ഇസിന് വേണ്ടി റഷ്യ കാത്തിരിക്കും

Posted on: August 15, 2013 2:25 pm | Last updated: August 15, 2013 at 2:27 am
SHARE

isinbayeva-ap_1595112cമോസ്‌കോ: ഇതാ ഞങ്ങളുടെ സുന്ദരിപ്പക്ഷി. ഇസിന്‍ബയേവ എന്ന വനിതാ പോള്‍വോള്‍ട്ട് ഇതിഹാസം മൂന്നാം ലോകചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം നേടിയപ്പോള്‍ ഒരു റഷ്യന്‍ മാധ്യമം ആവേശം കൊണ്ടു. ഇസിന്‍ വിടപറയല്‍ പ്രഖ്യാപിച്ചായിരുന്നു സ്വന്തം തട്ടകത്തില്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പൊന്നണിഞ്ഞത്. 28 തവണ ലോകറെക്കോര്‍ഡ് തിരുത്തി റെക്കോര്‍ഡിട്ട ഇസിന്‍ബയേവയില്ലാത്ത പോള്‍വോള്‍ട്ട് മത്സരവേദിയെ കുറിച്ച് കായികലോകത്തിന് ചിന്തിക്കാന്‍ സാധിക്കുമോ? ഏതായാലും റഷ്യക്ക് കഴിയില്ല. ആഗ്രഹം പോലെ കുടുംബജീവിതത്തിന് വേണ്ടി വിശ്രമിച്ചോളൂ. പക്ഷേ, ഇതൊരു അന്ത്യമാണെന്ന് പറയരുത്. തിരിച്ചു വരണം. ഞങ്ങള്‍ കാത്തിരിക്കും – ഇസിന് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദെവ് നല്‍കിയ സന്ദേശം ഇതായിരുന്നു.
റഷ്യന്‍ മാധ്യമങ്ങളുടെ ആവശ്യവും മറിച്ചല്ല. വിവിധ റഷ്യന്‍ അത്‌ലറ്റുകളും ഇസിന്റെ കാലം കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. രണ്ട് തവണ ഒളിമ്പിക് സ്വര്‍ണമണിഞ്ഞ ഇസിന്‍ 2008 ബീജിംഗ് ഒളിമ്പിക്‌സിന് ശേഷം നേടുന്ന പ്രധാന രാജ്യാന്തര വിജയമാണിത്. ഇക്കാലയളവില്‍ റഷ്യന്‍ താരം ഏറെ പഴികേട്ടിരുന്നു. കാലം കഴിഞ്ഞെന്നായിരുന്നു വിമര്‍ശകരുടെ വാദം. എന്നാലിതാ, മഴവില്ലഴക് പോലെ ആകാശത്ത് അത്ഭുതം സൃഷ്ടിക്കുന്ന ഇസിന്‍ തിരിച്ചെത്തിയിരിക്കുന്നു. 4.89 മീറ്റര്‍ ഉയരം താണ്ടിയാണ് റഷ്യന്‍ താരം മൂന്നാം ലോകകിരീടം ഉറപ്പിച്ചത്. ശേഷം തന്റെ പേരിലുള്ള 5.06 മീറ്ററിന്റെ ലോകറെക്കോര്‍ഡ് തിരുത്താനായി ശ്രമം. ബാര്‍ 5.07 മീറ്ററില്‍ സെറ്റ് ചെയ്തു. ഉക്രൈന്റെ പുരുഷ പോള്‍വാള്‍ട്ട് ഇതിഹാസം സെര്‍ജി ബൂബ്ക ഇസിന്‍ബയേവയുടെ പ്രകടനം വീക്ഷിക്കാന്‍ വി ഐ പി സ്റ്റാന്‍ഡിലുണ്ടായിരുന്നു. ലോകറെക്കോര്‍ഡിനായുള്ള ചാട്ടം കാണാന്‍ ബൂബ്ക ആവേശഭരിതനായി നിന്നു. ആറ് തവണ ലോകചാമ്പ്യനായ ബൂബ്ക റഷ്യന്‍ ഇതിഹാസത്തിന്റെ കരിയര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന വ്യക്തിയാണ്. മോസ്‌കോയില്‍ ഇസിന്‍ ജേതാവാകുമെന്ന് ബൂബ്ക പ്രഖ്യാപിച്ചത് ശരിയാവുകയും ചെയ്തു. അമേരിക്കയുടെ ഒളിമ്പിക് ചാമ്പ്യന്‍ ജെന്നിഫര്‍ സുഹര്‍ വെള്ളിയും ക്യൂബയുടെ യാരിസ്‌ലെ സില്‍വ വെങ്കലവും നേടി.