Connect with us

Wayanad

സ്വാതന്ത്ര്യ ദിനാഘോഷം: സുരക്ഷ കര്‍ശനമാക്കി; ജില്ലയില്‍ വിപുലമായ പരിപാടികള്‍

Published

|

Last Updated

കല്‍പറ്റ: എസ് കെ എം ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പട്ടികവര്‍ഗ-യുവജനക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി വിശിഷ്ടാതിഥിയായിരിക്കും. രാവിലെ 8.35 ന് മന്ത്രി പതാകയുയര്‍ത്തും.
തുടര്‍ന്ന് നടക്കുന്ന മാര്‍ച്ച്പാസ്റ്റില്‍ മന്ത്രി സല്യൂട്ട് സ്വീകരിക്കും. വിവിധ സേനാവിഭാഗങ്ങളും പോലീസ്ബാന്റ്, സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എന്‍ സി സി, റെഡ്‌ക്രോസ്സ്, സിവില്‍ ബോയ്‌സ് ആന്‍ഡ് ഗേള്‍സ് എന്നിവയുമടക്കം 38 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. 9.05 ന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. തുടര്‍ന്ന് സ്വാതന്ത്ര്യസമര സേനാനിയായ എ.എസ്. നാരായണപിള്ളയെ ആദരിക്കും.സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ജില്ലക്ക് പുറത്ത് നിന്ന് ഡോഗ്‌സ് ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവയുടെ നേതൃത്വത്തില്‍ സ്‌റ്റേജ്, പന്തല്‍ എന്നിവയും പരിശോധിച്ചു. ജില്ലയിലെ ഹോട്ടലുകളിലും, ലോഡ്ജുകളിലും ഹോംസ്‌റ്റേകളിലും സംസ്ഥാന അതിര്‍ത്തികളിലും പ്രത്യേക പരിശോധനയും നടത്തി. പത്ത് പേരടങ്ങുന്ന സ്‌പെഷ്യല്‍ സെക്യൂരിറ്റി സ്‌ക്വാഡുകള്‍ എ എസ് ഐ കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ ഇന്നലെ മുതല്‍ ഗ്രൗണ്ടിന്റെ സുരക്ഷ ഏറ്റെടുത്തു.
എസ് കെ എം ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ലാ കലക്ടര്‍ കെ ജി രാജു ഒരുക്കങ്ങള്‍ വിലയിരുത്തി. ജില്ലാ പോലീസ് മേധാവി ബാലചന്ദ്രന്‍, എ ഡി എം, എന്‍ ഡി മാത്യു, എല്‍ ആര്‍ ഡപ്യൂട്ടികലക്ടര്‍ ജോയിജോസഫ്, എച്ച് എസ് ടി പി കൃഷ്ണന്‍കുട്ടി, വൈത്തിരി തഹസില്‍ദാര്‍ കതിര്‍വടിവേലു,കല്‍പറ്റ വില്ലേജ് ഓഫീസര്‍ വി കെ ഷാജി, കല്‍പറ്റ ഡി വൈ എസ് പി, എസ് പ്രഭാകരന്‍,സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ്, പി സന്തോഷ്‌കുമാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സാംസ്‌ക്കാരിക പരിപാടിയുടെ ഭാഗമായി ലക്കിടി ജവഹര്‍ നവോദയ സ്‌കൂള്‍, കണിയാമ്പറ്റ ജി എം ആര്‍. സ്‌കൂള്‍, മുണ്ടേരി കേന്ദ്രീയ വിദ്യാലയം എന്നിവര്‍ ദേശഭക്തിഗാനം ആലപിക്കും. സമാപനത്തോടനുബന്ധിച്ച് മികച്ച പ്രകടനം നടത്തിയ പ്ലാറ്റൂണുകള്‍ക്ക് സമ്മാനം നല്‍കും.
മാനന്തവാടി: വിദ്യാപോഷിണി വായനശാലയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി സബ് ജില്ലയിലെ യുപി വിഭാഗം കുട്ടികള്‍ക്കായി സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 18 ഞാറാഴ്ച പത്ത് മണിക്ക് മാനന്തവാടി ഗവ: യുപി സ്‌ക്കൂളിലാണ് മത്സരം. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഹെഡ്മാസ്റ്റുടെ സാക്ഷ്യപത്രവുമായി യുപി സ്‌ക്കുളില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9605975897, 9496117949 എന്നീ നമ്പറുളില്‍ ബന്ധപ്പെടണം.
പൊഴുതന: യൂണിറ്റ് എസ് എസ് എഫ് സാഹിത്യോത്സവും സ്വാതന്ത്ര്യദിനാഘോഷവും ഇന്ന് മൈലംപാത്തിയില്‍ നടക്കും. രാവിലെ എട്ടരക്ക് സി എച്ച് സൈദ് പതാക ഉയര്‍ത്തും. തുടര്‍ന്ന് സാസ്‌കാരിക സമ്മേളനവും വിദ്യാര്‍ഥികളുടെ കലാമത്സരങ്ങളും അരങ്ങേറും.
എല്‍ കെ ജി, യു കെ ജി, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ ഇനങ്ങളിലായാണ് മത്സരം.നൂറോളം മത്സരാര്‍ഥികള്‍ മാറ്റുക്കും.
വൈകിട്ട് അഞ്ചിന് സമാപന സമ്മേളനത്തില്‍ സ്വതന്ത്ര ഇന്ത്യ എന്ന വിഷയത്തില്‍ ഗഫൂര്‍ ഫാളിലി ബത്തേരി മുഖ്യപ്രഭാഷണം നടത്തും. ഇതു സംബന്ധമായി നടന്ന യോഗത്തില്‍ മനാഫ് അച്ചൂര്‍, സിറാജുദ്ദീന്‍ പി ടി, ഇഖ്ബാല്‍ സി തുടങ്ങിയവര്‍ സംസാരിച്ചു. മുസ്തഫ പി ടി സ്വാഗതംപറഞ്ഞു.
കുന്നമ്പറ്റ: 67-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യലിസ്റ്റ് യുവജനത കുന്നമ്പറ്റ യൂണിറ്റിന്റെ നേതൃത്വത്തില്‍ വയനാട് ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സു(വിംസ്)മായി സഹകരിച്ച് ഇന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ ഒമ്പതിന് എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കുന്നമ്പറ്റ സാംസ്‌കാരിക നിലയത്തില്‍ നടക്കുന്ന ക്യാമ്പില്‍ ഡോ. മെഹ്‌റൂഫ് രാജ്( ജനറല്‍ മെഡിസിന്‍), ഡോ. ദീപക് ജനാര്‍ദ്ദനന്‍( ഇ എന്‍ ടി), ഡോ. ശശികുമാര്‍(ജനറല്‍ സര്‍ജറി) എന്നിവര്‍ രോഗികളെ പരിശോധിക്കും.

Latest