ഇന്ത്യന്‍ വ്യോമതാവളം ഉപയോഗിക്കാന്‍ സി ഐ എക്ക് നെഹ്‌റു അനുമതി നല്‍കിയെന്ന് വെളിപ്പെടുത്തല്‍

Posted on: August 16, 2013 11:42 pm | Last updated: August 16, 2013 at 11:42 pm
SHARE

വാഷിംഗ്ടണ്‍/ന്യൂഡല്‍ഹി: 1962ല്‍ അമേരിക്കന്‍ ചാര സംഘടനയായ സി ഐ എയുടെ യു-2 ചാര വിമാനങ്ങള്‍ക്ക് ഇന്ധനം നിറക്കാനും നിരീക്ഷണപ്പറക്കലുകള്‍ നടത്താനുമായി ഇന്ത്യന്‍ വ്യോമത്താവളം ഉപയോഗിക്കാന്‍ അന്നത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു അനുമതി നല്‍കിയെന്ന് വെളിപ്പെടുത്തല്‍. ചൈനീസ് പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ചാരപ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന അമേരിക്കന്‍ വിമാനത്തിനാണ് അനുമതി നല്‍കിയതെന്ന് അമേരിക്കയിലെ നേഷനല്‍ സെക്യൂരിറ്റി ആര്‍ക്കൈവ് പുറത്തിറക്കിയ ഏറ്റവും പുതിയ രേഖകള്‍ വെളിപ്പെടുത്തുന്നു. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരം ആണ് സി ഐ എ ഈ രേഖകള്‍ കൈമാറിയത്.
ചൈനയുടെ അതിര്‍ത്തി മേഖലകളായിരുന്നു യു-2വിന്റെ ദൗത്യത്തിലുള്‍പ്പെട്ടത്. ഇന്ത്യന്‍ വ്യോമ അതിര്‍ത്തിയും വ്യോമത്തവളവും ഉപയോഗിക്കാന്‍ ഈ വിമാനത്തെ നെഹ്‌റു അനുവദിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. ഒറീസയിലെ ചാര്‍ബാതിയ വ്യേമത്താവളമാണ് ഇതിനായി കണ്ടിരുന്നത്. രണ്ടാം ലോകമാഹായുദ്ധത്തിന് ശേഷം ഉപേക്ഷിച്ച വ്യോമത്താവളമാണ് ഇത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയും ഇന്ത്യന്‍ പ്രസിഡന്റ് എസ് രാധാകൃഷ്ണനും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്. ഈ ധാരണ നെഹ്‌റുവിന്റെ അറിവോടെയായിരുന്നുവത്രെ. പക്ഷേ താവളത്തിന്റെ അറ്റകുറ്റപണികള്‍ നടത്താന്‍ വൈകിയതോടെ തായ്‌ലാന്‍ഡിലെ തഖ്‌ലി താവളത്തിലേക്ക് അമേരിക്ക ചുവടുമാറിയെന്ന് സി ഐ എ റിപ്പോര്‍ട്ടില്‍ പറയുന്നു.
1964 മെയ് വരെ ചാര്‍ബാതിയ താവളം പ്രവര്‍ത്തനസജ്ജമായില്ല. വ്യോമത്താവളം ഉപയോഗപ്രദമായ നിലയിലെത്തിയപ്പോഴേക്ക് നെഹ്‌റു അന്തരിച്ചു. പിന്നീട് ആ നീക്കം വേണ്ടെന്നു വെച്ചു. തായ്‌ലാന്‍ഡില്‍ നിന്നുള്ള പറക്കലിലൂടെ യു-2 ദൗത്യം ചൈനീസ് നുഴഞ്ഞ് കയറ്റം സംബന്ധിച്ച് നിര്‍ണായകമായ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറിയെന്നും സി ഐ എ വെളിപ്പെടുത്തുന്നു. 1967 ജൂലൈയില്‍ ചാര്‍ബാതിയ താവളം അടച്ചു.
1962 ഒക്‌ടോബറില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന നിരന്തരം ആക്രമണങ്ങള്‍ നടത്തിയെന്ന് സി ഐ എ വെളിപ്പെടുത്തുന്നു. അതീവരഹസ്യമായ നുഴഞ്ഞുകയറ്റങ്ങളും ഇതില്‍ പെടും. ഇത്തരം ഇടപെടലുകള്‍ രൂക്ഷമായപ്പോള്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടി. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ അടുത്തു നിന്ന് വിലയിരുത്തിയ ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് അമേരിക്ക നിലയുറപ്പിച്ചത്. ഇതേ തുടര്‍ന്നാണ് യു-2 ദൗത്യത്തിന് ഇന്ത്യന്‍ മണ്ണ് ഉപയോഗിക്കാന്‍ ധാരണയായതെന്ന് സി ഐ എ പറയുന്നു.