ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Posted on: August 16, 2013 6:01 pm | Last updated: August 19, 2013 at 6:01 pm
SHARE

ദോഹ: രാജ്യത്തിന്റെ അറുപത്തിഏഴാമത് സ്വാതന്ത്ര്യദിനം ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ സമുചിതമായി ആഘോഷിച്ചു.ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റില്‍ രാവിലെ ഏഴിന് അംബാസഡര്‍ സഞ്ജീവ് അറോറ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് രാഷ്ട്രപതി നല്‍കിയ സ്വാതന്ത്ര്യദിന സന്ദേശം അദ്ദേഹം വായിച്ചു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി മുതല്‍ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത രാഷ്ട്രനായകന്മാരെയും സമരവീര്യമുള്ള സ്വാതന്ത്ര സമര സേനാനികളേയും അനുസ്മരിച്ചു കൊണ്ട് തുടങ്ങിയ സന്ദേശം രാജ്യത്തിന്റെ ഗതകാല ചരിത്രവും വര്‍ത്തമാന കാല അനുഭവങ്ങളും പങ്കുവച്ചു. നല്ലൊരു നാളെക്കായി ഒരുമയും ഐക്യവും മുറുകെപ്പിടിക്കാനും പ്രതിസന്ധികള്‍ കൂട്ടായി നേരിടാനും സന്ദേശം ഉദ്‌ബോധിപ്പിച്ചു. എം.ഇ.എസ്, ഭാവന്‍സ്, ബിര്‍ളാസ് എന്നീ സ്‌കൂളുകളിലെ കുട്ടികള്‍ ചേര്‍ന്ന് ദേശഭക്തിഗാനമാലപിച്ചു.ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിക്കുന്ന വിവിധസംഘടനകളുടെ നേതാക്കളും പ്രതിനിധികളും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തു.