭിക്കും. തൊട്ടടുത്തുള്ള ബേങ്ക് കൗണ്ടറില്‍ നിന്ന് സഊദിയിലെ ദൈനംദിന ചെലവിനുള്ള 2000(ഏകദേശം) റിയാലും ലഭിക്കും. യാതൊരു കാരണവശാലും പണം മൊത്തമായി ഒരാള്‍ കൈവശം വെക്കരുത്. ഓരോ ഹാജിയും സ്റ്റീല്‍ വള ക്യാമ്പില്‍ വെച്ച് തന്നെ കൈയില്‍ ധരിക്കേണ്ടതും യാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്തിയതിന് ശേഷം മാത്രം ഊരി വെക്കേണ്ടതുമാണ്. ഏതെങ്കിലും കാരണത്താല്‍ കൂട്ടം തെറ്റുകയോ വഴി തെറ്റുകയോ ചെയ്താല്‍ യഥാസ്ഥാനത്ത് എത്തിച്ചേരാന്‍ സ്റ്റീല്‍ വള നിര്‍ബന്ധമാണ്.
വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് ഹാജിമാരെ വിമാനത്താവളത്തിലേക്ക് പ്രത്യേക വാഹനത്തില്‍ കൊണ്ടുപോകും. യാത്ര ജിദ്ദയിലേക്കാണെങ്കില്‍ ഇഹ്‌റാം വേഷത്തിലാണ് പോകേണ്ടത്. ആയതിനാല്‍ ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിന് മുമ്പ് ചെയ്യേണ്ട മുടി, നഖം, എന്നിവ നീക്കം ചെയ്യല്‍, കുളി, സുഗന്ധം പൂശല്‍ തുടങ്ങിയവ ക്യാമ്പില്‍ വെച്ച് ചെയ്യേണ്ടതാണ്.

വിമാനത്തില്‍
ഓരോരുത്തര്‍ക്കും അനുവദിച്ച സീറ്റുകളില്‍ തിരക്ക് കൂട്ടാതെ ഇരിക്കുക. യാത്രാ വേളയില്‍ ഉപയോഗിക്കാനുള്ള സാധനങ്ങള്‍ ഹാന്‍ഡ് ബാഗില്‍ നിന്നെടുത്ത് ഹാന്‍ഡ് ബേഗേജ് സീറ്റിന് മുകളിലുള്ള അറയില്‍ വെക്കാവുന്നതാണ്. വിമാനത്തിനുള്ളില്‍ തണുപ്പ് കൂടുതലാണെന്ന് തോന്നുന്നവര്‍ക്ക് ആവശ്യമെങ്കില്‍ കമ്പിളി ചോദിച്ചു വാങ്ങാം.
വിമാനത്തിലെ ടോയ്‌ലറ്റില്‍ വെള്ളം വളരെ കുറവായിരിക്കും. വെള്ളത്തിന് പകരം കൂടുതലും കടലാസ് ആണ് ഉപയോഗിക്കുന്നത്. ടോയ്‌ലറ്റില്‍ വെച്ച് വുളു ചെയ്യാനും മറ്റും പാടില്ല. ടോയ്‌ലറ്റിലെ തറയുടെ അടിഭാഗത്ത് ധാരാളം ഇലക്ട്രിക് വയറുകളും മറ്റും ഉള്ളത് കൊണ്ട് തറയില്‍ വെള്ളം വീണാല്‍ വൈദ്യുതി തകരാര്‍ സംഭവിച്ച് വിമാനത്തിന്റെ പ്രവര്‍ത്തനം അപകടത്തിലാകാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളം തറയില്‍ വീഴാതെ സൂക്ഷിക്കേണ്ടതാണ്. ടോയ്‌ലറ്റിലുള്ള സുഗന്ധം പൂശിയ ടിഷ്യൂ പേപ്പര്‍ ഇഹ്‌റാമിലുള്ളവര്‍ ഉപയോഗിക്കരുത്. വിമാനയാത്ര നാല് മണിക്കുറിലേറെയുണ്ടാകും. ജിദ്ദയില്‍ ഇറങ്ങുന്നതിന്റെ ഏകദേശം 20 മിനിട്ട് മുമ്പ് ഖര്‍ബല്‍ മനാസില്‍ എന്ന മീഖാത്തിലൂടെ വിമാനം കടന്ന് പോകും. മീഖാത്തില്‍ വെച്ച് ഇഹ്‌റാമില്‍ പ്രവേശിക്കുന്നതാണ് നബിചര്യ, തുടര്‍ന്ന് വിശുദ്ധ കഅ്ബാലയം കാണുന്നതുവരെ പുരുഷന്മാര്‍ ഉച്ചത്തിലും സ്ത്രീകള്‍ ശബ്ദം താഴ്ത്തിയും തല്‍ബിയ്യത്ത് ചൊല്ലിക്കൊണ്ടിരിക്കണം. ഇഹ്‌റാമില്‍ നിഷിദ്ധമായത് ചെയ്യാതെ സൂക്ഷിക്കുക.

സഊദി എയര്‍പോര്‍ട്ടില്‍
വിമാനത്തില്‍ നിന്നിറങ്ങിയാര്‍ വിശാലമായ വെയിറ്റിംഗ് ഹാളിലാണ് നിങ്ങള്‍ എത്തിച്ചേരുക. തുടര്‍ന്ന് തൊട്ടടുത്തുള്ള ഇമിഗ്രേഷന്‍ ഹാളിലേക്ക് പോകണം. അവനവന്റെ പാസ്‌പോര്‍ട്ട് കൈവശം വെക്കുക. പാസ്‌പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ സീല്‍ പതിച്ചതിനുശേഷം തൊട്ടടുത്തുള്ള കസ്റ്റംസ് ഹാളില്‍ പ്രവേശിക്കണം. കസ്റ്റംസ് ഹാളില്‍ ലഗേജുകള്‍ കൂട്ടിയിട്ടിരിക്കുന്നത് കാണാം. അതില്‍ നിന്ന് നിങ്ങളുടെ ലഗേജുകള്‍ തിരെഞ്ഞെടുത്ത് ഹാളില്‍ തന്നെയുള്ള പരിശോധന കൗണ്ടറില്‍ എത്തിച്ച് പരിശോധനക്ക് നല്‍ക്കുക. പരിശോധനക്കു ശേഷം മുത്വവ്വിഫിന്റെ ആളുകള്‍ ലഗേജുകള്‍ വലിയ ട്രോളിയില്‍ കയറ്റി വിമാനത്താവളത്തിലുള്ള ഇന്ത്യയുടെ ഹോള്‍ഡിംഗ് ഏരിയയിലേക്ക് കൊണ്ടുപോകും. കൂടെ നിങ്ങളും നടന്നുനീങ്ങണം.
ഇന്ത്യയുടെ ഹോള്‍ഡിംഗ് ഏരിയക്കു ചുറ്റും ദേശീയ പതാക വെച്ചിട്ടുണ്ടാവും. അവിടെ ടോയ്‌ലറ്റില്‍ പോകാനും നിസ്‌കരിക്കാനുമുള്ള സൗകര്യമുണ്ട്. കൂടാതെ നിങ്ങളുടെ സഹായത്തിന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും ആശുപത്രി സൗകര്യവും ഉണ്ടാകും. ഹോള്‍ഡിംഗ് ഏരിയയില്‍ നിന്ന് ബസ്മാര്‍ഗ്ഗം മക്കയിലേക്ക് കൊണ്ടു പോകും. ഒരേ കവറിലുള്ളവര്‍ മുഴുവന്‍ ഒരു ബസില്‍ തന്നെ കയറണം. നാം കയറുന്ന ബസില്‍ തന്നെയാണ് ലഗേജുകള്‍ കയറ്റുന്നതെന്ന് ശ്രദ്ധിക്കണം. അതിന് നമ്മുടെ ലഗേജുകള്‍ മുഴുവന്‍ നാം കയറുന്ന ബസിനടുത്ത് തന്നെ വെക്കുക. ബസില്‍ വെച്ച് മുത്വവ്വിഫിന്റെ പ്രതിനിധിയോ ബസ് ഡ്രൈവറോ ആവശ്യപ്പെടുമ്പോള്‍ നിങ്ങളുടെ പാസ്‌പോര്‍ട്ട് മാത്രം അദ്ദേഹത്തെ ഏല്‍പ്പിക്കുക.

പരിശുദ്ധ മക്കയിലേക്ക്
1. ജിദ്ദയില്‍ നിന്ന് ഏകദേശം 80.കി.മീ ദൂരത്താണ് മക്ക. മക്കയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ചെക്ക് പോസ്റ്റില്‍ അഥവാ പില്‍ഗ്രിം റിസപ്ഷന്‍ സെന്ററില്‍ നിങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ പരിശോധന നടക്കും. ബസില്‍ വെച്ച് മുത്വവ്വിഫിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള മേല്‍വിലാസം എഴുതിയ മഞ്ഞ നിറത്തിലുള്ള ഒരു വള ഓരോരുത്തര്‍ക്കും ലഭിക്കും. അത് കയ്യില്‍ അണിയുക. കൂടാതെ നിങ്ങളുടെ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍ മുതലായവ രേഖപ്പെടുത്തിയ ഫോട്ടോ അടക്കമുള്ള മഞ്ഞ നിറത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡും പിന്നീട് മുതവ്വിഫില്‍ നിന്ന് ലഭിക്കും.
താമസ സ്ഥലത്ത് നമുക്ക് അനുവദിച്ച മുറിയില്‍ ലഗേജുമായി പ്രവേശിക്കുക. നമ്മുടേതല്ലാത്ത ലഗേജുകള്‍ ഒരിക്കലും നമ്മുടെ മുറികളില്‍ വെക്കരുത്. ഹറമിന്റെ ഔട്ടര്‍ പരിധിയില്‍ നിന്ന് ഏകദേശം രണ്ട് കി.മീ ചുറ്റളവിലുള്ള കെട്ടിടങ്ങളാണ് ഗ്രീന്‍ കാറ്റഗറി. മക്കയില്‍ നിന്ന് 7-8 കി.മീ ദൂരത്താണ് അസീസിയ കാറ്റഗറി കെട്ടിടങ്ങള്‍ അസീസിയയിലേക്കും തിരിച്ചും സൗജന്യ ബസ് സര്‍വീസ് ഉണ്ടായിരിക്കും. ഓരോരുത്തര്‍ക്കും കട്ടില്‍, മെത്ത, തലയണ, വിരിപ്പ്, കമ്പിളി എന്നിവ ലഭിക്കും. കൂടാതെ കോമണ്‍ ബാത്ത്‌റൂം അടുക്കള ഫ്രിഡ്ജ്, ഗ്യാസ് സ്റ്റൗ എന്നീ സൗകര്യങ്ങളും ഉണ്ടായിരിക്കും. യാത്രാ ക്ഷീണം തീര്‍ക്കാന്‍ മുറിയില്‍ വിശ്രമിക്കുക.
മുത്വവ്വിഫിന്റെ പ്രതിനിധിയുടെയോ വളണ്ടിയറുടെ നേതൃത്വത്തിലോ അല്ലെങ്കില്‍ അടുത്തടുത്തുള്ള മുറികളിലെ ഹാജിമാര്‍ ഒരുമിച്ചോ ആയിരിക്കും ഉംറ നിര്‍വ്വഹിക്കുന്നതിനായി മസ്ജിദുല്‍ ഹറമിലേക്ക് പുറപ്പെടുക. ഹറമിലേക്കുള്ള റൂട്ട് മനസ്സിലാക്കുക. ഇത് മടക്കത്തില്‍ വഴി തെറ്റാതിരിക്കാന്‍ സഹായകമാകും. അസീസിയ കാറ്റഗറിക്കാര്‍ ബസ് സ്റ്റേഷനും ബസിന്റെ നമ്പറും (10,11,12) മനസ്സിലാക്കുക. കഅബാലയം കാണുന്നതുവരെ തല്‍ബിയ്യത്ത് ചൊല്ലിക്കൊണ്ടിരിക്കുക.
പത്ത് ലക്ഷത്തിലധികം ആളുകള്‍ക്ക് ഒരേ സമയം നിസ്‌കാരത്തിന് സൗകര്യമുള്ള അതിവിശാലമായ പള്ളിയാണ് മസ്ജിദുല്‍ ഹറാം. ലോകത്തെ മറ്റേത് പള്ളികളില്‍ നിസ്‌കരിക്കുന്നതിനേക്കാള്‍ പുണ്യം ഇതില്‍ വെച്ചുള്ള നിസ്‌കാരത്തിന്. ഒരു ലക്ഷം മടങ്ങ് പ്രതിഫലമാണ് ഇവിടെ വെച്ചുള്ള പ്രാര്‍ഥനക്ക് ലഭിക്കുന്നത്. ഹറമിന്റെ ഏത് ഭാഗത്ത് കൂടിയും നമുക്ക് ഉള്ളിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. വാതില്‍, ഗോവണി, എസ്‌കലേറ്റര്‍ എന്നിവയടക്കം 110-ല്‍ പരം വാതിലുകള്‍ ഹറമിനുണ്ട്. ഓരോന്നിനും നമ്പറും പേരും പുറത്തും അകത്തും വ്യക്തമായി എഴുതിയിട്ടുമുണ്ട്. ഓരോ വര്‍ഷവും തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് കണക്കിലെടുത്ത് വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് മസ്ജിദുല്‍ ഹറമില്‍ സഊദി ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ മത്വാഫിന്റെ (കഅ്ബക്ക് ചുറ്റും ത്വവാഫ് ചെയ്യുന്ന സ്ഥലം) വികസനം നടന്നുകൊണ്ടിരിക്കുന്നു.
ത്വവാഫിനിടയിലോ മറ്റോ കൂട്ടം തെറ്റിയാല്‍ എത്തിച്ചേരുന്ന സ്ഥലം മുന്‍കൂട്ടി നിശ്ചയിക്കുക. ചെരിപ്പ് പ്ലാസ്റ്റിക് കവറിലാക്കി കൈയില്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്.
മസ്ജിദുല്‍ ഹറമിലേക്ക് പ്രാര്‍ഥന ചൊല്ലിക്കൊണ്ട് പ്രവേശിക്കുക. കഅ്ബ ലക്ഷ്യമാക്കി നേരെ മുന്നോട്ടുനീങ്ങുക. മത്വാഫിലേക്ക് പ്രവേശിക്കുന്നതിന് അഞ്ച് കമാനങ്ങളുണ്ട്.
സഫ-പച്ച, അസീസ- വെള്ള, ഫഹമ്-മഞ്ഞ, ഉംറ-ചാരനിറം, ഫത്ഹ്-നീല എന്നിവയാണത്.
ആദ്യമായി കഅബ കാണുമ്പോള്‍ ചൊല്ലേണ്ട പ്രാര്‍ഥന ചൊല്ലുക. കഅബയെ ഇടതുവശമാക്കി ഏഴ് പ്രാവശ്യം ചുറ്റുന്ന ത്വവാഫാണ് ഉംറയില്‍ ആദ്യത്തെ കര്‍മം . ത്വവാഫ് തുടങ്ങേണ്ടത് ഹജറുല്‍ അസ്‌വദ് സ്ഥിതി ചെയ്യുന്ന മൂലയില്‍ നിന്നാണ്. ഹാജിമാരുടെ ബാഹുല്യം കാരണം ഹജറുല്‍ അസ്‌വദ് എവിടെയാണെന്ന് അറിയുന്നതിന് ബുദ്ധിമുട്ടുണ്ടാകും. മത്വാഫിന്റെ ചുറ്റുമൊന്ന് നോക്കിയാല്‍ ഹറമിന്റെ ചുമരില്‍ പച്ച വിളക്ക് കാണുന്ന ഭാഗം ശ്രദ്ധിക്കുക. അതിന് നേരെയുള്ള കഅബയുടെ മൂലയിലാണ് ഹജറുല്‍ അസ്‌വദ്. ഹജറുല്‍ അസ്‌വദ് മുത്തിയോ, കൈ കൊണ്ട് തൊട്ട് മുത്തിയോ അല്ലെങ്കില്‍ അതിന് നേരെ ആംഗ്യം കാണിച്ചോ ആണ് ത്വവാഫ് തുടങ്ങേണ്ടത്. പുരുഷന്മാര്‍ മേല്‍മുണ്ട് വലത് കക്ഷത്തിന്നടിയിലൂടെ ഇട്ട് കക്ഷം വെളിവാക്കണം. ആദ്യത്തെ മൂന്ന് ചുറ്റില്‍ പുരുഷന്‍ അല്‍പ്പം ധൃതിയില്‍ (റംല്) നടക്കണം. ഏഴുവട്ടം ത്വവാഫ് ചെയ്തു കഴിഞ്ഞാല്‍ മഖാമു ഇബ്‌റാഹീമിന്റെ പിന്നില്‍ നിന്ന് രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കരിക്കുക. ആദ്യത്തെ റക്അത്തില്‍ ഫാതിഹക്കുശേഷം സൂറത്തുല്‍ കാഫിറൂന്‍ രണ്ടാമത്തെ റക്അത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസ് എന്നിവയാണ് ഓതേണ്ടത്.
സംസം കുടിക്കാം. സംസമിന് ഏറെ പാധാന്യമുണ്ട്. ഹറമിനുള്ളില്‍ വിവിധ ഭാഗങ്ങളിലായി കാനുകളില്‍ സംസം ഉണ്ടാകും. ഒട്ടുമിക്കതും തണുപ്പിച്ചതായിരിക്കും. കൂട്ടത്തില്‍ നീല അല്ലെങ്കില്‍ പച്ച നിറത്തില്‍ ‘നോട്ട് കോള്‍ഡ്’ എന്നെഴുതിയ തണുപ്പിക്കാത്തതുമുണ്ടാകും. അത് കുടിക്കുന്നതാണ് ആരോഗ്യത്തിനുത്തമം.
പിന്നീട് സഅ്‌യ് ചെയ്യുന്നതിന് സഫയിലേക്ക് നീങ്ങുക. ഹജറുല്‍ അസ്‌വദിന്റെ സ്ഥാനം സൂചിപ്പിക്കുന്ന പച്ച വിളക്ക് കാണുന്ന ഭാഗത്ത് കൂടെ ഹറമിനുള്ളിലൂടെ അല്‍പ്പം നടന്നാല്‍ സഫ കാണാം. സഫയിലും മര്‍വയിലും കയറുമ്പോള്‍ സൂറ: അല്‍ബഖ്‌റയിലെ 158-ാം നമ്പര്‍ ആയത്ത് ഓതുക. കഅബയുടെ നേരെ തിരിഞ്ഞ് നിന്ന് പ്രാര്‍ഥിക്കുക. തുടര്‍ന്ന് മര്‍വയിലേക്ക് നടക്കുക. സഫക്കും മര്‍വക്കുമിടയില്‍ പച്ച വിളക്കുകള്‍ സ്ഥാപിച്ച സ്ഥലത്ത് പുരുഷന്മാര്‍ മാത്രം ഓടുക. മര്‍വയിലെത്തിയാല്‍ ഒരു സഅ്‌യ് ആയി. കഅബയുടെ നേരെ തിരിഞ്ഞ് പ്രാര്‍ഥിക്കുക. ഇങ്ങനെ ഏഴ് തവണ നടക്കുക. മര്‍വയില്‍ സഅ്‌യ് അവസാനിക്കുന്നു. ഇനി മുടി നീക്കം ചെയ്യുന്ന കര്‍മ്മമാണ് ഉള്ളത്. പരുഷന്മാര്‍ മുടി മുഴുവന്‍ നീക്കം ചെയ്യുന്നതാണുത്തമം. വെട്ടുകയുമാകാം. മര്‍വയില്‍ നിന്ന് പുറത്ത് കടന്നാല്‍ ധാരാളം ബാര്‍ബര്‍ ഷോപ്പുകള്‍ഉണ്ട്. സ്ത്രീകള്‍ റൂമിലെത്തിയതിന് ശേഷം മുടിയുടെ അഗ്ര ഭാഗം അല്‍പ്പം മുറിച്ച് നീക്കിയാല്‍ മതി. ഇതോടെ ഇഹ്‌റാമില്‍ നിന്ന് വിരമിച്ചു.
ഹജ്ജിന് മുമ്പ് മിന, അറഫ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. ആയതിന് 10-15 റിയാല്‍ നല്‍കിയാല്‍ ടാക്‌സി കാറുകളിലോ ടൂറിസ്റ്റ് ബസുകളിലോ പോകാന്‍ സൗകര്യമുണ്ടായിരിക്കും. ഗ്രൂപ്പ് ആയി മാത്രമേ പോകാവൂ. ഒറ്റക്ക് പോയാല്‍ നിങ്ങള്‍ ചതിക്കപ്പെടാന്‍ സാധ്യതയുണ്ട്. സ്വകാര്യ വാഹനങ്ങളിലും ടാക്‌സികളും യാത്ര ചെയ്യുമ്പോള്‍ പുരുഷന്മാര്‍ ആദ്യം കയറുകയും ഇറങ്ങുമ്പോള്‍ സ്ത്രീകളെ ആദ്യം ഇറക്കുകയും ചെയ്യുക.
മക്കയില്‍ 12 ബ്രാഞ്ച് ആശുപത്രികളും 50 കിടക്കകളുള്ള ഒരു മെയിന്‍ ആശുപത്രിയും മദീനയില്‍ 5 ബ്രാഞ്ച് ആശുപത്രികളും ഒരു മെയിന്‍ ആശുപത്രിയും ഇന്ത്യന്‍ ഹജ്ജ് മിഷന്റെ കീഴില്‍ പ്രവര്‍്ത്തിക്കുന്നുണ്ട്. കൂടാതെ മിന, അറഫ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ക്യാമ്പുകളോടനുബന്ധിച്ച് ചികിത്സാ സൗകര്യങ്ങളുണ്ട്. ഇതിനൊക്കെ പുറമെ ഈ പ്രദേശങ്ങളിലൊക്കെത്തന്നെ സഊദി സര്‍ക്കാര്‍ വക ഹൈ-ടെക് ആശുപത്രികളുമുണ്ട്. ഹാജിമാര്‍ക്ക് ഇവിടെയെല്ലാം സൗജന്യ ചികിത്സയാണ് ലഭിക്കുക. ഇന്ത്യന്‍ ആശുപത്രികളില്‍ മലയാളി ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സേവനമുണ്ടാകും. (തുടരും)