സരിതയെയും ബിജുവിനെയും കാണാന്‍ കോടതി പരിസരത്ത് വന്‍ ജനാവലി

Posted on: August 15, 2013 5:14 am | Last updated: August 15, 2013 at 5:14 am
SHARE

കോഴിക്കോട്: മൂന്ന് മാസത്തോളം കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും നേരില്‍ കാണാന്‍ വന്‍ ജനാവലി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് രണ്ട് പേരും അറസ്റ്റിലായ ശേഷം ആദ്യമായാണ് ഇവരെ കോഴിക്കോട്ട് കൊണ്ടുവരുന്നത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(മൂന്ന്)യിലാണ് ഇന്നലെ ഇവരെ കൊണ്ടുവന്നത്. വൈകുന്നേരം മൂന്ന് മണിയോടെ വിയ്യൂര്‍ ജയിലില്‍ നിന്ന് ഇവരെ കൊണ്ടുവരുമ്പോള്‍ കോടതി പരിസരം നിറഞ്ഞുകവിഞ്ഞിരുന്നു.

ചാനലില്‍ കണ്ടും പത്രത്തില്‍ വായിച്ചും മാത്രം പരിചയമുള്ള സരിതയെയും ബിജുവിനെയും കാണാന്‍ ചുമട്ടുതൊഴിലാളികളും സാധാരണക്കാരുമുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്. ഇരുവരെയും വ്യത്യസ്ത വാഹനങ്ങളില്‍ വന്‍ പോലീസ് സന്നാഹത്തോടെയാണ് കോടതിയിലെത്തിച്ചത്. കോടതി പരിസരത്തും കനത്ത പോലീസ് സുരക്ഷ ഒരുക്കിയിരുന്നു.
ചെറുവണ്ണൂര്‍ സ്വദേശി അബ്ദുല്‍ മജീദിന്റെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് സ്റ്റീല്‍ യാര്‍ഡ് എന്ന സ്ഥാപനത്തില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാനെന്ന ഉറപ്പില്‍ 42.70 ലക്ഷം രൂപ തട്ടിയ കേസിലാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ടി ടി ജോര്‍ജ് ഇരുവരെയും കസ്റ്റഡിയില്‍ വിട്ടത്. നാളെ വൈകീട്ട് അഞ്ച് മണിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ഇരുവരും സമര്‍പ്പിച്ച ജാമ്യപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. പ്രതികളുടെ ഒപ്പും കൈയക്ഷരവും കോടതി തെളിവെടുപ്പിനായി സ്വീകരിച്ചു. തങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്ന് സരിതയും ബിജുവും കോടതിയില്‍ പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തില്‍പ്പെട്ട ഡി വൈ എസ് പി ജയ്‌സണ്‍ കെ എബ്രഹാമിന്റെ നേതൃത്വത്തിലാണ് ഇവരെ കോടതിയിലെത്തിച്ചത്. പ്രതികള്‍ക്ക് വേണ്ടി അഡ്വക്കറ്റുമാരായ ദിലീപ് പിള്ള, എസ് പ്രേംലാല്‍, ശ്രീകാന്ത് എന്നിവരും പ്രോസിക്യൂഷന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ടി വി അശ്‌റഫും ഹാജരായി.