Connect with us

Kerala

സോളാര്‍ അന്വേഷണ സംഘത്തിന് ഹൈക്കോടതി വിമര്‍ശം: അന്വേഷണ തലവന്‍ തിരശ്ശീലക്ക് പിന്നില്‍

Published

|

Last Updated

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസുകളുടെ അന്വേഷണ സംഘത്തലവന്റെ പ്രവര്‍ത്തനം തിരശ്ശീലക്ക് പിന്നിലെന്ന് kerala-high-courtഹൈക്കോടതി. അന്വേഷണ സംഘത്തലവനായ അഡീഷനല്‍ ഡി ജി പിയുടെ ദൗത്യം എന്താണെന്നും ജസ്റ്റിസ് എസ് എസ് സതീശ ചന്ദ്രന്‍ അഡ്വക്കറ്റ് ജനറലിനോട് ചോദിച്ചു. കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് എ ഡി ജി പിയാണെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം കുറ്റപത്രം സമര്‍പ്പിക്കുന്നില്ലെന്നും കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ എ ഡി ജി പിയെ സാക്ഷിയാക്കിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനെന്ന നിലയിലാണ് എ ഡി ജി പി പ്രവര്‍ത്തിക്കുന്നതെങ്കില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടത് ആ ഉദ്യോഗസ്ഥന്‍ തന്നെയാകണമെന്നും കോടതി നിരീക്ഷിച്ചു. ഇതിനോടകം കുറ്റപത്രം നല്‍കിയ സോളാര്‍ കേസുകളില്‍ അന്വേഷണ സംഘത്തലവനെ സാക്ഷിയാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും കോടതി അഡ്വക്കറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ടെനി ജോപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എ ഡി ജി പിയുടെ ദൗത്യത്തെ കുറിച്ച് കോടതി വിശദീകരണം തേടിയത്.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ അന്വേഷണം മൂന്നാഴ്ചക്കകം പൂര്‍ത്തിയാക്കുമെന്ന് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി കോടതിയെ അറിയിച്ചു. കേസുകളുടെ അന്വേഷണം ഏകോപിപ്പിക്കുകയാണ് എ ഡി ജി പിയുടെ ചുമതലയെന്നും ആവശ്യമെങ്കില്‍ കേസുകളുടെ വിചാരണാ വേളയില്‍ അന്വേഷണ സംഘത്തലവനെ സാക്ഷിയാക്കി വിസ്തരിക്കാന്‍ പ്രോസിക്യൂഷന് അപേക്ഷ നല്‍കാവുന്നതാണെന്നും എ ജി ബോധിപ്പിച്ചു. അന്വേഷണ സംഘത്തലവന്റെ നിയമനം സംബന്ധിച്ച് ആരും പരാതികള്‍ ഉന്നയിച്ചിട്ടില്ലെന്നും ടെനി ജോപ്പന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കാവുന്നതാണെന്നും എ ജി പറഞ്ഞു. അതിനാല്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലേക്ക് കോടതി കടക്കേണ്ടതില്ലെന്നും എ ജി ബോധിപ്പിച്ചു.
എന്നാല്‍, നീതിനിര്‍വഹണ സംവിധാനത്തിന്റെ നിലനില്‍പ്പ് ഉറപ്പ് വരുത്താനുള്ള ചുമതല കോടതിക്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസില്‍ അന്വേഷണ സംഘത്തവനായ എ ഡി ജി പിയാണ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കോടതി അഡ്വക്കറ്റ് ജനറലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. സമാന സാഹചര്യമുള്ള കേസാണ് സോളാര്‍ തട്ടിപ്പെന്നും കോടതി പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസുകളുടെ വിചാരണക്കായി പ്രത്യേക കോടതി രൂപവത്കരിക്കുമോയെന്നും അഡ്വക്കറ്റ് ജനറലിനോട് കോടതി ആരാഞ്ഞു.
അതേസമയം, സോളാര്‍ കേസില്‍ മാധ്യമങ്ങള്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതായും ഇത് നിയന്ത്രിക്കണമെന്നും അഡ്വക്കറ്റ് ജനറല്‍ ആവശ്യപ്പെട്ടു. മാധ്യമ വിചാരണയുടെ ഇരയാണ് താനെന്നും എ ജി പറഞ്ഞു. എന്നാല്‍, നിയമ പ്രശ്‌നങ്ങള്‍ മാത്രമാണ് കേസില്‍ കോടതി പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് എസ് എസ് സതീശ ചന്ദ്രന്‍ വ്യക്തമാക്കി.
ജോപ്പന്റെ ജാമ്യാപേക്ഷയില്‍ കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ജാമ്യാപേക്ഷ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തലവന്റെ ചുമതല സംബന്ധിച്ച നിയമപ്രശ്‌നങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇതിന് കോടതിയെ സഹായിക്കാന്‍ ക്രിമിനല്‍ അഭിഭാഷകന്‍ അലന്‍ പല്ലാളിയെ നിയോഗിക്കാന്‍ നിര്‍ദേശിച്ചെങ്കിലും അഡ്വക്കറ്റ് ജനറല്‍ വിയോജിച്ചതിനെ തുടര്‍ന്ന് ഇതൊഴിവാക്കി.

Latest