യാത്രാദുരിതം ദുസ്സഹം

Posted on: August 17, 2013 6:00 am | Last updated: August 16, 2013 at 11:29 pm
SHARE

SIRAJ.......അത്യപൂര്‍വമായ കാലവര്‍ഷവും നാശനഷ്ടങ്ങളുമായിരുന്നു മൂന്ന് മാസത്തോളമായി കേരളീയന്റെ മുഖ്യപ്രശ്‌നമെങ്കില്‍ ഇന്നിപ്പോള്‍ കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകളാണ്. ഈ വര്‍ഷത്തെ കനത്ത മഴയില്‍ ദേശീയ പാതകളടക്കം സംസ്ഥാനത്തെ മിക്ക റോഡുകളും തകര്‍ന്നിട്ടുണ്ട്. അടുത്ത കാലത്ത് നിര്‍മിച്ചതോ റീടാറിംഗ് ചെയ്തതോ ആയ റോഡുകളുടെ സ്ഥിതി പോലും ഭിന്നമല്ല. പൊട്ടിപ്പൊളിഞ്ഞതിന് പുറമെ ഗര്‍ത്തങ്ങളും പ്രത്യക്ഷപ്പെട്ടതിനാല്‍ ഇപ്പോള്‍ റോഡ് യാത്ര കടുത്ത ദുഷ്‌കരമാണെന്ന് മാത്രമല്ല അപകടകരവുമാണ്. റോഡുകളിലെ ഗര്‍ത്തങ്ങളില്‍ വീണ് അപകടം സംഭവിച്ച വാഹന യാത്രക്കാരുടെ എണ്ണം നൂറ് കണക്കിന് വരും. റോഡ് തകര്‍ച്ച വാഹന ഉടമകള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടവും വരുത്തുന്നു. ഒരു വാഹനം യാത്രക്കെടുക്കുന്ന ഓരോ അധിക മിനിട്ടിനും 85 മില്ലി ലിറ്റര്‍ ഇന്ധനത്തിന്റെ അധികച്ചെലവ് വരുന്നണ്ടെന്നും ഇതടിസ്ഥാനത്തില്‍ റോഡ് തകര്‍ച്ച കേരളത്തിലെ മൊത്തം വാഹനങ്ങള്‍ക്ക് ദിനംപ്രതി ഒരു കോടി രൂപ അധികച്ചെലവ് വരുത്തുന്നതായും വാര്‍ത്ത വന്നിരുന്നു. വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് വേറെയും കോടികള്‍ മുടക്കേണ്ടി വരുന്നു.
തകര്‍ന്ന മുഴുവന്‍ പി ഡബ്ല്യു ഡി റോഡുകളും ഉടനടി ഏറ്റെടുത്തു നന്നാക്കാന്‍ വകുപ്പിന് അനുമതി നല്‍കിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. സര്‍ക്കാര്‍ ഉത്തരവ് നല്‍കിയാലും, റോഡ് തകര്‍ച്ചയുടെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി എസ്റ്റിമേറ്റ് തുക കണക്കാക്കല്‍, ധനനവകുപ്പിന്റെ അംഗീകാരം, കരാര്‍ നല്‍കല്‍ തുടങ്ങി ഭരണപരമായ നടപടികള്‍ പൂര്‍ത്തിയാക്കി അറ്റകുറ്റപ്പണികള്‍ ആരംഭിക്കാന്‍ ഇനിയും മാസങ്ങള്‍ തന്നെ വേണ്ടി വരുമെന്നതാണ് കഴിഞ്ഞ കാല അനുഭവങ്ങളുടെ പാഠം. മിക്കപ്പോഴും അടുത്ത കാലവര്‍ഷത്തോടടുക്കുമ്പോഴാണ് പണികള്‍ ആരംഭിക്കാറ്. കാലവര്‍ഷത്തില്‍ അത് വീണ്ടും തകരും. ഇതുമൂലം അപൂര്‍വമായേ നല്ല റോഡുകളിലൂടെ സഞ്ചരിക്കാന്‍ കേരളീയന് അവസരം ലഭിക്കാറുള്ളൂ.
കേരളത്തെ പോലെ ശക്തമായ മഴ പെയ്യുന്ന ശ്രീലങ്കയിലെയും സിംഗപ്പുര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെയും റോഡുകള്‍ക്ക് കേരളത്തിലെത് പോലെ വര്‍ഷാവര്‍ഷം നന്നാക്കേണ്ട ഗതി വരാറില്ല. റോഡുകളുടെ നിലവാരമില്ലായ്മയാണ് പെട്ടെന്നുള്ള തകര്‍ച്ചക്ക് കാരണമെന്നാണ് കേരളത്തിലെ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിനും അടിക്കടി അറ്റകുറ്റപ്പണി വേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാ നുമുള്ള നിര്‍ദേശങ്ങള്‍ നല്‍കാനായി ഇ ശ്രീധരന്‍ അധ്യക്ഷനായി രൂപവത്കരിച്ച ആസൂത്രണ ബോര്‍ഡ് ഉപസമിതി അഭിപ്രായപ്പെട്ടത്. സംസ്ഥാനത്തെ റോഡ്‌നിര്‍മാണ നയത്തില്‍ മാറ്റംവരുത്തി കോണ്‍ക്രീറ്റ് നിര്‍മാണ രീതിയിലേക്ക് മാറുക, എന്‍ജിനീയര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം, ദേശീയപാതകളുടെ പരിപാലനത്തിന് പൊതുമാരാമത്ത് വകുപ്പില്‍ നിന്ന് വേറിട്ട ദേശീയപാതാ വകുപ്പ്, സംസ്ഥാനത്തെ വിവിധ റോഡ് നിര്‍മാണ ഏജന്‍സികളെ സംയോജിപ്പിച്ച് മെട്രോ റെയില്‍ കോര്‍പറേഷന്‍ മാതൃകയില്‍ സ്വതന്ത്രാധികാരമുള്ള കേരള റോഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എന്ന ഒറ്റക്കമ്പനിയാക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങളാണ് സമിതി സമര്‍പ്പിച്ചത്. ഇവ ഉടനടി പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്.
സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ക്കിടയിലെ യോജിപ്പില്ലായ്മയും സഹകരണക്കുറവും റോഡുകളുടെ തകര്‍ച്ചക്ക് കാരണമാകാറുണ്ട്. റോഡ് നിര്‍മാണം പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ പൈപ്പിടാനായി വാട്ടര്‍ അതോറിറ്റി അത് കുത്തിപ്പൊളിക്കുന്നത് പതിവ് കാഴ്ചയാണ്. അനുവാദം കൂടാതെയാണ് പലപ്പോഴും ഇങ്ങനെ ചെയ്യുന്നതെന്നും വകുപ്പുകള്‍ തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ആഗ്രഹിക്കാത്തത് കൊണ്ടാണ് ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാത്തതെന്നും പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹീം കുഞ്ഞ് പറയുകയുണ്ടായി. പൊതുമുതലിനോട് സാധാരണക്കാര്‍ക്കുള്ള പ്രതിബദ്ധത പോലുമില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഏജന്‍സികള്‍ക്കും.
കരാറുകാരുടെ അനാസ്ഥയും ക്രമക്കേടുകളും മറ്റൊരു കാരണം. കരാറുകാരിലാരും നിര്‍ദേശിക്കപ്പെട്ട അളവില്‍ നിര്‍മാണ ഘടകങ്ങള്‍ ചേര്‍ക്കാറില്ലെന്നത് രഹസ്യമല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തകര്‍ന്ന റോഡുകളുടെ ഗുണനിലവാരത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും കരാറുകാരന്റെ വീഴ്ച കൊണ്ടാണെങ്കില്‍ പുനര്‍നിര്‍മാണത്തിനുള്ള ചെലവ് അയാളില്‍ നിനന്ന് ഈടാക്കാനും അതിനു തയ്യാറായില്ലെങ്കില്‍ അയാളെ കരിമ്പട്ടികയില്‍ പെടുത്താനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. മുമ്പും ഇത്തരം തീരുമാനങ്ങളും പ്രഖ്യാപനങ്ങളും വന്നിരുന്നെങ്കിലും ഒരൊറ്റ കരാറുകാരനും ശിക്ഷിക്കപ്പെട്ടതായി അറിവില്ല. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്ന കാലത്തോളം കരാറുകാരുടെ പേരില്‍ നിയമ നടപടി സ്വീകരിക്കാന്‍ പ്രയാസവുമാണ്. റോഡ് നിര്‍മാണം കുറ്റമറ്റതാണെന്ന് എന്‍ജിനീയര്‍ ഒപ്പ് വെച്ചാലേ കരാറുകാരന്റെ ബില്‍ പാസാകൂ. നിര്‍മാണത്തില്‍ അപാകങ്ങളുണ്ടെങ്കിലും, കരാറുകാരന്‍ കാണേണ്ടത് പോലെ കണ്ടാല്‍ ബില്‍ മടക്കാന്‍ തന്റേടം കാണിക്കുന്ന ഉത്തരവാദിത്വ ബോധമുള്ള ഉദ്യോഗസ്ഥര്‍ കൈവിരലിലെണ്ണാനെങ്കിലുമുണ്ടോ നമ്മുടെ നാട്ടില്‍? ഭരണ മേഖലയിലെ ഇത്തരം പുഴുക്കുത്തുകളും ജീര്‍ണതകളും പരിഹരിക്കുക കൂടി ചെയ്താലേ നാടിന്റെ വികസനത്തിന് മുടക്കുന്ന തുക ഫലവത്താകൂ.