Connect with us

Editorial

സമാധാന ചര്‍ച്ച എന്ന പ്രഹസനം

Published

|

Last Updated

ഫലസ്തീന്‍ ജനതയെ അമേരിക്ക വീണ്ടും വഞ്ചിക്കുന്നു. സമാധാന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ ഫലസ്തീന്‍ ഭൂമിയില്‍ ഇസ്‌റാഈല്‍ നടത്തുന്ന അനധികൃത കുടിയേറ്റത്തെ ന്യായീകരിക്കുന്ന അമേരിക്കന്‍ നിലപാട് അവരുടെ കള്ളക്കളി വ്യക്തമാക്കുന്നുണ്ട്. യു എസ് നേതൃത്വത്തില്‍ പുതിയ സമാധാന ശ്രമങ്ങള്‍ ആരംഭിച്ച ശേഷം 1967ലെ യുദ്ധത്തില്‍ ഇസ്‌റാഈല്‍ കൈയടക്കിയ ഫലസ്തീന്‍ ഭൂമിയില്‍ 2142 ഭവനങ്ങള്‍ കൂടി നിര്‍മിക്കുന്നതിന് ജൂത ഭരണകൂടം അനുമതി നല്‍കുകയുണ്ടായി. കിഴക്കന്‍ ജറൂസലമിലും വെസ്റ്റ് ബാങ്കിലുമായി 1200വീടുകള്‍ക്ക് ഞായറാഴ്ചയും കിഴക്കന്‍ ജറുസലമില്‍ വീണ്ടും 942 വീടുകള്‍ക്ക് ചൊവ്വാഴ്ചയുമാണ് ജറൂസലം മുനിസിപ്പാലിറ്റി അംഗീകാരം നല്‍കിയത്. കിഴക്കന്‍ ജറൂസലമില്‍ ഉയര്‍ന്നു വരുന്ന മൊത്തം ജൂത വീടുകളുടെ എണ്ണം 3100 വരും. വീടുകള്‍ക്ക് പുറമെ യൂനിവേഴ്‌സിറ്റി, മ്യൂസിയം, ഷോപ്പിംഗ് മാളുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയവയും നിര്‍മിച്ചു വരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ മേഖലകളിലെ ഇസ്‌റാഈല്‍ കുടിയേറ്റം 20 ശതമാനം വര്‍ധിച്ചു. കുടിയേറ്റ കേന്ദ്രങ്ങളില്‍ മൂന്നര ലക്ഷം ജൂതന്മാര്‍ ഇപ്പോള്‍ താമസിച്ചുവരുന്നുണ്ട്.
മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ മുന്‍കൈയാല്‍ കഴിഞ്ഞ മാസം 31 നാണ് ഉഭയകക്ഷി സംഭാഷണം പുനരാരംഭിച്ചത്. ഫലസ്തീന്‍- ഇസ്‌റാഈല്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനും ഒമ്പത് മാസത്തിനകം ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് രുപം നല്‍കാനും ചര്‍ച്ച വഴിതുറക്കുമെന്നാണ് ജോണ്‍ കെറിയുടെ അവകാശ വാദം. എന്നാല്‍ സമാധാന ചര്‍ച്ച ആരംഭിച്ചാല്‍ അതിക്രമങ്ങളും കൈയേറ്റങ്ങളും നിര്‍ത്തിവെക്കലാണ് സാമാന്യ മര്യാദയെന്നിരിക്കെ തങ്ങള്‍ക്കതൊന്നും ബാധകമല്ലെന്ന മട്ടിലാണ് ഇസ്‌റാഈലിന്റെ നീക്കങ്ങള്‍. അധിനിവേശ പ്രദേശങ്ങളിലെ വീട് നിര്‍മാണത്തിന് പുതിയ നയരേഖയില്‍ ഇളവനുവദിച്ചിട്ടുണ്ടെന്നും സമാധാന ചര്‍ച്ചയെ ഇത് ബാധിക്കില്ലെന്നുമാണ് ന്യായം. പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇസ്‌റാഈലിനെ പിന്തിരിപ്പിക്കേണ്ട യു എസ് മാധ്യസ്ഥന്‍ ജോണ്‍ കെറിയുടെ പ്രതികരണം ചര്‍ച്ച അതിന്റെ വഴിക്കും അനധികൃത വീട് നിര്‍മാണം അതിന്റെ വഴിക്കും നടക്കട്ടെയെന്ന മട്ടിലും. കൂടുതല്‍ ജൂത ഭവനങ്ങള്‍ക്കുള്ള ഇസ്‌റാഈല്‍ അനുമതി യു എസ് പ്രതീക്ഷിച്ചതാണത്രെ. സമാധാന ചര്‍ച്ച എന്ന പ്രഹസനത്തിലൂടെ ഫലസ്തീനികളുടെ പ്രതിഷേധം തണുപ്പിക്കുകയും അതിന്റെ മറവില്‍ ജൂതകുടിയേറ്റം ഊര്‍ജിതപ്പെടുത്താന്‍ ഇസ്‌റാഈലിന് അവസരമൊരുക്കുകയുമാണോ യു എസ് തന്ത്രമെന്ന് സംശയിക്കണം.
ആറര പതിറ്റാണ്ടിലേറെ പഴക്കമുള്ളതും നിരവധി സങ്കീര്‍ണ പ്രശ്‌നങ്ങളില്‍ കുരുങ്ങിക്കിടക്കുന്നതുമായ ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇപ്പോഴത്തെ ചര്‍ച്ച കൊണ്ടാകുമെന്ന വിശ്വാസം അതിന് നേതൃത്വം നല്‍കുന്ന യു എസിനോ, ഫലസ്തീനികള്‍ക്കോ ഉണ്ടാകാനിടയില്ല. യു എസ് മുന്‍കൈയെടുക്കുന്ന ചര്‍ച്ചകളും സ്വയംഭരണമനുവദിക്കാത്ത ഫലസ്തീന്‍ രാഷ്ട്ര പ്രഖ്യാപനവും യു എന്നിലെ നിരീക്ഷക രാഷ്ട്ര പദവിയുമൊക്കെ ലോക ജനതയുടെ കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്. 1967 ലെ യുദ്ധത്തിന് മുമ്പുള്ള അതിര്‍ത്തിക്ക് അംഗീകാരം, ഫല്‌സതീന്‍ രാഷ്ട്രത്തിന് പരിപൂര്‍ണ സ്വാതന്ത്ര്യം, അഭയാര്‍ഥികള്‍ക്ക് സ്വദേശത്തേക്ക് തിരിച്ചുവരാന്‍ അവസരമൊരുക്കല്‍ തുടങ്ങിയ മര്‍മപ്രധാന പ്രശ്‌നങ്ങള്‍ ഇപ്പോഴും അതേപടി അവശേഷിക്കുകയാണ്. ഫലസ്തീന്‍ രാഷ്ട്രത്തിന് യു എന്‍ അംഗീകാരം നല്‍കിയെങ്കിലും ഫല സ്തീനികള്‍ക്കിന്നും സ്വന്തം മണ്ണിലൂടെ സഞ്ചരിക്കണമെങ്കില്‍ ഇസ്‌റാഈലിന്റെ അനുമതി വേണം. ദിവസത്തില്‍ ഏതാനും സമയം മാത്രം തുറന്നിരിക്കുന്ന ചെക്ക്‌പോയിന്റുകള്‍ കടന്നുവേണം സ്‌കൂള്‍, ആശുപത്രി, തൊഴില്‍, കൃഷി തുടങ്ങി ഏതാവശ്യത്തിനും അവര്‍ക്ക് സഞ്ചരിക്കാന്‍. ഇതിനിടയില്‍ വസ്ത്രാക്ഷേപ പരിശോധനകള്‍ ഉള്‍പ്പെടെ സകല മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും അവര്‍ വിധേയരാകുന്നു. ഇസ്‌റാഈലിന്റെ ഒരു കോളനി എന്നതിലുപരി ഫലസ്തീന്‍ രാഷ്ട്രത്തിന് അധികാരമേതുമില്ല. യു എന്നിന്റെ ഒത്താശയോടെ സാമ്രാജ്യത്വ ശക്തികള്‍ ഫലസ്തീന്‍ വെട്ടിമുറിച്ചു ഇസ്‌റാഈല്‍ സ്ഥാപിച്ചപ്പോള്‍ വഴിയാധാരമായ 50 ലക്ഷത്തോളം പേര്‍ 50ഓളം രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്നുണ്ട്. ഇവരെ പുനരധിവസിപ്പിക്കണമെങ്കില്‍ 1967ലെ യുദ്ധത്തില്‍ ഇസ്‌റാഈല്‍ കൈയേറിയ പ്രദേശങ്ങളില്‍ നിന്ന് ജുത കുടിയേറ്റക്കാരെ ഒഴിപ്പിക്കേണ്ടതുണ്ട്. ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങള്‍ അവഗണിച്ചു ഇസ്‌റാഈല്‍ തടവറയിലുള്ള ഏതാനും ഫലസ്തീനികളെ വിട്ടയക്കാന്‍ സമ്മതിച്ചത് വലിയ നേട്ടമായി കൊട്ടിഘോഷിക്കുന്നത് ആര്‍ക്കു വേണ്ടിയാണ്? 104 തടവുകാരെ ഇസ്‌റാഈല്‍ വിട്ടയക്കുമ്പോള്‍ ചെയ്യാത്ത കുറ്റത്തിന് കൊടിയ പീഡനങ്ങള്‍ അനുഭവിക്കുന്ന ആയിരക്കണക്കിന് ഫലസ്തീനികള്‍ ഇനിയും ഇസ്‌റാഈല്‍ തടവറകളില്‍ അവശേഷിക്കുന്നുണ്ടെന്നത് കെറിയും അദ്ദേഹത്തിന്റെ സമധാന ചര്‍ച്ചാ പ്രഹസനത്തിന് വന്‍പ്രാധാന്യം നല്‍കുന്ന അമേരിക്കന്‍ഭക്തരായ മാധ്യമങ്ങളും വിസ്മരിക്കരുത്.