Connect with us

Sports

എത്ര സുന്ദരമായ നടക്കാത്ത ട്രാന്‍സ്ഫര്‍!

Published

|

Last Updated

ലണ്ടന്‍: വെയിന്‍ റൂണി, സെസ്‌ക് ഫാബ്രിഗസ്, ലൂയിസ് സുവാരസ്, ഗാരെത് ബാലെ എന്നിവരെ ചുറ്റിപ്പറ്റിയായിരുന്നു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ ശക്തമായത്. ഇതില്‍ ഗാരെത് ബെയ്ല്‍ ഒഴികെയുള്ളവരുടെ കാര്യത്തില്‍ തീരുമാനമായി. റൂണി മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തുടരും. സെസ്‌ക് ഫാബ്രിഗസിനെ ബാഴ്‌സലോണ വിട്ടുകൊടുക്കില്ല. ലൂയിസ് സുവാരസ് ലിവര്‍പൂളില്‍ തുടരും. ബാലെ റയല്‍മാഡ്രിഡിലെത്തുമെന്ന സൂചന തന്നെയാണ് ഇപ്പോഴും. അതേ സമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിന് മറ്റന്നാള്‍ കിക്കോഫ് കുറിക്കും.
ട്രാന്‍സ്ഫര്‍ വിപണിയുടെ അവസാന ദിനം വരെ റൂണിക്കായി ശ്രമം നടത്തുമെന്ന് പ്രഖ്യാപിച്ച ചെല്‍സി കോച്ച് ജോസ് മൗറിഞ്ഞോ പത്തി മടക്കിയ മട്ടാണ്. റൂണിയെ വിട്ടുകൊടുക്കില്ലെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്നലെയും ആവര്‍ത്തിച്ചു വ്യക്തമാക്കി. ചെല്‍സി നല്‍കുന്ന പണത്തേക്കാള്‍ മൂല്യമുണ്ട് റൂണിക്കെന്ന് യുനൈറ്റഡ് അധികൃതര്‍ വ്യക്തമാക്കി. റൂണിയെ സ്വന്തമാക്കാന്‍ ജൂലൈ പതിനാറിന് 23 ദശലക്ഷം പൗണ്ടിന്റെ ഓഫര്‍ വെച്ച ചെല്‍സി ആഗസ്റ്റ് നാലിന് 25 ദശലക്ഷം പൗണ്ടാക്കി ഉയര്‍ത്തി. യുനൈറ്റഡ് പരിശീലകന്‍ ഡേവിഡ് മോയസ് ചെല്‍സി കോച്ചിന്റെ നീക്കത്തെ തള്ളിക്കളഞ്ഞു. ഇത്, റൂണിയും മോയസും തമ്മിലുള്ള ബന്ധം വഷളാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, മോയസ് തന്നെ ഇക്കാര്യം നിഷേധിച്ചു.
ചെല്‍സി റൂണിക്ക് പിറകെ നടന്നത് പോലെ മോയസ് ബാഴ്‌സലോണയുടെ സെസ്‌ക് ഫാബ്രിഗസിന് വേണ്ടിയും ഓഫര്‍ വെച്ചു. ആഴ്‌സണലിന്റെ മുന്‍ നായകനെ ടീമിലെത്തിച്ചാല്‍ മധ്യനിരക്ക് മുതല്‍ക്കൂട്ടാകുമെന്ന് മോയസ് വിശ്വസിച്ചു. ഫാബ്രിഗസിനെ ലഭിച്ചാല്‍ റൂണിയെ വിട്ടുകൊടുക്കുന്ന കാര്യം പരിഗണിക്കുകയും ചെയ്യാം. നെയ്മറിനെ പോലുള്ള പുതുതാരങ്ങള്‍ വന്നാലും ഫാബ്രിഗസിന് സ്ഥാനം നഷ്ടമാകില്ലെന്ന് വ്യക്തമാക്കിയ ബാഴ്‌സലോണ കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ മോയസിനും ആപ്പ് വെച്ചു. പ്രീ സീസണ്‍ മത്സരത്തില്‍ പകരക്കാരനായിറങ്ങി ഫാബ്രിഗസ് രണ്ട് ഗോളുകള്‍ നേടിയത് കോച്ചിന്റെ മനം കവര്‍ന്നിരുന്നു. ഞായറാഴ്ച സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണ ലെവന്റെയെ നേരിടുമ്പോള്‍ ഫാബ്രിഗസ് സൈഡ് ബെഞ്ചിലാകും. പരുക്ക് ഭേദമായ ഫാബ്രിഗസ് ഇന്നലെ പരിശീലനത്തിനിറങ്ങിയെങ്കിലും അടുത്താഴ്ചയിലാകും സ്പാനിഷ് മിഡ്ഫീല്‍ഡര്‍ പൂര്‍ണ ആരോഗ്യവാനായി ടീമിലെത്തുക.
കളിക്കാരെ വാങ്ങുന്നതിനേക്കാള്‍ വില്‍ക്കാന്‍ താത്പര്യം കാണിച്ച ആഴ്‌സണല്‍ ലിവര്‍പൂളിന്റെ ഉറുഗ്വെന്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിലായിരുന്നു കണ്ണുവെച്ചത്. കോച്ച് ആര്‍സെന്‍ വെംഗര്‍ സുവാരസിനായി മികച്ച ഓഫര്‍ വെച്ചു. ലിവര്‍പൂളില്‍ വിവാദതാരമായ സുവാരസ് റയലിലേക്ക് പോകാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും അത് നടക്കാതെ വന്നപ്പോള്‍ ആഴ്‌സണലിന്റെ ഓഫര്‍ സ്വീകരിക്കാന്‍ തയ്യാറായിരുന്നു.
എന്നാല്‍, ലിവര്‍പൂള്‍ ക്ലബ്ബിന്റെ അനുമതി ലഭിച്ചില്ല. കോച്ച് ബ്രെന്‍ഡന്‍ റോജേഴ്‌സ് സുവാരസുമായി കൂടിക്കാഴ്ച നടത്തി. ക്ലബ്ബ് അനുകൂലികള്‍ സുവാരസ് തുടരണമെന്ന് ആവശ്യപ്പെട്ടത് താരത്തിന്റെ മനം മാറ്റി. ക്ലബ്ബ് വിടാന്‍ നിയമനടപടി സ്വീകരിക്കാനൊരുങ്ങിയ സുവാരസ് ലിവര്‍പൂള്‍ ഫാന്‍സിന്റെ സ്‌നേഹത്തിന് മുന്നില്‍ കീഴടങ്ങിയെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.
ഇതോടെ, ആഴ്‌സണല്‍ സ്വാന്‍സിയ സിറ്റിയുടെ സ്പാനിഷ് സ്‌ട്രൈക്കര്‍ മിചുവിനെയും മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ എഡിന്‍ സെകോയെയും ലക്ഷ്യമിട്ട് ട്രാന്‍സ്ഫര്‍ നീക്കം ആരംഭിച്ചു. ഡേവിഡ് വിയ, ഗോണ്‍സാലോ ഹിഗ്വെയിന്‍, സ്റ്റീവന്‍ ജോവെറ്റിച് എന്നീ സ്‌ട്രൈക്കര്‍മാര്‍ക്ക് വേണ്ടി ആഴ്‌സണല്‍ കോച്ച് വെംഗര്‍ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി.
സുവാരസിനായുള്ള നീക്കവും ഫലിക്കാതെ വന്നതോടെ ആഴ്‌സണലിന് മുന്‍നിരയില്‍ പേരുകേട്ട സ്‌ട്രൈക്കറില്ലാത്ത അവസ്ഥയായി. പതിവു പോലെ യുവതാരങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ആഴ്‌സണല്‍ സീസണ്‍ ആരംഭിക്കും.