Connect with us

Gulf

സര്‍ക്കാറിന്റെ പുരസ്‌കാരത്തില്‍ അഭിമാനം കൊണ്ട് സുധീഷ്‌

Published

|

Last Updated

ഷാര്‍ജ: കേരള സര്‍ക്കാര്‍, കര്‍ഷക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഗള്‍ഫ് മലയാളികള്‍ക്ക് അഭിമാനമായി സുധീഷ്. പ്രവാസി കര്‍ഷകനുള്ള പുരസ്‌കാരം തേടിയെത്തിയത് ഗുരുവായൂര്‍ സ്വദേശിയും ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി ജീവനക്കാരനുമായ സുധീഷിനെ.

ലോകത്തിലെ ഏറ്റവും വലുതും ചെറുതുമായ വെണ്ട വിളയിച്ച് മാധ്യമ ശ്രദ്ധയും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടവും നേടിയ ആളാണ് സുധീഷ്. ബുഹൈറ കോര്‍ണിഷലുള്ള താമസസ്ഥലത്തെ ഇത്തിരി ബാല്‍ക്കണിയിലാണ് സുധീഷ് കൃഷി പരീക്ഷണങ്ങള്‍ നടത്തിയത്.
വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയവയും കൃഷി ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം അഭിമാനം പകരുന്നുവെന്ന് സുധീഷ് പറഞ്ഞു. ഭാര്യ രാഖിയും മക്കള്‍ ശ്രേയസും ശ്രദ്ധയും കൃഷിയില്‍ സഹായിച്ചു. അവര്‍ക്കു കൂടി അവകാശപ്പെട്ടതാണ് പുരസ്‌കാരം-സുധീഷ് പറഞ്ഞു. ആഗസ്റ്റ് 16ന് കോട്ടയത്തു വെച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങും. സുധീഷിന്റെ വാര്‍ത്ത സിറാജ് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു.

Latest