എസ് വൈ എസ് പണിപ്പുര – 2013 ശനിയാഴ്ച തുടങ്ങും

Posted on: August 15, 2013 1:33 am | Last updated: August 15, 2013 at 1:33 am
SHARE

sysFLAGകോഴിക്കോട്: എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ സംഘടനാ സ്‌കൂളിന്റെ ഭാഗമായ ‘പണിപ്പുര – 2013’ ശനിയാഴ്ച ആരംഭിക്കും. സംഘടനയുടെ ബഹുജനാടിത്തറ വിപുലപ്പെടുത്തുന്നതിനും ഘടകങ്ങളുടെയും പ്രവര്‍ത്തകരുടെയും സജ്ജീകരണവും ലക്ഷ്യമാക്കി കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷം ആരംഭിച്ച സംഘടനാ സ്‌കൂളിന്റെ അഞ്ചാം ഘട്ടമാണ് പണിപ്പുര 2013.
കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനവീര്യവും ഊര്‍ജവും പുതുതലമുറക്ക് പകര്‍ന്നുനല്‍കി പുതിയ കാല ഇസ്‌ലാമിക അനുഭവത്തിന് വിവിധങ്ങളായ കര്‍മപദ്ധതിയും മാര്‍ഗരേഖയും ചിട്ടപ്പെടുത്തുകയാണ് ക്യാമ്പ് ലക്ഷ്യമാക്കുന്നത്. ശനിയാഴ്ച പത്ത ്മണിക്ക് മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയില്‍ ആരംഭിക്കുന്ന പണിപ്പുരയില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്ക് പുറമെ ജില്ലയിലെ ഭാരവാഹികളും പ്രതിനിധികളായിരിക്കും.
ആധുനിക സമൂഹത്തില്‍ ദഅ്‌വത്തിന് പുതിയ രൂപം സൃഷ്ടിക്കുന്ന പണിപ്പുരയില്‍ നേരത്തെ നടത്തിയ പ്രീ ക്യാമ്പ് സിറ്റിംഗില്‍ പങ്കെടുത്ത് യോഗ്യത നേടിയ അംഗങ്ങളാണ് പങ്കെടുക്കുന്നത്. സംസ്ഥാന പ്രസിഡന്റ്‌പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും ദഅ്‌വത്ത്, സാമൂഹിക ക്ഷേമം, ഭരണം, സംഘടന എന്നീ നാല് വിഷയങ്ങളിലായി പത്ത് സെഷനുകളായാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ നസ്വീഹത്തോടെ പണിപ്പുരക്ക് തിരശ്ശീല വീഴും.
തുടര്‍ന്ന് ജില്ലകളില്‍ പാഠശാല, സോണുകളില്‍ പഠന തീരം, സര്‍ക്കിളുകളില്‍ പഠിപ്പുര, യൂനിറ്റുകളില്‍ പഠനമുറി ക്യാമ്പുകളും നടക്കും. പണിപ്പുരക്ക് അര്‍ഹത നേടിയ മുഴുവന്‍ പ്രതിനിധികളും നിശ്ചിത ഗൈഡുമാരുമായി ബന്ധപ്പെട്ട് കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് സംഘടനാ കാര്യ സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി അറിയിച്ചു