തകര്‍ന്ന റോഡുകള്‍ ഒരു മാസത്തിനകം ഗതാഗതയോഗ്യമാക്കും

Posted on: August 16, 2013 11:51 pm | Last updated: August 16, 2013 at 11:51 pm
SHARE

തിരുവനന്തപുരം: കനത്ത മഴയില്‍ തകര്‍ന്ന റോഡുകളെല്ലാം ഒരു മാസത്തിനകം അറ്റകുറ്റപണി നടത്തി ഗതാഗതയോഗ്യമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 431 കോടി രൂപയുടെ പദ്ധതിയാണ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ആലപ്പുഴ, കൊല്ലം ബൈപാസുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പങ്കാളിത്തത്തില്‍ നിര്‍മിക്കുന്നതിനുള്ള കരാറിനും അംഗീകാരം നല്‍കിയതായി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആലപ്പുഴ, കൊല്ലം ദേശീയപാതകളിലെ ബൈപാസിന് നേരത്തെ സ്ഥലം ഏറ്റെടുത്തിരുന്നെങ്കിലും പല കാരണങ്ങളാല്‍ നിര്‍മാണം നടന്നിരുന്നില്ല. ദേശീയപാത വികസനത്തിനുള്ള മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് കൈമാറിയാല്‍ നിര്‍മ്മാണം നടത്താമെന്ന നിലപാടാണ് ദേശീയപാത അതോറിറ്റി സ്വീകരിച്ചിരുന്നത്. ഇത് സാധ്യമാകാതെ വന്നതോടെയാണ് സംസ്ഥാനസര്‍ക്കാറും എന്‍ എച്ച് അതോറിറ്റിയും തുല്ല്യപങ്കാളിത്തത്തില്‍ നിര്‍മ്മാണം നടത്താന്‍ തീരുമാനിച്ചത്. 518.5 കോടി രൂപ നിര്‍മ്മാണ ചെലവ് 50:50 അനുപാതത്തില്‍ സംസ്ഥാനസര്‍ക്കാറും എന്‍ എച്ച് അതോറിറ്റിയും വഹിക്കും. ദേശീയപാത അതോറിറ്റി മുടക്കുന്ന പണത്തിന് ടോള്‍ ഉണ്ടാകും. സംസ്ഥാന സര്‍ക്കാറിന്റെ വിഹിതം അഡ്വാന്‍സായി നല്‍കണമെന്ന നിബന്ധന എന്‍ എച്ച് അതോറിറ്റി മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും ഇതില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. കൂടുതല്‍ ചര്‍ച്ചകള്‍ക്കും കരാര്‍ ഒപ്പുവെക്കുന്നതിനുമായി ചീഫ്‌സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ ഡല്‍ഹിക്ക് പോകും. 13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊല്ലം ബൈപാസിന് 264.67 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. 6.8 കിലോമീറ്റര്‍ വരുന്ന ആലപ്പുഴ ബൈപ്പാസ് നിര്‍മാണത്തിന് 253.83 കോടി രൂപയും ചെലവ് കണക്കാക്കുന്നു. മഴ മൂലം തകര്‍ന്ന റോഡുകളുടെ നവീകരണം സംബന്ധിച്ച് ജില്ലകളില്‍ വകുപ്പ് മന്ത്രി നടത്തുന്ന അവലോകനം ഈ മാസം തന്നെ പൂര്‍ത്തിയാക്കും.
ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ 175 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സിവില്‍ സപ്ലൈസ് കോര്‍പറേഷന് 65 കോടി രൂപയും കണ്‍സ്യൂമര്‍ ഫെഡിന് 45 കോടിയും ഹോര്‍ടികോര്‍പ്പിന് 15 കോടി രൂപയുമാണ് അനുവദിക്കുക. കണ്‍സ്യൂമര്‍ ഫെഡിന് 50 കോടി രൂപ കെ എഫ് സിയില്‍ നിന്ന് വായ്പയും ലഭ്യമാക്കും. ഇടുക്കിയില്‍ കാലവര്‍ഷക്കെടുതിയും മണ്ണിടിച്ചിലും മൂലമുണ്ടായ ദുരന്തത്തിന്റെ ആശ്വാസ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ഇന്ന് ഉന്നതതലയോഗം ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയില്‍ നിന്നുള്ള എം പിമാര്‍, എം എല്‍ എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ഒരിക്കലും തടസ്സമാകില്ല. മറ്റുജില്ലകളിലെ ദുരിതാശ്വാസനടപടികള്‍ക്ക് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും.