പ്രക്ഷോഭവുമായി മുന്നോട്ട് പോകും: ബ്രദര്‍ഹുഡ്

Posted on: August 17, 2013 6:00 am | Last updated: August 16, 2013 at 11:13 pm
SHARE

കൈറോ: നൂറു ണക്കിന് പ്രക്ഷോഭകരുടെ മരണത്തിനിടയാക്കിയ ബുധനാഴ്ചത്തെ സൈനിക നടപടിക്ക് പിന്നാലെ പ്രക്ഷോഭ നടപടികളുമായി മുന്നോട്ട് പോകാന്‍ ബ്രദര്‍ഹുഡിന്റെ ആഹ്വാനം. സൈനിക ആക്രമണത്തില്‍ പ്രതിഷേധിച്ച് ‘രോഷത്തിന്റെ വെള്ളിയാഴ്ച’ എന്ന പേരില്‍ പ്രക്ഷോഭ റാലികള്‍ സംഘടിപ്പിച്ചു. കൈറോക്ക് സമീപത്തെ ഇസ്മഈലിയയില്‍ ഇന്നലെയുണ്ടായ പ്രക്ഷോഭത്തെ തുടര്‍ന്ന് കൈറോയിലും മറ്റും കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. സൈനിക ആസ്ഥാനത്തും വന്‍ സൈനിക സന്നാഹം നിലയുറപ്പിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുര്‍സിക്ക് അധികാരം തിരിച്ചു നല്‍കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന ഉറച്ച് തീരുമാനത്തിലാണ് ബ്രദര്‍ഹുഡ് നേതൃത്വം.
വ്യാഴാഴ്ച സൈനികര്‍ക്ക് നേരെ പ്രക്ഷോഭകര്‍ വ്യാപകമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ആക്രമണത്തില്‍ ഏഴ് സൈനികരും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്നലെ ജുമുഅ നിസ്‌കാരാനന്തരം സര്‍ക്കാറിനും സൈന്യത്തിനുമെതിരെ മുദ്രാവാക്യം വിളിച്ച് പതിനായിരങ്ങള്‍ നിരത്തിലിറങ്ങി.
സൈന്യം ക്രൂരമായ അടിച്ചമര്‍ത്തല്‍ പ്രക്രിയയാണ് നടത്തിയതെന്നും ശക്തമായ പ്രക്ഷോഭ നടപടികളുമായി മുന്നോട്ട് പോകുമെന്നും ബ്രദര്‍ഹുഡ് നേതാവ് ജിഹാദ് അല്‍ ഹദ്ദാദ് ട്വീറ്റ് ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും പ്രക്ഷോഭം അവസാനിപ്പിക്കാത്ത ബ്രദര്‍ഹുഡ് തീരുമാനത്തെ സര്‍ക്കാര്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here