Connect with us

Gulf

മസ്ജിദുകള്‍ നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുത്തു

Published

|

Last Updated

അബുദാബി: നഗരത്തിലും പരിസരങ്ങളിലുമായി പുതിയ 800 മസ്ജിദുകള്‍ നിര്‍മിക്കാനുള്ള സ്ഥലം ഏറ്റെടുത്തതായി മതകാര്യ വകുപ്പ് അറിയിച്ചു. നഗരസഭയുള്‍പ്പെടെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് അന്താരാഷ്ട്ര നിലവാരമുള്ളവയായിരിക്കും പുതുതായി നിര്‍മിക്കുന്ന മസ്ജിദുകള്‍.
മസ്ജിദുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ഇസ്‌ലാമിക പഠന പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും മതകാര്യ വകുപ്പ് നിരീക്ഷണം ശക്തമാക്കും. ഇതിന്റെ ഭാഗമായി മസ്ജിദുകളിലെ ക്ലാസുകള്‍ക്ക് നിയന്ത്രണം വരുത്തുന്നതായി മതകാര്യ വകുപ്പിനെ ഉദ്ധരിച്ച് പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.
മതകാര്യ വകുപ്പ് ജീവനക്കാരല്ലാത്തവരുടെ പേരിലുണ്ടായിരുന്ന ക്ലാസിനുള്ള അനുമതിപത്രങ്ങള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. ക്ലാസിനു അനുമതിപത്രം ലഭിക്കുന്നവര്‍ക്കു തന്നെ ക്ലാസെടുക്കേണ്ട വ്യക്തമായ നോട്ടും മതകാര്യ വകുപ്പ് നല്‍കും.
മസ്ജിദുകളില്‍ ആഴ്ചയില്‍ മൂന്ന് ക്ലാസുകള്‍ വീതം നടത്താനാണ് അനുമതി നല്‍കുക. മതകാര്യ വകുപ്പ് പ്രത്യേക പരീക്ഷയും പരിശോധനയും നടത്തി വിജയിച്ചവര്‍ക്കു മാത്രമേ ഇത്തരം ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കാന്‍ അനുവാദമുണ്ടാവുകയുള്ളൂ. മനുഷ്യത്വത്തിനു പ്രാമുഖ്യം നല്‍കുന്ന ഇസ്‌ലാമിന്റെ മധ്യമ നിലപാട് സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ മതകാര്യ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. ഈ നിലപാടിലൂന്നിയ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കാണ് വകുപ്പ് നേതൃത്വം നല്‍കുക.
രാഷ്ട്രീയമോ മതപരമോ ആയ പക്ഷപാതിത്വങ്ങള്‍ പ്രകടിപ്പിക്കാന്‍ ഒരു കാരണവശാലും അനുവാദം നല്‍കുകയില്ല. ക്ലാസിനു അനുമതി നല്‍കുന്നതില്‍ പ്രായത്തിനും പ്രത്യേക പരിഗണന നല്‍കും. 35 വയസ് കഴിഞ്ഞവര്‍ക്കേ അനുമതി ലഭിക്കുകയുള്ളൂവെന്ന് മതകാര്യ വകുപ്പിനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തിന്റെ മതപരമായ പൈതൃകത്തിന്റെയും പ്രൗഡിയുടെയും പ്രതീകങ്ങളാണ് മിനാരങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്ന 5,000 ഓളം മസ്ജിദുകള്‍. അവ പരമാവധി ഭംഗിയുള്ളതാക്കാനും മോഡിയുള്ളതാക്കാനും മതകാര്യ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്.