Connect with us

Kerala

പാചക വാതക സബ്‌സിഡി ഭൂരിപക്ഷത്തിനും നഷ്ടമായേക്കും

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളെയും ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി ബി ടി) പദ്ധതിക്കു കീഴില്‍ കൊണ്ടുവരാനുള്ള കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ തീരുമാനം സെപ്തംബര്‍ ഒന്ന് മുതല്‍ ബഹുഭൂരിപക്ഷം പാചകവാതക ഉപഭോക്താക്കള്‍ക്കും സബ്‌സിഡി നഷ്ടപ്പെടാന്‍ ഇടയാക്കും. 80 ശതമാനം ഉപയോക്താക്കളെങ്കിലും ആധാര്‍ നമ്പര്‍ പാചകവാതക കണക്ഷനുമായി ലിങ്ക് ചെയ്ത ജില്ലകളിലാണ് ഡി ബി ടി നടപ്പാക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം. എന്നാല്‍ ജൂണ്‍ ഒന്ന് മുതല്‍ പദ്ധതി നിലവില്‍ വന്ന പത്തനംതിട്ട, വയനാട് ഉള്‍പ്പെടെ രാജ്യത്തെ ഭൂരിഭാഗം ജില്ലകളിലും 50-75 ശതമാനം പേര്‍ മാത്രമാണ് ഇതുവരെ ആധാര്‍ നമ്പര്‍ നല്‍കിയത്. ആധാറിനൊപ്പം ബേങ്ക് അക്കൗണ്ട് നമ്പര്‍ കൂടി നല്‍കിയ ഉപഭോക്താക്കളുടെ എണ്ണം 30-40 ശതമാനമാണ്. വയനാട് ജില്ലയിലെ 1.4 ലക്ഷം ഉപഭോക്താക്കളില്‍ 95,000 പേര്‍ ഇതുവരെ ആധാര്‍ നമ്പര്‍ നല്‍കിയെന്ന് ഔദ്യോഗിക കണക്ക്. ഇതില്‍ 35,000 പേര്‍ മാത്രമാണ് ബേങ്ക് അക്കൗണ്ട്‌നമ്പര്‍ ലിങ്ക് ചെയ്തത്.
ആധാറും ബേങ്ക് അക്കൗണ്ടും ലിങ്ക് ചെയ്തവര്‍ക്ക് വര്‍ഷത്തില്‍ ഒമ്പത് സിലിന്‍ഡറുകള്‍ക്ക് മാത്രമാണ് സബ്‌സിഡി ലഭിക്കുക. സിലിണ്ടര്‍ ബുക്ക് ചെയ്താലുടന്‍ സബ്‌സിഡി തുകയായ 435 രൂപ ബേങ്ക് അക്കൗണ്ടിലെത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍, ജൂണ്‍ ഒന്ന് മുതല്‍ പദ്ധതി നടപ്പാക്കിയ വയനാട്, പത്തനംതിട്ട ജില്ലകളിലെ ബേങ്ക് അക്കൗണ്ട് ലിങ്ക് ചെയ്ത അപൂര്‍വം ഉപഭോക്താക്കള്‍ക്കു പോലും അഡ്വാന്‍സ് സബ്‌സിഡി കിട്ടിയിട്ടില്ല. വിപണി വിലയായ 917 രൂപ നല്‍കി സിലിന്‍ഡര്‍ വാങ്ങിയ ശേഷം മാത്രമേ സബ്‌സിഡി തുക ബേങ്ക് അക്കൗണ്ടുകളിലെത്തൂ എന്നാണ് ഗ്യാസ് ഏജന്‍സികളുടെ വിശദീകരണം. എന്നാല്‍, ജീവനക്കാരുടെ കുറവ്, സോഫ്റ്റ്‌വെയര്‍ തകരാര്‍ തുടങ്ങിയ കാരണങ്ങളാല്‍ ഇതും മുടങ്ങിയിരിക്കുകയാണ്. 410 രൂപക്ക് ലഭിച്ചിരുന്ന സിലിണ്ടര്‍ ആയിരം രൂപയോളം മുടക്കി വാങ്ങേണ്ട ഗതികേടിലാണ് കഴിഞ്ഞ മൂന്ന് മാസമായി രണ്ട് ജില്ലകളിലെയും ഉപയോക്താക്കള്‍.
സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ 40-50 ശതമാനം ഉപഭോക്താക്കള്‍ പോലും ഇനിയും ആധാര്‍ നമ്പര്‍ നല്‍കിയിട്ടില്ലെന്നാണ് ഗ്യാസ് ഏജന്‍സികളും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും പറയുന്നത്. ഇതുസംബന്ധിച്ച് എണ്ണക്കമ്പനി, ഗ്യാസ് ഏജന്‍സി എന്നിവയുടെ പ്രതിനിധികളുമായി സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടക്കിടെ അവലോക യോഗങ്ങള്‍ നടത്തിവരികയാണ്. ആധാര്‍ ലിങ്കിംഗ് എങ്ങുമെത്തിയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം നടന്ന അവലോകനയോഗത്തില്‍പോലും ഗ്യാസ് ഏജന്‍സികള്‍ അറിയിച്ചതെന്ന് സിവില്‍സപ്ലൈസ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു.
സബ്‌സിഡികള്‍ക്കും ഇതര ആനുകൂല്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ അത് കൃത്യസമയത്ത് നല്‍കുന്ന കാര്യത്തില്‍ കാട്ടുന്ന കടുത്ത അനാസ്ഥയാണ് ഇതിന് കാരണം. പലര്‍ക്കും രജിസ്റ്റര്‍ ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആധാര്‍ കാര്‍ഡ് ലഭിക്കുന്നത്. എല്‍ പി ജി ഉപഭോക്താക്കള്‍ ആധാര്‍ നമ്പര്‍ നല്‍കാന്‍ ഒക്‌ടോബര്‍ 31 വരെ സമയമുണ്ടെന്നും ഇതിനുശേഷമേ ഡി ബി ടി പദ്ധതി നടപ്പാക്കുകയുള്ളൂവെന്നും സിവില്‍ സപ്ലൈസ് വകുപ്പ് നേരത്തേ അറിയിച്ചിരുന്നു. മാത്രമല്ല, ഉപഭോക്താക്കളുടെ ആധാര്‍ നമ്പര്‍ ബന്ധപ്പെട്ട എണ്ണക്കമ്പനിയുടെ വെബ്‌സൈറ്റില്‍ നല്‍കണമെന്ന് മാത്രമാണ് വയനാട്, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലെ ഗ്യാസ് ഏജന്‍സിക ള്‍ക്ക് ലഭിച്ച നിര്‍ദേശം. ബേങ്ക് അക്കൗണ്ടിന്റെ കാര്യത്തില്‍ നിര്‍ദേശങ്ങളൊന്നും കിട്ടിയിട്ടില്ലെന്ന് ഏജന്‍സികള്‍ പറയുന്നു.