സോളാര്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആരാണെന്ന് ഹൈക്കോടതി

Posted on: August 16, 2013 12:19 pm | Last updated: August 16, 2013 at 5:28 pm
SHARE

കൊച്ചി: സോളാര്‍ അന്വേഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആരാണെന്ന് ഹൈക്കോടതി. അന്വേഷണത്തില്‍ എ ഡി ജി പി ഹേമചന്ദ്രന്റെ ചുമതലയെന്തെന്നും. ഹൈക്കോടതി ചോദിച്ചു. കോടതി നടത്തുന്ന പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന അഡ്വക്കേറ്റ് ജനറലിന്റെ (എ ജി) ആവശ്യം സിംഗിള്‍ ബെഞ്ച് തള്ളി. ടെനി ജോപ്പന്റെയും ശാലുമേനോന്റെയും ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് സതീശ് ചന്ദ്രന്‍ ഈ സംശയങ്ങള്‍ ചോദിച്ചത്. എ ഡി ജി പി കര്‍ട്ടണ് പിന്നില്‍ നിന്ന് കേസ് നിയന്ത്രിച്ചാല്‍ മറ്റ് ഉദ്യോഗസ്ഥര്‍ എങ്ങനെ സ്വത്ര്രന്തമായി കേസ് അന്വേഷിക്കുമെന്നും കോടതി ചോദിച്ചു. പ്രത്യേക സംഘത്തിന്റെ തലവന്‍ ആരാണെന്നും കോടതി ചോദിച്ചു.

അതേസമയം എഡി ജി പി ഹേമചന്ദ്രന്‍ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥനെന്നും അദ്ദേഹം പരിശോധിച്ചശേഷമാണ് കുറ്റപത്രം കോടതിയില്‍ നല്‍കുന്നതെന്നും ഡി ജി പി ടി ആസിഫലി അറിയിച്ചു. അങ്ങനെയെങ്കില്‍ സോളാര്‍ക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആരെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. കോടതി നടത്തുന്ന പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയണമെന്ന ആവശ്യം ജസ്റ്റിസ് സതീശ് ചന്ദ്രന്‍ നിരാകരിച്ചു. ഇക്കാര്യത്തില്‍ ഉത്തരവിറക്കണമെന്ന എജിയുടെ ആവശ്യവും അംഗീകരിച്ചില്ല.