Connect with us

National

പാക് കടന്നാക്രമണം തടയാന്‍ ശക്തമായ നടപടി: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ കടന്നാക്രമണം തടയാന്‍ ഇന്ത്യ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. 67ാം സ്വാതന്ത്ര്യ ദിനത്തില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്കെതിരായ ഭീകരപ്രവര്‍ത്തനം പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാന്റെ മണ്ണ് ഉപയോഗിക്കരുത്. അയല്‍ രാജ്യങ്ങളുമായി ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷാ ബില്‍ പാര്‍ലിമെന്റില്‍ ഉടന്‍ പാസ്സാക്കും. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടരും. പ്രളയം ദുരിതം വിതച്ച ഉത്തരാഖണ്ഡിന്റെ പുനരധിവാസത്തിനായി എല്ലാ നടപടികളും സ്വീകരിക്കും. പ്രളയദുരിതത്തില്‍ അകപ്പെട്ട ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്കൊപ്പം രാജ്യമുണ്ട്. മുംബൈയിലെ നാവികസേനാ താവളത്തില്‍ മുങ്ങിക്കപ്പല്‍ തകര്‍ന്ന സംഭവം ദൗര്‍ഭാഗ്യകരമാണെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ വ്യക്തമാക്കി.

കനത്ത സുരക്ഷയിലാണ് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. പ്രധാനചടങ്ങുകള്‍ നടക്കുന്ന ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയത്.