അമന്‍ എത്യോപ്യയുടെ ഹീറോ

Posted on: August 15, 2013 2:24 am | Last updated: August 15, 2013 at 2:24 am
SHARE

muhammed amanമോസ്‌കോ: പുരുഷ വിഭാഗം 800മീറ്ററില്‍ എത്യോപ്യയുടെ മുഹമ്മദ് അമന് സ്വര്‍ണം. ലോകചാമ്പ്യന്‍ഷിപ്പില്‍ ഈ വിഭാഗത്തില്‍ എത്യോപ്യയുടെ ആദ്യ സ്വര്‍ണമെന്ന നിലയില്‍ അമന്‍ ചരിത്രത്തില്‍ ഇടം നേടി. ഒരു മിനുട്ട് 43.31 സെക്കന്‍ഡ്‌സിലാണ് അമന്‍ ജേതാവായത്. അമേരിക്കയുടെ നിക് സൈമണ്ട്‌സ് (1.43.55 സെ.) വെള്ളിയും അയലെ സുലൈമാന്‍ (1.43.55 സെ.) വെങ്കലവും നേടി.
800 മീറ്ററില്‍ എത്യോപ്യയുടെ ആദ്യ ലോകകിരീടം സ്വന്തമാക്കിയതില്‍ അമന്‍ ആവേശഭരിതനാണ്. ഈ സ്വര്‍ണമെഡല്‍ തനിക്കും രാഷ്ട്രത്തിനും എക്കാലത്തും വിലപ്പെട്ടതാണ്. ലോകചാമ്പ്യനാവുക എന്നത് എളുപ്പമല്ല. കഠിനാധ്വാനത്തിന് ലഭിക്കുന്ന ആകെത്തുകയാണിത്. മത്സരം കടുപ്പമേറിയതായിരുന്നു. അവസാന നൂറ് മീറ്ററില്‍ വേഗം കൈവരിക്കാമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. ഇതാണ് ഒന്നാം സ്ഥാനം ഉറപ്പാക്കിയത്- അമന്‍ പറഞ്ഞു.
പുരുഷ വിഭാഗം 400 മീറ്ററില്‍ അമേരിക്കയുടെ ലാഷാന്‍ മെറിറ്റിനാണ് സ്വര്‍ണം. 2008 ബീജിംഗ് ഒളിമ്പിക് ജേതാവായ മെറിറ്റിന് 43.74 സെക്കന്‍ഡ്‌സ് മതിയായിരുന്നു ഒന്നാം സ്ഥാനം വെട്ടിപ്പിടിക്കാന്‍. അമേരിക്കയുടെ തന്നെ ടോണി മക്ക്യു വെള്ളിയും ഡൊമിനികന്‍ റിപബ്ലിക്കിന്റെ ലുഗുലിന്‍ സാന്റോസ് വെങ്കലവും നേടി.