60 വര്‍ഷത്തിനിടെ ലോകത്ത് 77 അന്തര്‍വാഹിനി ദുരന്തങ്ങള്‍

Posted on: August 15, 2013 6:00 am | Last updated: August 15, 2013 at 2:02 am
SHARE

sumarinesവാഷിംഗ്ടണ്‍: കഴിഞ്ഞ 60 വര്‍ഷത്തിനിടെ ലോകത്തുണ്ടായത് 77 അന്തര്‍വാഹിനി ദുരന്തങ്ങള്‍.1946 നും 2005 നും ഇടയിലുണ്ടായ കണക്കാണിത്. 2009 ല്‍ യു എസ് ജേര്‍ണലായ പ്രൊഫഷനല്‍ സേഫ്റ്റിയാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. അന്തര്‍വാഹിനികള്‍ മുങ്ങിയും പൊട്ടിത്തെറിച്ചും കൂട്ടിയിടിച്ചുമാണ് പ്രധാന അപകടങ്ങള്‍. മറ്റ് ചില അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2000 ജൂലൈ 30 ന് റഷ്യന്‍ ആണവ അന്തര്‍വാഹിനി മുങ്ങിക്കപ്പലായ കുര്‍സ്‌ക് സ്‌ഫോടനത്തില്‍ തകര്‍ന്ന് 118 പേരാണ് മരിച്ചത്. ലോകം കണ്ട ഏറ്റവും വലിയ മുങ്ങിക്കപ്പല്‍ ദുരന്തമാണിത്.
ഈ അപകടത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. പടിഞ്ഞാറന്‍ മുങ്ങിക്കപ്പലും റഷ്യന്‍ മുങ്ങിക്കപ്പലും കൂട്ടിയിടിച്ചും ദുരന്തമുണ്ടായി. ലോകയുദ്ധ സമയത്തായിരുന്നു ഇത്. 1986 വരെ അന്തര്‍വാഹിനികളില്‍ സ്‌ഫോടനങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. യു എസ് എസ് ആറിന്റെ ഉടമസ്ഥതയിലുള്ള കെ-219 അന്തര്‍വാഹിനി 1971 ഡിസംബറില്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിച്ചിരുന്നു.
1970 ല്‍ പാക്കിസ്ഥാന്‍ അന്തര്‍വാഹിനിയായ ഗാസിയില്‍ പൊട്ടിത്തെറിയുണ്ടായി 85 പേര്‍ മരിച്ചു. ഫ്രാന്‍സിന്റെ യൂറിഡിസ് അന്തര്‍വാഹിനിയില്‍ പൊട്ടിത്തെറിയുണ്ടായി 57 പേര്‍ മരിച്ചു.
അന്തര്‍വാഹിനി ദുരന്തങ്ങള്‍ കൂടുതലും മുങ്ങല്‍ മൂലമാണുണ്ടായത്. 47 ദുരന്തങ്ങള്‍ ഇത്തരത്തിലുണ്ടായി. 1963 ഏപ്രിലില്‍ യു എസ് അന്തര്‍വാഹിനിയായ ട്രഷര്‍ മുങ്ങി 129 പേര്‍ മരിച്ചു. 2008 ല്‍ റഷ്യന്‍ മുങ്ങിക്കപ്പലായ കെ-152 നെര്‍പ മുങ്ങി 20 പേര്‍ കൊല്ലപ്പെട്ടു. ഫ്രിയോണ്‍ വാതകം ചോര്‍ന്നാണ് പലരും മരിച്ചത്.കഴിഞ്ഞ ദിവസം മുംബൈയില്‍ അപകടത്തില്‍പ്പെട്ട ഐ എന്‍ എസ് സിന്ധുരക്ഷക് 2010 ഫെബ്രുവരിയില്‍ വിശാഖപട്ടണത്ത് അപകടത്തില്‍പ്പെട്ടിരുന്നു. 24 പേരാണ് അന്ന് മരിച്ചത്. രണ്ട് പേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു.