Connect with us

Wayanad

ജില്ലയില്‍ ഫിഷറീസ് വകുപ്പ് 175 ഹെക്ടറില്‍ മത്സ്യ കൃഷി നടത്തും

Published

|

Last Updated

കല്‍പറ്റ: ജില്ലയില്‍ ഈ വര്‍ഷം 175 ഹെക്ടറില്‍ മത്സ്യകൃഷി നടത്താന്‍ ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നു. പഞ്ചായത്ത് ഫര്‍മേഴ്‌സ് ക്ലബ്ബുകളുടെയും മറ്റും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞ വര്‍ഷം 150 ഹെക്ടറിലായിരുന്നു കൃഷി നടത്തിയിരുന്നത്. ഉള്‍നാടന്‍ മത്സ്യ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് എല്ലാ പഞ്ചായത്തുകളിലും ഫിഷ് ഫാര്‍മേഴ്‌സ് ക്ലബ്ബുകളുണ്ട്. ഇവയുടെ പ്രവര്‍ത്തന നിയന്ത്രിക്കുന്നത് അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍മാരാണ്. മത്സ്യ സമൃദ്ധി പദ്ധതിയില്‍ പൊതുജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപം നടത്തുന്നുണ്ട്. നിക്ഷേപിക്കുന്ന മത്സ്യങ്ങളുടെ 20 ശതമാനം അതിജീവന നിരക്കാണ് ലക്ഷ്യമിടുന്നത്.
തനത് മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥക്ക് ഭംഗം വരുത്താത്ത ഉത്തരേന്ത്യന്‍ നദികളില്‍ സര്‍വ്വ സാധാരണമായ കട്‌ല, രോഹു, മൃഗല എന്നീ മത്സ്യങ്ങളേയും ആറ്റു കൊഞ്ചിനേയുമാണ് ഫിഷറീസ് വകുപ്പ് ജലാശയങ്ങളില്‍ നിക്ഷേപിക്കുന്നത്. കുളം ഒരുക്കല്‍, മത്സ്യ കുഞ്ഞു ഉല്‍പ്പാദനം, പരിപാലനം, മത്സ്യകൃഷി, തീറ്റ നല്‍കല്‍, വളര്‍ത്തു കുളങ്ങളിലെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സാങ്കേതിക അറിവ് നല്‍കുകയും, കുടുതല്‍ പരിശീലനം നല്‍കുകയും ചെയ്യുക, കര്‍ഷക ക്ലബ്ബുകള്‍ പ്രാദേശിക മത്സ്യ വിഭവ സംരക്ഷണ പരിപാലന സമിതികളായി പ്രവര്‍ത്തിക്കുക, തനതു സംരക്ഷണത്തിന് ബോധവല്‍ക്കരണ പരിപാടികള്‍ നല്‍കുക, ഗ്രാമപ്രദേശങ്ങളിലെ ജലാശയങ്ങളില്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ആഫ്രിക്കന്‍ മുഷി തുടങ്ങിയ വിദേശ മത്സ്യങ്ങളുടെ വ്യാപനം തടയാന്‍ ബോധവല്‍ക്കരണം സംഘടിപ്പിക്കുക, മത്സ്യ കര്‍ഷക ഗ്രൂപ്പുകള്‍, സംഘങ്ങള്‍, ക്ലബ്ബുകള്‍, സ്വയം സഹായ സംഘങ്ങള്‍ മുതലായവ സംഘടിപ്പിച്ച് പ്രാദേശികതല പദ്ധതികള്‍ ആസുത്രണം ചെയ്യാന്‍ സഹായിക്കുക, പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് പരിപോഷിപ്പിക്കാന്‍ റാഞ്ചിംങ് നടത്തുകയും, വിനാശകരമായ മത്സ്യബന്ധന രീതികള്‍ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന തുടങ്ങിയവയാണ് ഫാര്‍മഴ്‌സ് ക്ലബ്ബുകളുടെ ലക്ഷ്യം.

Latest