Connect with us

Gulf

നാലു പതിറ്റാണ്ടു പിന്നിട്ട അബുദാബി ഹെല്‍ത്ത് സെന്റര്‍ പൊളിക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു

Published

|

Last Updated

അബുദാബി: നാലു പതിറ്റാണ്ടായി അബുദാബി നഗരത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അല്‍ മുശ്‌രിഫ് ഹെല്‍ത്ത് സെന്റര്‍ കെട്ടിടം പൊളിച്ചുമാറ്റാന്‍ അധികൃതര്‍ ഒരുങ്ങുന്നു. കാലപ്പഴക്കമാണ് പൊളിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. കെട്ടിട പൊളിച്ചുമാറ്റുന്നതോടെ 54 കോടി ദിര്‍ഹം ചെലവഴിച്ച് പുത്തന്‍ കെട്ടിടം പണിയാനും പദ്ധതി തയ്യാറാക്കിയിരിക്കയാണ് അബുദാബി ഭരണകൂടം. 2018 ആവുമ്പോഴേക്കും എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള 23 കെട്ടിടങ്ങള്‍ പൊളിച്ചുപണിയാനാണ് പദ്ധതിയെന്ന് അബുദാബി ഹെല്‍ത്ത് സര്‍വീസ് കമ്പനിയുടെ ഫെസിലിറ്റീസ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വിഭാഗം ഗ്രൂപ്പ് ചീഫ് സെയ്ഫ് അല്‍ ഹാമിലി വ്യക്തമാക്കി.

എമിറേറ്റിലെ താമസക്കാരുടെ പ്രതീക്ഷക്കൊപ്പം ഉയരുന്ന രീതിയില്‍ മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളാവും പുതുതായി നിര്‍മിക്കുന്ന ഹെല്‍ത്ത് സെന്ററുകളില്‍ സജ്ജീകരിക്കുക. അല്‍ മുശ്‌രിഫ് ഹെല്‍ത്ത് കെയര്‍ സെന്ററില്‍ എല്ലാ അത്യാധുനിക ഉപകരണങ്ങളും ലഭ്യമാക്കും. ആഗോള നിലവാരത്തിലുള്ള ചികിത്സയാവും ഹെല്‍ത്ത് സെന്ററുകളില്‍ എത്തുന്നവരെ കാത്തിരിക്കുക.
അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ഭാഗമായ നിര്‍വാഹക സമിതി പദ്ധതിക്ക് പച്ചക്കൊടി കാണിച്ചിരിക്കയാണ്. ഓരോ വര്‍ഷവും ഒരു ലക്ഷം ആളുകള്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്ന തരത്തിലാവും ഹെല്‍ത്ത് സെന്ററുകള്‍ സജ്ജമാക്കുക. അല്‍ മുശ്‌രിഫ് ഹെല്‍ത്ത് 1973 ആണ് പണികഴിപ്പിച്ചത്.
കഴിഞ്ഞ മാസം 19നാണ് അല്‍ മുശിരിഫ് ഹെല്‍ത്ത് സെന്റര്‍ അടച്ചുപൂട്ടിയത്. അധികം വൈകാതെ നിലവിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന ജോലി ആരംഭിക്കും. കെട്ടിടം പൊളിച്ചു മാറ്റിയ സ്ഥലത്താവും പുതിയ കെട്ടിടം പണിയുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ശിശുരോഗ വിഭാഗം, ഫാമിലി മെഡിസിന്‍ വിഭാഗം, ഗൈനക്കോളജി, അത്യാഹിത വിഭാഗം, ആരോഗ്യപോഷകാഹാര ക്ലിനിക്, ഫിസിയോതെറാപ്പി, ത്വക്ക് രോഗ വിഭാഗം, റോഡിയോളജി യൂണിറ്റുകള്‍, ലബോറട്ടറി അനുബന്ധ സൗകര്യങ്ങള്‍, പുനരധിവാസ കേന്ദ്രം, ഔട്ട് പേഷ്യന്റ്‌സ് വിഭാഗം എന്നിവക്കൊപ്പം 16 പരിശോധനാ മുറികളും കെട്ടിടത്തിലുണ്ടാവും. വെള്ളത്തിന്റെയും ഊര്‍ജത്തിന്റെയും ഉപയോഗം പരമാവധി കുറച്ചുകൊണ്ടുവരാന്‍ ലക്ഷ്യമിട്ട് പരിസ്ഥിതി സൗഹൃദ മാതൃകയിലാവും കെട്ടിടം പണിയുക.
സെന്റര്‍ പൂര്‍ണ സജ്ജമാകുന്നതോടെ വിവിധ വൈദ്യശാസ്ത്ര ശാഖകളിലെ വിദഗ്ധരുടെ സേവനവും സെന്ററില്‍ ഉറപ്പ് വരുത്തും. ആറ് ഫാമിലി ഫിസിഷ്യന്‍മാര്‍, ഒരു ജനറല്‍ പ്രാക്ടീഷ്ണര്‍ എന്നിവര്‍ക്കൊപ്പം കെട്ടിട നിര്‍മാണം പൂര്‍ത്തിയാവുന്ന മുറക്ക് രണ്ട് ദന്തരോഗ വിദഗ്ധരെയും നിയമിക്കും. രോഗികളുടെ രോഗ വിമുക്തി മുന്നില്‍കണ്ടുള്ള രീതിയിലാണ് കെട്ടിടം പണിയുകയും സംവിധാനങ്ങള്‍ സജ്ജീകരിക്കുകയും ചെയ്യുക. സെന്റര്‍ സ്വദേശികളുടെയും രാജ്യത്ത് താമസിക്കുന്ന മറ്റ് ദേശക്കാരുടെയും പ്രീമിയം ഹെല്‍ത്ത് കെയര്‍ ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അല്‍ ഹമേലി പറഞ്ഞു.
കെട്ടിടം പണി പൂര്‍ത്തിയാവുന്നത് വരെ അല്‍ മുശ്‌രിഫ് ഹെല്‍ത്ത് സെന്ററിനെ ആശ്രയിച്ചിരുന്ന രോഗികള്‍ ഖാലിദിയ അര്‍ജന്റ് കെയര്‍ സെന്ററിലും ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി എമര്‍ജന്‍സി വിഭാഗത്തിലും ചികിത്സ തേടേണ്ടതാണ്.
അബുദാബി എമിറേറ്റിന്റെ ഭാവി ജനസംഖ്യ കൂടി മുന്നില്‍ കണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ മേഖലയില്‍ നടപ്പാക്കുന്നത്. 6,400 ചതുരശ്ര മീറ്ററില്‍ കെട്ടിടങ്ങളും 1,600 ചതുരശ്ര മീറ്ററില്‍ പൂന്തോട്ടം ഉള്‍പ്പെടെയുള്ള ഭൗതിക സൗകര്യ വികസനവും നടപ്പാക്കും.
കാര്‍ പാര്‍ക്കിംഗ് സംവിധാനം, മീറ്റിംഗ് റൂമുകള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന അല്‍ നഹ്ദ, അല്‍ ഖത്തീം, മുഹമ്മദ് ബിന്‍ സായിദ് ഹെല്‍ത്ത് കെയര്‍ സെന്റര്‍ എന്നിവയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു.

 

Latest