റാസല്‍ഖൈമയില്‍ ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ്; കാലാവധി മൂന്ന് മാസം

Posted on: August 14, 2013 9:54 pm | Last updated: August 14, 2013 at 9:54 pm
SHARE

റാസല്‍ഖൈമ: ട്രാഫിക് പിഴ അടക്കാനുള്ളവര്‍ക്ക് സന്തോഷവാര്‍ത്തയുമായി റാസല്‍ഖൈമ പോലീസ്. പിഴയടക്കേണ്ട സംഖ്യയുടെ പകുതി ഇളവ് നല്‍കിയാണ് പോലീസ് പൊതുജനങ്ങളിലേക്കിറങ്ങുന്നത്.
റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇത്തരമൊരു നീക്കമെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ഈ മാസം 18 (ഞായര്‍) മുതല്‍ മൂന്ന് മാസക്കാലമാണ് ഈ ആനുകൂല്യം നിലനില്‍ക്കുക. ചെറുതും വലുതുമായ സംഖ്യകള്‍ വാഹനങ്ങള്‍ക്ക് പിഴയടക്കാനുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇളവ് ഉപയോഗപ്പെടുത്താമെന്ന് പോലീസ് അറിയിച്ചു. റാസല്‍ഖൈമയിലെ റഡാറുകളിലൂടെ പിടികൂടിയ പിഴകള്‍ക്ക് മാത്രമേ ഈ ആനുകൂല്യം ബാധകമാവൂവെന്ന് റാസല്‍ഖൈമ പോലീസ് ഉപമേധാവി മുഹമ്മദ് അല്‍ നൗബി മുഹമ്മദ് ഓര്‍മപ്പെടുത്തി. റാസല്‍ഖൈമയില്‍ ഏര്‍പ്പെടുത്തിയ പിഴകള്‍ ഈ ആനുകൂല്യത്തോടെ രാജ്യത്തെ ഏത് ട്രാഫിക് വകുപ്പിനു കീഴിലും അടക്കാനുള്ള സൗകര്യമൊരുക്കിയതായും അദ്ദേഹം അറിയിച്ചു.