ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ വിട്ടയച്ചു

Posted on: August 15, 2013 2:08 am | Last updated: August 15, 2013 at 2:08 am
SHARE

mahmood abbasജറുസലം: ഫലസ്തീനുമായുള്ള സമാധാന ചര്‍ച്ചയുടെ ഭാഗമായി ഇസ്‌റാഈല്‍ 26 ഫലസ്തീന്‍ തടവുകാരെ വിട്ടയച്ചു. വെസ്റ്റ്ബാങ്ക്ഇസ്‌റാഈല്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ഫലസ്തീനികളാണ് ഇസ്‌റാഈലിന്റെ തടവില്‍ കഴിയുന്നത്. 1967 ല്‍ ഫലസ്തീനിലെ ഗാസയിലും ആക്രമണം നടത്തി നിരവധി പേരെ ഇസ്‌റാഈല്‍ തടവിലാക്കിയിരുന്നു. യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചയുടെ ഭാഗമായാണ് ഇപ്പോള്‍ നാമമാത്ര തടവുകാരെയെങ്കിലും വിട്ടയക്കാന്‍ ഇസ്‌റാഈല്‍ തയ്യാറായത്. കല്ലെറിഞ്ഞും ബോംബിട്ടും തദ്ദേശവാസികളെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ഫലസ്തീനികളെ ഇസ്‌റാഈല്‍ ജയിലിലടച്ചത്.
സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മറ്റുമാണ് ഇപ്പോള്‍ മോചിപ്പിക്കപ്പെട്ടവര്‍. ഇവരെ വിട്ടയച്ചതോടെ ഫലസ്തീനില്‍ ആഹ്ലാദം അലതല്ലുകയാണ്. ജയിലിലായവരെ വിമോചന പോരാളികളായാണ് ഫലസ്തീന്‍ ജനത കാണുന്നത്. സ്വാതന്ത്ര്യത്തിന് വേണ്ടി സര്‍വതും ത്യജിച്ചവരാണ് ഇപ്പോള്‍ ജയില്‍മോചിതരായതെന്ന് ഫലസ്തീന്‍ ജനത പറയുന്നു. മോചിതരായവരെയും വഹിച്ച് ഇസ്‌റാഈലില്‍ നിന്നുള്ള ബസ് ഫലസ്തീനിലെത്തി.
മധ്യ ഇസ്‌റാഈലിലെ അയലോണ്‍ ജയിലില്‍ നിന്നാണ് തടവുകാര്‍ മോചിതരായത്. 104 തടവുകാരെയാണ് നാല് ബാച്ചുകളിലായി മോചിപ്പിക്കുക. ആദ്യ ബാച്ചാണ് ഇന്നലെ മോചിപ്പിക്കപ്പെട്ടത്. 20 വര്‍ഷത്തിലേറെയായി തടവില്‍ കഴിഞ്ഞവരാണ് ഇപ്പോള്‍ മോചിതരായത്. 1985 ല്‍ വ്യാപകമായി നടന്ന അറസ്റ്റിലാണ് മിക്കവരും ജയിലിലായത്. ഇന്നലെ ഇസ്‌റാഈല്‍ ഫലസ്തീന്‍ സൗഹൃദ ചര്‍ച്ചകള്‍ ജറുസലമില്‍ നടന്നിരുന്നു. രണ്ടാഴ്ച മുമ്പ് വാഷിംഗ്ടണില്‍ നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയാണ് ഇന്നലത്തെ ചര്‍ച്ച.
തിങ്കളാഴ്ചയാണ് മോചിപ്പിക്കുന്ന 26 പേരുടെ പട്ടിക ഇസ്‌റാഈല്‍ പ്രിസന്‍ സര്‍വീസ് പ്രസിദ്ധീകരിച്ചത്. തടവിലായവര്‍ കൊലപ്പെടുത്തിയെന്നാരോപിക്കപ്പെടുന്നവരുടെ ബന്ധുക്കള്‍ തടവുകാരെ വിട്ടയക്കരുതെന്നും വധശിക്ഷ നല്‍കണമെന്നുമാവശ്യപ്പെട്ട് ഇസ്‌റാഈല്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹരജി സുപ്രീം കോടതി തള്ളിയതോടെയാണ് ഇവരുടെ മോചനം സാധ്യമായത്.