ഇന്ത്യ- രണ്ടായിരത്തി പതിനാല്‌

Posted on: August 15, 2013 12:39 am | Last updated: August 15, 2013 at 12:40 am
SHARE

0852014 പിറക്കാന്‍ ഇനി അഞ്ച് മാസങ്ങള്‍ കൂടി. ഗര്‍ഭസ്ഥശിശു ആണോ പെണ്ണോ നപുംസകമോ എന്ന പ്രവചനം ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. സി എന്‍ എന്‍ – ഐ ബിന്നും ദി ഹിന്ദുവും സെന്റര്‍ ഫോര്‍ ഡെവലപ്പിംഗ് സൊസൈറ്റിയുമായി ചേര്‍ന്ന് നടത്തിയ തിരഞ്ഞെടുപ്പുപൂര്‍വ അഭിപ്രായ സര്‍വേഫലപ്രകാരം അടുത്തത് ഒരു തൂക്ക് പാര്‍ലിമെന്റ് ആയിരിക്കും എന്നു കണ്ടെത്തിയിരിക്കുന്നു. യു പി എക്കും എന്‍ ഡി എക്കും ഭരിക്കുന്നതിനു വേണ്ടതിലും നൂറ് സീറ്റെങ്കിലും കുറവേ കിട്ടാനിടയുള്ളൂ എന്നാണ് ഫലം. തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തിയാലുള്ള ഫലമാണിത്. വരാനിരിക്കുന്ന നാലോ അഞ്ചോ മാസങ്ങള്‍കൊണ്ട് ഇതിന് കാര്യമായ മാറ്റങ്ങളെന്തെങ്കിലും ഉണ്ടാകാനുള്ള സാധ്യത വളരെ വിരളമാണെന്ന് ആരും സമ്മതിക്കും. വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ പോകുന്നത് പ്രദേശിക രാഷ്ട്രീയ പാര്‍ട്ടികളായിരിക്കുമെന്നും അവരുടെ വിലപേശല്‍ശക്തി വര്‍ധിക്കുമെന്നുമാണ് സുചന.
ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സഖ്യം കൂടുതല്‍ നേട്ടമുണ്ടാക്കുമെങ്കിലും ഭൂരിപക്ഷത്തില്‍ നിന്നും വളരെ വിദൂരത്തായിരിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സഖ്യത്തിന്റെ അവസ്ഥ ഇപ്പോഴത്തേതിലും വളരെ പിന്നോട്ടുപോകുമെന്നും ലോക്‌സഭാ സീറ്റുകളില്‍ 200 ഓളം സീറ്റുകള്‍ ഈ രണ്ട് മുന്നണികള്‍ക്കും പുറത്തുള്ള കക്ഷികള്‍ നേടുമെന്നുമാണ് പ്രവചനം. ഇടതുപക്ഷ സഖ്യത്തിനു കാര്യമായ നേട്ടമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന സൂചനയും സര്‍വേ ഫലം നല്‍കുന്നു. യു പി എ – എന്‍ ഡി എ സഖ്യങ്ങള്‍ പരമാവധി 29 ശതമാനം വോട്ടുകള്‍ വീതം നേടും. ഇതില്‍ ബി ജെ പിക്കു മാത്രമായി 156 മുതല്‍ 164 വരെ സീറ്റുകള്‍ കിട്ടുമത്രെ. കോണ്‍ഗ്രസ് സഖ്യത്തിനു കിട്ടുമെന്നു പ്രതീക്ഷിക്കുന്ന സീറ്റുകളില്‍ കോണ്‍ഗ്രസിനു മാത്രമായി പ്രതീക്ഷിക്കാവുന്നത് ഏറിയാല്‍ 139. രാജ്യം കാത്തിരിക്കുന്ന ഒരു വന്‍ വിപത്തിന്റെ വിളിച്ചറിയിക്കലാണിത്. ദേശീയ ക-ക്ഷികള്‍ തീര്‍ത്തും അപ്രസക്തമാകുകയും സ്വന്തം സംസ്ഥാനത്തിന് പുറത്തു തീര്‍ത്തും പ്രസക്തമല്ലാത്ത നേതാക്കന്മാരും അവരുടെ ഉപഗ്രഹങ്ങളും അടങ്ങുന്ന പ്രാദേശിക കക്ഷികള്‍ രാജ്യ ഭരണത്തില്‍ നിര്‍ണായകമാകുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ സാഹചര്യം വരാന്‍ പോകുന്നു എന്നാണ് സൂചന.
പ്രവചനഫലങ്ങളുടെ ശരി തെറ്റുകള്‍ എന്തുമാകട്ടെ ഇത്തരം അഭിപ്രയ സര്‍വേകള്‍ ഇന്ത്യന്‍ വോട്ടര്‍മാരില്‍ തെറ്റായ പല സ്വാധീനങ്ങളും ചെലുത്താന്‍ പര്യാപ്തമാണ്. ഇത് കണക്കിലെടുത്ത് പോള്‍ സര്‍വേകളും എക്‌സിറ്റ് പോള്‍ സര്‍വേകളും നിരോധിക്കണമെന്ന അഭിപ്രായം തന്നെ പല കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. വേണ്ടത്ര രാഷ്ട്രീയപ്രബുദ്ധത കൈവരിക്കാത്ത നമ്മുടെതു പോലുള്ള ആള്‍ക്കൂട്ട സമൂഹങ്ങളില്‍ ഇത്തരം മുന്‍കൂട്ടിയുള്ള ഫലപ്രവചനങ്ങള്‍ ഗുണത്തേക്കാളധികം ദോഷം ചെയ്യാനാണ് സാധ്യത. ഭരണ കക്ഷിക്കും പ്രതിപക്ഷത്തിനും ഒരുപോലെ മുന്‍കൂട്ടി പ്രവചനഫലങ്ങളെ മറികടക്കാന്‍ പാകത്തിനുള്ള പല പൊടിക്കൈകളും പയറ്റുന്നതിനു ഇത്തരം അഭിപ്രായ വോട്ടെടുപ്പുകള്‍ സാഹചര്യം ഒരുക്കുന്നു. ഇവയിലധികവും താത്കാലിക നേട്ടങ്ങളെ മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ളുവയും ദീര്‍ഘകാല ലക്ഷ്യങ്ങളെ അവഗണിച്ചുള്ളവയും ആകാനേ സാധ്യതയുള്ളു. രാജ്യത്തിന്റെ വിദേശബന്ധങ്ങളെയും ഇത് ദോഷകരമായി ബാധിക്കും. തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍വരാന്‍ സാധ്യതയുള്ള കക്ഷികളുമായും അവയുടെ നേതാക്കന്മാരുമായി പല തരത്തിലുമുള്ള അവിശുദ്ധ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ വിദേശ രാജ്യങ്ങളും വന്‍കിട കോര്‍പ്പറേറ്റുകളും മുന്നോട്ടു വരും. കള്ളപ്പണത്തിന്റെ വന്‍തോതിലുള്ള ഒഴുക്ക് കൊണ്ടു തിരഞ്ഞടുപ്പ് രംഗം മലീമസമാകാനും ഇതൊക്കെ വഴിവെക്കും.
നിലവിലുള്ള മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെയും അവയുടെ അനുബന്ധ കക്ഷികളെയും ജനങ്ങള്‍ എങ്ങനെ കാണുന്നു എന്ന് പരിശോധിക്കുന്നത് പോകട്ടെയെന്ന് വെക്കാം. ഇതിലെ മറ്റൊരപകടം പ്രധാനമന്ത്രി ആരായിരിക്കണം എന്നതു പോലുള്ള ഒരു വ്യാജ അജന്‍ഡ ജനങ്ങള്‍ക്കു മുമ്പിലെറിഞ്ഞു കൊടുത്ത് അവരുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിലെ അസംബന്ധം കാണാതെ പോകുന്നു എന്നതാണ്. ഇന്ത്യയില്‍ നിലവിലുള്ളത് ഒരു പ്രസിഡന്‍ഷ്യന്‍ സമ്പ്രദായം അല്ല. അങ്ങനെയെങ്കില്‍ വ്യക്തികളെ കേന്ദ്രീകരിച്ചുള്ള ഇത്തരം ന്യായവാദങ്ങളെ സാധൂകരിക്കാമായിരുന്നു. നമ്മുടെത് ബഹുകക്ഷി സ്വഭാവത്തില്‍ അധിഷ്ഠിതമായ ഒരു പാര്‍ലിമെന്ററി സമ്പ്രദായമാണ്. തിരഞ്ഞെടുപ്പിനു ശേഷം ഭൂരിപക്ഷം സീറ്റുകള്‍ നേടുന്ന കക്ഷിയുടെ നേതാവിനെ മന്ത്രിസഭ രൂപവത്കരിക്കാന്‍ ഭരണഘടനാധ്യക്ഷന്‍ കൂടിയായ പ്രസിഡന്റ് ക്ഷണിക്കുക എന്നതാണ് കീഴ്‌വഴക്കം. എന്നാല്‍ ഇതിനെ മറികടന്നുകൊണ്ട് മാധ്യമങ്ങളും അഭിപ്രായ വോട്ടെടുപ്പുകാരും ഒക്കെ നമ്മുടെ രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തനത്തെ അവയുടെ നേതാവിനു ചുറ്റുമായി വെട്ടി ഒതുക്കുകയും എല്ലാ ചര്‍ച്ചകളും അയാളിലേക്കു കേന്ദ്രീകരിക്കുകയും ചെയ്യുന്ന പതിവ് ഇന്ദിരാഗാന്ധിയുടെ കാലം മുതലാണ് ഇവിടെ പ്രബലമായത്.
ദേശീയ രംഗത്തും അന്തര്‍ദേശീയ രംഗത്തും അതികായനായിരുന്ന നെഹ്‌റുവിന്റെ കാലത്തു പോലും തന്നെ കേന്ദ്രീകരിച്ചുള്ള ഒരു മാധ്യമ ചര്‍ച്ചക്കു അദ്ദേഹം വഴിയൊരുക്കുകയുണ്ടായിട്ടില്ല. നെഹ്‌റുവിനു ശേഷം ആര്? എന്ന ചോദ്യത്തിനു ഉത്തരം കണ്ടുപിടിക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനു അത്രയൊന്നും പ്രയാസപ്പെടേണ്ടി വന്നില്ല. തികച്ചും ജനാധിപത്യമാര്‍ഗത്തില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ നെഹ്‌റുവിന്റെ പിന്‍ഗാമിയായി നിര്‍ദേശിക്ക2ുകയും അദ്ദേഹം സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. ശാസ്ത്രിയുടെ മരണശേഷമാണ് കോണ്‍ഗ്രസ് മുകളില്‍ നിന്നു നൂലിന്മേല്‍ കെട്ടിയിറക്കിയ ഒരു നേതാവിനു ചുറ്റും കറങ്ങിത്തിരിഞ്ഞുകൊണ്ട് തികഞ്ഞ സ്തുതിപാഠകസഘം ആയി അധഃപതിച്ചത്. ജനവിധിക്കു നിന്നുകൊടുക്കുന്നതിനു പകരം ജനവിധിയെ ബലാല്‍ക്കാരേണ തങ്ങള്‍ക്കനുകൂലമാക്കുക എന്ന ഫാസിസ്റ്റ് തന്ത്രത്തിലേക്കു കോണ്‍ഗ്രസും പിന്നാലെ മറ്റു പാര്‍ട്ടികളും വീഴുകയായിരുന്നു.
അഭിപ്രായ വോട്ടെടുപ്പിന്റെ ഏജന്‍സികള്‍ ഭാവിപ്രധാനമന്ത്രിമാരാകാന്‍ സാധ്യതയുള്ളവരായി നരേന്ദ്ര മോഡിയെയും രാഹുല്‍ ഗാന്ധിയെയും മുഖാമുഖം നിര്‍ത്തി ഇരുവരുടെയും സാധ്യതകള്‍ പ്രവചിക്കാനൊക്കെ ഇറങ്ങിത്തിരിക്കുന്നത് അത്യന്തം സാഹസികമാണ്. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും പ്രത്യേകം പ്രത്യേകം എടുത്താല്‍ അവിടെയൊക്കെ ജനപ്രീതി ആര്‍ജിച്ച ഒറ്റപ്പെട്ട നേതാക്കളെ കണ്ടെത്താനായേക്കും. അവരില്‍ ആരെങ്കിലും ഇന്ത്യന്‍ മനസ്സില്‍ പൊതുവില്‍ സ്ഥാനം നേടിയിട്ടുള്ളവരാണെന്ന് അവകാശപ്പെടുന്നത് മൗഢ്യമാണ്. അങ്ങനെ ഇന്ത്യക്കാകെ പ്രിയപ്പെട്ട ഒരു പൊതു നേതാവ് ഇന്നു കോണ്‍ഗ്രസിലോ ബി ജെ പിയിലോ മറ്റേതെങ്കിലും പാര്‍ട്ടികൡലോ ഉള്ളതായി ആരും കരുതുന്നില്ല. ആ നിലക്കു മന്‍മോഹന്‍ സിംഗ്, അന്നാ ഹസാരെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, നരേന്ദ്ര മോഡി, എല്‍ കെ അഡ്വാനി, സുഷമാ സ്വരാജ്, മമതാ ബാനര്‍ജി, നിതീഷ്‌കുമാര്‍, പി ചിദംബരം, മായാവതി, അരവിന്ദ് കെജരിവാള്‍ എന്നീ നേതാക്കള്‍ക്കനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയവരുടെ സംഖ്യയുടെ അടിസ്ഥാനത്തില്‍ ഒന്നുകില്‍ മോഡി അല്ലെങ്കില്‍ രാഹുല്‍ അടുത്ത പ്രധാനമന്ത്രിയാകും എന്നൊക്കെയുള്ള പ്രതീതി സൃഷ്ടിച്ച് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ എന്ത് മാധ്യമനീതിയാണുള്ളത്? അതുപോലെ മുസ്‌ലിംകള്‍ ഇന്നയാള്‍ക്കനുകൂലമാണ്, പട്ടികജാതി പട്ടികവര്‍ഗക്കാര്‍ ഇന്നയാളെ അനുകൂലിക്കുന്നു, സ്ത്രീകളുടെ പിന്തുണ ഇന്നയാള്‍ക്കാണ് എന്നൊക്കെ പ്രചരിപ്പിക്കുന്ന ഇത്തരം അഭിപ്രായസര്‍വേകള്‍ നമ്മുടെ ജനാധിപത്യത്തിന്റെ ആരോഗ്യത്തെ ഒട്ടും പുഷ്ടിപ്പെടുത്താന്‍ പോകുന്നില്ല.
‘മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി’ എന്നു പറയുന്നതുപോലെ ബ്രിട്ടീഷുകാര്‍ അടക്കിഭരിച്ചിരുന്ന ഇന്ത്യയുടെ പഴയ നാട്ടുരാജ്യങ്ങള്‍ വീണ്ടും പഴയ നാടുവാഴി ക്രമത്തിലേക്ക് പതിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് 2014ലെ ഇന്ത്യയെക്കുറിച്ച് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള അഭിപ്രായസര്‍വേ. ഇന്ത്യയിലെ ദേശീയ പാര്‍ട്ടികള്‍ എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസും ബി ജെ പിയും- രണ്ടിനും ബദലെന്നവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് കക്ഷികളും ഇന്ത്യന്‍ ദേശീയതുടെ മുഖ്യധാരയില്‍ നിന്നും പുറന്തള്ളപ്പെടുകയാണ്. അവരുടെ ജനപിന്തുണ കേവലം ചില പ്രാദേശിക കേന്ദ്രങ്ങളില്‍ മാത്രമായി പരിമിതപ്പെടുകയാണ്. ഇന്ത്യന്‍ ജനതയുടെ മൂന്നിലൊന്നു പേരുടെ പിന്തുണ പോലും ആര്‍ജിക്കാന്‍ കഴിയാത്ത രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്ക് ഒരു രാജ്യത്തെ യഥേഷ്ടം ഭരിക്കാന്‍ കഴിയുമെന്ന അവസ്ഥ നേരത്തെ തന്നെ സംജാതമായിരുന്നു. വരുന്ന തിരഞ്ഞെടുപ്പോടെ അതേതാണ്ട് പൂര്‍ണമാകും. ഇപ്പോഴത്തെ പ്രവചനഫലമനുസരിച്ചു കോണ്‍ഗ്രസ്സിന് ഇന്ത്യന്‍ ജനതയുടെ ഇരുപത്തിയെട്ടു ശതമാനം വോട്ടും ബി ജെ പിക്ക് 28 ശതമാനം വോട്ടുമാണ് പ്രതീക്ഷിക്കാവുന്നത്.
അധികാരം കൈയാളുക എന്ന ഒറ്റ ലക്ഷ്യമല്ലാതെ മറ്റൊന്നിലും യാതൊരു തരത്തിലുള്ള ആശയപ്പൊരുത്തവും ഇല്ലാത്തവരുടെ കൂട്ടുകച്ചവടമായി ഇന്ത്യയുടെ ഭരണം മാറുകയാണ്. ഈ സാധ്യത മനസ്സിലാക്കി പുതിയ രാഷ്ട്രീയ കക്ഷികളും രാഷ്ട്രീയ സംഖ്യങ്ങളും തിരഞ്ഞെടുപ്പിനു മുമ്പായി നാട്ടിലുടനീളം മുളച്ചുപൊന്താന്‍ സാധ്യതയുണ്ട്. പാര്‍ലിമെന്റിലും നിയമസഭകളിലും ജനപ്രതിനിധികളായി എത്തുന്നവരില്‍ ക്രിമിനല്‍ കേസില്‍ പ്രതികളായവരുടെ ശതമാനം 15 മുതല്‍ 20വരെ വരും. ഏറ്റവും കൂടുതല്‍ എം പിമാരുള്ള ഉത്തര്‍ പ്രദേശിലെ എം പിമാരിലും എം എല്‍ എമാരിലും 50 ശതമാനം പേരും ക്രിമിനലുകളാണ്. അവരില്‍ ഒരാളുടെപേരില്‍ 14 കൊലപാതക കേസുകള്‍ ഉള്‍പ്പെടെ 36 കേസുകള്‍ നിലവിലുണ്ടെന്നാണ് ഒരു പത്രം റിപ്പോര്‍ട്ട ചെയ്തിരിക്കുന്നത്.(ഠവല ഒശിറൗ. 24വേ ഖൗഹ്യ 2013)മറ്റൊരാളുടെ പേരില്‍ നിലവിലുള്ള 20 കേസുകളില്‍ 12 എണ്ണവും കൊലക്കേസുകളാണത്രേ. അഴിമതിയും സ്ത്രീപീഡനവും ഒക്കെ ജനപ്രതിനിധികളെ സംബന്ധിച്ചിടത്തോളം നിസ്സാരമായ കുറ്റങ്ങളായി, അവരെ വോട്ട് ചെയ്തു ജയിപ്പിക്കുന്നവര്‍ കാണുന്നുവെന്നു വേണമല്ലോ കരുതാന്‍!
2014ലെ ഇന്ത്യ ഈ നിലയില്‍ 2013ല്‍ നിന്നും ഏറെയൊന്നും വ്യത്യസ്തമായിരിക്കും എന്നു കരുതാന്‍ നിവൃത്തിയില്ല. ഒരു ജനത അര്‍ഹിക്കുന്ന നേതൃത്വത്തെ അവര്‍ക്കു ലഭിക്കുന്നു എന്നാണല്ലോ. ഈ അവസ്ഥക്കു മാറ്റം വരുത്തുക എന്ന വിദൂരലക്ഷ്യമില്ലെങ്കിലും വെച്ചു പുലര്‍ത്തുന്നെങ്കില്‍ നമ്മള്‍ അടിയന്തരമായി ചെയ്യേണ്ടത് രാജ്യത്തു നിലനില്‍ക്കുന്ന തികച്ചും അശാസ്ത്രീയമായ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ ശാസ്ത്രീയമായി പരിഷ്‌കരിക്കുക എന്നതായിരിക്കണം. ജനാധിപത്യം ഭൂരിപക്ഷ ജനത്തിന്റെ ഹിതവും താത്പര്യവും ആണ് പ്രതിഫലിപ്പിക്കേണ്ടത്. ഭരണസൗകര്യത്തിന് വേണ്ടിയുണ്ടാക്കുന്ന താത്കാലികമായ ഒത്തുതീര്‍പ്പിലൂടെ ഉണ്ടാക്കുന്ന കൃത്രിമ ഭൂരിപക്ഷമല്ല യഥാര്‍ഥ ഭൂരിപക്ഷം ആണ് ആവശ്യം. അതു സാധ്യമാക്കുന്ന തരത്തിലുള്ള ഇരുകക്ഷി വ്യവസ്ഥയോ അനുപാതിക പ്രാതിനിധ്യം ഉറപ്പ് വരുന്ന തരത്തിലുള്ള ബഹുകക്ഷി വ്യവസ്ഥയോ നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here