Connect with us

Business

രണ്ടാം മാസവും നാണയപ്പെരുപ്പം ഉയര്‍ച്ചയില്‍

Published

|

Last Updated

ന്യുഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം മാസവും നാണയപ്പെരുപ്പം ഉയര്‍ന്നു തന്നെ. ജൂലൈ മാസത്തെ നാണയപെരുപ്പം 5.79 ശതമാനമായിട്ടാണ് ഉയര്‍ന്നത്. ഉള്ളി, പച്ചക്കറി എന്നിവയുടെതടക്കം ഭക്ഷ്യ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നതാണ് നാണയപ്പെരുപ്പം വര്‍ധിക്കാന്‍ കാരണമായത്.
മൊത്ത വിലസൂചിക അടിസ്ഥാനമാക്കി ജൂണ്‍ മാസത്തെ നാണയപ്പെരുപ്പം 4.86 ശതമാനമായിരുന്നു. 2012 ജൂലൈയില്‍ ഇത് 7.52 ശതമാനമായിരുന്നു. മൊത്ത വിലസൂചിക അനുസരിച്ച് ഭക്ഷണസാധനങ്ങളുടെ വിഭാഗത്തില്‍ പെടുന്നവയുടെ നാണയപ്പെരുപ്പം ഇരട്ട സംഖ്യയിലേക്ക് ഉയര്‍ന്ന് 11.91 ശതമാനമായതായി ഔദ്യോഗിക രേഖയില്‍ പറയുന്നു. ഉള്ളി, പയറു വര്‍ഗങ്ങള്‍, അരി എന്നിവയുടെ വിലയിലാണ് വന്‍ വര്‍ധനവുണ്ടായത്. ഭക്ഷ്യ സാധനങ്ങളുടെ വിലയില്‍ 11.91 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. തുടര്‍ച്ചയായി മൂന്നാം മാസവും ഈ പ്രവണത തുടരുകയാണ്.
ഉള്ളി വിലയില്‍ കഴിഞ്ഞ മാസമുണ്ടായ നാണയപ്പെരുപ്പ നിരക്ക് 145 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 114 ശതമാനമായിരുന്നു. പച്ചക്കറികളുടെ വില ഈ മാസത്തില്‍ 46.59 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ ജൂണില്‍ വിലക്കയറ്റം 16.47 ശതമാനമാണ്. നിര്‍മിത വസ്തുക്കളുടെ വിഭാഗത്തില്‍ വരുന്ന ഇനങ്ങളുടെ നാണയപ്പെരുപ്പം കഴിഞ്ഞ മാസം 2.81 ശതമാനമായിരുന്നു. ജൂണില്‍ ഇത് 2.75 ശതമാനമായിരുന്നു.
ഭക്ഷ്യേതര വസ്തുക്കളുടെ വിഭാഗത്തില്‍ പെടുന്ന ഫൈബര്‍, എണ്ണക്കുരുക്കള്‍, മിനറലുകള്‍ തുടങ്ങിയവയുടെ വിലയില്‍ നാണയപ്പെരുപ്പം കുറയുകയായിരുന്നു. ജൂണില്‍ 7.57 ശതമാനമായിരുന്നത് ജൂലൈയില്‍ 5.51 ശതമാനമായി കുറഞ്ഞു. അരിയുടെത് ജൂണില്‍ 19.11 ശതമാനമായിരുന്നത് ജൂലൈയില്‍ 21.15 ശതമാനമായി ഉയര്‍ന്നു.

Latest