Connect with us

Articles

555 വ്യാജ ഏറ്റുമുട്ടലുകള്‍ !

Published

|

Last Updated

വ്യാജ ഏറ്റുമുട്ടലുകള്‍ രാജ്യത്തിന് അപമാനമായി തീരുകയാണ്. പൗരന്‍മാരുടെ ചോര ചിന്തി നിക്ഷിപ്ത താത്പര്യങ്ങള്‍ സംരക്ഷിക്കാനും പ്രതിച്ഛായ മെച്ചപ്പെടുത്താനും ജനശ്രദ്ധ തിരിച്ചുവിടാനും വ്യക്തിത്വ മഹത്വം വിളംബരപ്പെടുത്താനുമുള്ള ഈ പ്രവണത ഇന്ത്യയിലെ മാത്രം പ്രതിഭാസമായിരിക്കും. സ്വന്തം പൗരന്‍മാരെ ശത്രുക്കളായി കാണുന്ന പ്രജാപതികളുടെ സ്വന്തം തട്ടകമാണ് ഇന്ത്യ. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 555 വ്യാജ ഏറ്റുമുട്ടലുകളാണ് ഉണ്ടായതെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത് ഈയടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. അതായത് വര്‍ഷം അനധികൃതമായി ശരാശരി നൂറിലേറെ ജീവനുകള്‍ അധികാരികളുടെ തോക്കിനിരയാകുന്നു.
പൗരന്‍മാരുടെ സ്വത്തും ജീവനും അഭിമാനവും സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെയാണ് മരണവ്യാപാരികളാകുന്നത് എന്നത് വിചിത്രമായി തോന്നാം. ഇത് കാലം കഴിയും തോറും വര്‍ധിച്ചുവരികയുമാണ്. 2002-07 കാലഘട്ടത്തില്‍ 440 വ്യാജ ഏറ്റുമുട്ടല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അന്ന് ഉത്തര്‍ പ്രദേശില്‍ 231ഉം രാജസ്ഥാനില്‍ 33ഉം മഹാരാഷ്ട്രയില്‍ 31ഉം ഡല്‍ഹിയില്‍ 26ഉം ആന്ധ്രാ പ്രദേശില്‍ 22ഉം ഉത്തരാഞ്ചലില്‍ 91ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 2008-09 കാലത്ത് മാത്രം 369 വ്യാജ ഏറ്റുമുട്ടലുകള്‍ ഉണ്ടായി. ഉത്തര്‍പ്രദേശ് 111, മണിപ്പൂര്‍ 60, പശ്ചിമ ബംഗാള്‍ 23, തമിഴ്‌നാട്-15, മധ്യപ്രദേശ്- 15 എന്നിങ്ങനെയാണ് കണക്കുകളുടെ കഥ. മണിപ്പൂരില്‍ വ്യാജ ഏറ്റുമുട്ടലുകളെ സംബന്ധിച്ച് പഠിക്കാന്‍ സുപ്രീം കോടതി സമതിയെ നിയോഗിച്ചിരിക്കുകയാണ്. 12 വയസ്സുകാരനെയടക്കം 1528 കൊലപാതകങ്ങള്‍ ഉണ്ടായി എന്നാണ് ദി എക്‌സ്ട്രാ ജുഡീഷ്യല്‍ എക്‌സിക്യൂഷന്‍ വിക്ടിം ഫാമിലീസ് അസോസിയേഷന്‍ (എ എ വി എഫ് എ എം) പറയുന്നത്. ഇതില്‍ ആറെണ്ണം വ്യാജ ഏറ്റുമുട്ടലുകളാണെന്ന് സുപ്രീം കോടതി പാനല്‍ കണ്ടെത്തി. സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം (അഫ്‌സ്പ) ബാധകമല്ലാത്ത പ്രദേശങ്ങളില്‍ പോലും ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിനെ സംബന്ധിച്ച് ക്രോസ്‌വിസ്താരത്തിനിടെ ചോദിച്ചപ്പോള്‍ അഫ്‌സ്പ ബാധകമാകുന്ന മേഖലകള്‍ ഏവ, ഇല്ലാത്തവ ഏവ എന്നതിനെ സംബന്ധിച്ച വിവരം ഉദ്യോഗസ്ഥര്‍ക്ക് ഇല്ലായിരുന്നു. നിയമത്തിന്റെ വിശദാംശങ്ങളെ കുറിച്ച് ലെവലേശമറിയാതെ, നിയമം പ്രയോഗിക്കുന്നതിന്റെ ഫലങ്ങളാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. മണിപ്പൂരില്‍ തന്നെ ഇറോം ശര്‍മിള 12 വര്‍ഷമായി സമരം തുടരുകയാണ്. സ്ത്രീകളുടെ അഭിമാനത്തിന് തരിമ്പും വില കല്‍പ്പിക്കുന്നില്ലെന്ന് മാത്രമല്ല അവരുടെ സ്ത്രീത്വം ഇല്ലാതാക്കിയ സൈനിക ധാര്‍ഷ്ട്യത്തിനെതിരെയാണ് ഇറോം നിരാഹാരമിരിക്കുന്നത്. കാശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് യുവതികളെ സൈനികര്‍ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മുറിപ്പെടുത്തുന്ന ഓര്‍മകള്‍ ഇനിയും മാഞ്ഞിട്ടില്ല. സമാന സംഭവങ്ങള്‍ തുടരുകയുമാണ്. കാശ്മീരില്‍ നിന്നു തന്നെ സൈനികരുടെ വെടിയുണ്ടയേറ്റ് പിടയുന്ന സാധാരണക്കാരനായ നിരായുധന്റെ ദീനരോദനങ്ങള്‍ ഇടക്കിടെ ഉയരുന്നുണ്ട്. റമസാന്‍ മാസത്തില്‍ പള്ളിയില്‍ ബൂട്ടിട്ട് കയറി ഇമാമിനെ മര്‍ദിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധ മാര്‍ച്ചിലേക്ക് വെടി പൊട്ടിച്ച് രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. അേത മാസം രാത്രിയില്‍ വീടുകളില്‍ കയറി തിരച്ചില്‍ നടത്തുന്നതിനിടെ വെടിവെച്ച് രണ്ട് യുവാക്കളെ സൈന്യം വധിച്ചിരുന്നു. ഗ്രാമത്തില്‍ സൈന്യം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഇതില്‍ ഭയന്ന യുവാക്കള്‍ വീടുവിട്ടിറങ്ങിയപ്പോള്‍ വെടിവെച്ചുവെന്നുമാണ് ഗ്രാമീണര്‍ പറയുന്നത്.
സ്വന്തം പൗരന്മാരുടെ ചോര ചിന്തുന്ന പ്രവണത നാള്‍ക്കുനാള്‍ കൂടി വരികയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാശ്മീരിലും സ്ഥിതി സമാനമാണ്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തന്നെ, ജനവിരുദ്ധ നയനിലപാടുകളുമായി മുന്നേറുകയും ജനജീവിതം ദുസ്സഹമാകുകയും ചെയ്യുമ്പോഴാണ് ജനങ്ങള്‍ സര്‍ക്കാറുകള്‍ക്കെതിരെ തിരിയുന്നത്. കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കൃഷിഭൂമി തീറെഴുതി കൊടുക്കുകയും പാവപ്പെട്ട മണ്ണിന്റെ മക്കള്‍ വഴിയാധാരമാകുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായ പ്രതിഷേധം പോലും സര്‍ക്കാര്‍വിരുദ്ധമായും ദേശവിരുദ്ധമായും ചിത്രീകരിക്കപ്പെടുന്നു. പ്രതിഷേധങ്ങളെ മുളയിലേ നുള്ളാന്‍ വേണ്ടി ദേശവിരുദ്ധത ആരോപിച്ച് അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നയങ്ങള്‍ പലപ്പോഴും മാവോയിസ്റ്റുകള്‍ക്കും മറ്റ് വിഘടനവാദ, തീവ്രവാദ സംഘടനകള്‍ക്കും കരുത്തേറിയ തായ്‌വേരായി മാറുകയാണ്. ദേശസുരക്ഷക്ക് പണം ഇടിച്ചുതള്ളുമ്പോഴും അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ മനസ്സ് കീഴടക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്കായില്ല. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകളായിട്ടും ഇതില്‍ മാറ്റമുണ്ടാകാത്തത് പൂര്‍ണപരാജയമായേ കാണാനാകൂ. അതേസമയം, കോര്‍പ്പറേറ്റുകളുടെയും സാമ്രാജ്യത്വ ശക്തികളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകാനും അതിന് എന്ത് നിയമനിര്‍മാണവും ഏത് കുറുക്കുവഴിയിലൂടെയുണ്ടാക്കാനും അതിന് ഏത് കക്ഷികളുമായി ചേരുംപടി ചേരാനും ഭരണാധികാരികള്‍ക്ക് യാതൊരു മടിയുമില്ല എന്നതാണ് സത്യം.
അന്നം നേടിത്തരുന്ന മണ്ണ് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുമ്പോള്‍ തകരുന്നത് ഒരു ജീവിതമല്ല മറിച്ച് തലമുറകളുടെ ജീവിതമാണ്. അത് ശക്തമായ വെറുപ്പാണ് കര്‍ഷകരിലുണ്ടാക്കുന്നത്. മണ്ണിന്റെ നനവും ഇനിപ്പും അതിലെ ഉയിരെടുപ്പും അന്നത്തോടൊപ്പം ആത്മസംതൃപ്തിയും കര്‍ഷകനേകുന്നു. പെട്ടെന്നൊരു സുപ്രഭാതത്തില്‍ മണ്ണുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അറുത്തുമാറ്റുമ്പോള്‍ അധികാരിവിരുദ്ധ മനോഭാവമാണ് രൂഢമൂലമാകുന്നത്. ഒഡീഷയിലെ പോസ്‌കോയില്‍ കര്‍ഷകരുടെ രണ്ടായിരത്തിലേറെ ഏക്കര്‍ ഭൂമി കവര്‍ന്ന് കൊറിയന്‍ ഉരുക്കു കമ്പനിയായ പോസ്‌കോക്ക് നല്‍കിയത് ഈയടുത്താണ്. അട്ടപ്പാടിയില്‍ മണ്ണില്‍ വിയര്‍പ്പൊഴുക്കി മാത്രം പൊന്ന് വിളയിക്കാന്‍ അറിയുന്ന ആദിവാസികളുടെ മണ്ണെടുത്ത് മുതലാളിമാരുടെ മടിശ്ശീല നിറക്കാന്‍ അനുവദിച്ചതിന്റെ അനന്തര ഫലങ്ങളാണ് പിഞ്ചുകുഞ്ഞുങ്ങളുടെ പട്ടിണി മരണങ്ങളില്‍ കലാശിച്ചത്. ആകയാല്‍ പൗരന്‍മാരുടെ പ്രത്യേകിച്ച് അടിസ്ഥാനവിഭാഗക്കാരുടെ താത്പര്യം സംരക്ഷിച്ചില്ലെങ്കിലും അവരുടെ വികാരം വ്രണപ്പെടുത്തുന്നതും അവരെ ദുരിതത്തിലേക്ക് തള്ളിവിടുന്നതും പല അസ്വാരസ്യങ്ങള്‍ക്കും ഇടവരുത്തുന്നതാണ്. അവരുടെ ജീവിതം തന്നെ നശിപ്പിച്ചാലോ? അത്തരമൊരു അവസ്ഥയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്. രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ള കശാപ്പാണ് ഏറെ ദുഃഖകരം. തന്റെ ശത്രുക്കളുടെ എണ്ണം വര്‍ധിക്കുകയാണെന്നും താന്‍ നിരന്തരം വേട്ടയാടപ്പെടുന്നവനാണെന്നും ഉള്ള സന്ദേശത്തിലൂടെ വ്യക്തിപ്രാധാന്യം വര്‍ധിപ്പിച്ച് അതുവഴി രാഷ്ട്രീയ മൈലേജുണ്ടാക്കാന്‍ വളഞ്ഞവഴി സ്വീകരിച്ച ഗുജറാത്ത് ഏകാധിപതി മോഡിയുടെ വക്രബുദ്ധി ജനാധിപത്യ ലോകത്തിന് കറുത്ത പൊട്ടാണ്. ഗുജറാത്തില്‍ മോഡിത്വം രൗദ്രഭാവം പൂണ്ട സമയത്തെ ഭരണകൗടില്യങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തുകയും മുസ്‌ലിംകളുടെ പിന്തുണയില്ലെങ്കില്‍ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുമെന്നും ഉത്തമബോധ്യമുള്ള കോണ്‍ഗ്രസ് മുതല്‍ തുടങ്ങിവെച്ച പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനാലാണ് മോഡിക്കെതിരെയും വ്യാജ ഏറ്റുമുട്ടലുകള്‍ക്കെതിരെയും ശക്തമായി രംഗത്തുള്ളതെങ്കിലും പുറത്തുവരുന്ന സത്യങ്ങള്‍ ഗുണകരമാണ്. ഈ സംഭവങ്ങളില്‍ തന്നെ തലനാരിഴ കീറിയുള്ള അന്വേഷണത്തിനോ നടപടിക്കോ സി ബി ഐക്ക് അനുവാദമില്ല. “കൂട്ടിലടച്ച തത്ത”ക്ക് ധാരാളം പരിമിതികളുണ്ടല്ലോ. എന്തായാലും, തണുത്ത കാറ്റ് വീശുന്ന രാത്രിയില്‍ അറവുമാടുകളെ പോലെ നടുറോഡില്‍ നിരനിരയായി ഇരുത്തിച്ച് ക്ലോസ് റേഞ്ചില്‍ നിന്ന് തുരുതുരാ വെടിവെച്ച് അധികാരക്കസേരയുടെ കാല് ഉറപ്പിക്കാന്‍ സഹായിച്ച പോലീസ് അധികാരികളുടെത് രക്തമുറക്കുന്ന ചെയ്തികളും ഇരകള്‍ നിരപരാധികളും ആണെന്ന് മാലോകര്‍ക്ക് ബോധ്യപ്പെട്ടത് രാജ്യത്തെ മുസ്‌ലിംകള്‍ ഏറെ ആശ്വാസത്തോടെയാണ് കാണുന്നത്. കാരണം അന്നത്തെ തീവ്രവാദമുദ്ര പതിഞ്ഞതിന്റെ പാടുകള്‍ മായുന്നതും വ്യവസ്ഥിതി തിരുത്തുന്നതും ഗുണകരമാണല്ലോ. ഇതേ അവസ്ഥ തന്നെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാശ്മീരിലും ഇപ്പോഴും നിര്‍ബാധം നടമാടുന്നത്.
മറ്റൊരു പ്രധാന വശം ഉത്തര്‍ പ്രദേശിലെ ഗുണ്ടാരാജാണ്. കാലം ഇത്രയേറെ പുരോഗമിച്ചിട്ടും മാഫിയാ തലവന്‍മാരും അധോലോകവുമാണ് യു പിയെ ഇപ്പോഴും നയിക്കുന്നത്. മാഫിയാ ശല്യത്തിന് തടയിടുന്നതിന് പകരം പരല്‍ മീനുകളെ കൊന്നു കൊലവിളിക്കുന്ന രീതി കാരണമാണ് അവിടെ ഇത്രയേറെ വ്യാജ ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഭ്രപാളികളെ നിറം പിടിപ്പിച്ച കഥകളും ആക്ഷന്‍ തരംഗങ്ങളും പോലീസുകാരെയും സ്വാധീനിച്ചിരിക്കും. എന്തായാലും ഇത്തരം ചോരചിന്തലുകള്‍ക്ക് അന്ത്യം കുറിച്ചേ പറ്റൂ. അതിന് വേണ്ട പരിശീലനവും പോലീസ് സേനക്കും മറ്റും നല്‍കേണ്ടിയിരിക്കുന്നു.

Latest