കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി; ഹാര്‍ത്തലിനിടെ പോലീസ് മര്‍ദനം

Posted on: August 15, 2013 5:16 am | Last updated: August 15, 2013 at 5:16 am
SHARE

ഒറ്റപ്പാലം: സി പി എം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ പോലീസ് മര്‍ദിച്ചെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി.
കോണ്‍ഗ്രസാണ് ഹര്‍ത്താല്‍ നടത്തിയത്. ഇതോടനുബന്ധിച്ച് ഇന്നലെ രാവിലെ ജീപ്പില്‍ മൈക്ക് കെട്ടുന്നതു തടയാന്‍ ശ്രമിച്ച പോലീസുകാര്‍ അകാരണമായി മര്‍ദിച്ചെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജഗദീഷ്, കൃഷ്ണന്‍കുട്ടി, മജീദ്, മുത്തു എന്നിവരെയാണ് പോലീസ് മര്‍ദിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മര്‍ദനമേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് അകാരണമായി മര്‍ദിച്ചെന്ന് ആരോപിച്ച് നടന്ന മാര്‍ച്ച് കെ പി സി സി സെക്രട്ടറി വി കെ ശ്രീകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
പ്രകടനത്തിനിടെ നഗരത്തില്‍ എസ് എഫ് ഐ സ്ഥാപിച്ച ബോര്‍ഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഴിച്ചുമാറ്റിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
തങ്ങള്‍ സ്ഥാപിച്ച ബോര്‍ഡ് അഴിച്ചുമാറ്റിയാണ് എസ് എഫ് ഐക്കാര്‍ അവരുടെ ബോര്‍ഡ് വച്ചതെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ എസ് എഫ് ഐ ബോര്‍ഡ് അഴിച്ചുമാറ്റുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ സി പി എം പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
പോലീസെത്തി രണ്ടു ബോര്‍ഡുകളും സ്റ്റേഷനിലേക്ക് മാറ്റി. തുടര്‍ന്നു സി പി എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി പ്രകോപനം സൃഷ്ടിച്ചു. ഇതിനിടെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് കല്ലേറുണ്ടായി. പാര്‍ട്ടി ഓഫീസ് അക്രമിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
എസ് ഐ ബോബന്‍ മാത്യുവിന്റെ നയപരമായ ഇടപെടലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കിയത്. കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ചെറിയ രീതിയില്‍ സംഘര്‍ഷമുണ്ടായി. ബസുകള്‍ ഓടിയില്ല. കടകള്‍ അടഞ്ഞും കിടന്നു.