പാരമ്പര്യം വിളിച്ചോതി റാസല്‍ഖൈമയില്‍ ചുവന്ന ഭൂമി

Posted on: August 14, 2013 9:45 pm | Last updated: August 14, 2013 at 9:45 pm
SHARE

റാസല്‍ഖൈമ: യു എ ഇയുടെ വടക്കന്‍ മലയോട് ചേര്‍ന്ന് കിടക്കുന്ന റാസല്‍ഖൈമയില്‍ അറബ് പാരമ്പര്യം വിളിച്ചോതി ഒരു ചുവന്ന പ്രദേശം. അല്‍ഹംറ പ്രദേശമാണ് യു എ ഇയുടെ പഴയ കാല സംസ്‌കാരത്തെ ഓര്‍മപ്പെടുത്തുന്നത്.
യു എ ഇയിലെ ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങളും തുടര്‍ച്ചയായി ജനവാസം ഉണ്ടായിരുന്ന കേന്ദ്രവുമായിരുന്നു ഹംറ. 100 മുതല്‍ 400 വരെ വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങളില്‍ 1960 വരെ മുത്തുവാരി ജീവിതത്തിനു ഊടും പാവും നെയ്ത സആബി ഗോത്രക്കാര്‍ ജീവിച്ചിരുന്നു. മുത്തുകള്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങളിലേക്ക് കൊണ്ടുപോകലായിരുന്നു ഇവരുടെ പ്രധാന ഉപജീവന മാര്‍ഗം. 1930 ല്‍ അനുഭവപ്പെട്ട ആഗോള സാമ്പത്തിക മാന്ദ്യവും ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മുത്തുകള്‍ കൂടുതല്‍ ജനകീയമായതും ഇവരെ ജോലിയില്‍ നിന്നും പിന്തിരിപ്പിച്ചു.
കാലത്തിന്റെ കടന്നാക്രമണത്താല്‍ മങ്ങലേറ്റ കെട്ടിടത്തില്‍ താമസിക്കുന്ന സആബി ഗോത്രത്തിന്റെ സുരക്ഷ മനസിലാക്കി സര്‍ക്കാര്‍ മറ്റൊരു കോളനിയിലേക്ക് ഇവരെ മാറ്റിപാര്‍പ്പിച്ചു. ഇപ്പോള്‍ വിവിധ എമിറേറ്റുകളില്‍ വ്യാപിച്ചുകിടക്കുന്നു ഇവരുടെ കുടുംബങ്ങള്‍. പള്ളികളും സ്‌കൂളുകളും കച്ചവടസ്ഥാപനങ്ങളും മജ്‌ലിസുകളും ഇരു നില വീടുകളും ഇവിടെയുണ്ട്. കടല്‍ ജീവനക്കരായതിനാല്‍ കടല്‍ ചിപ്പുകളും പുറ്റുകളും ചേര്‍ത്താണ് ചുവരുകളും മതിലുകളും നിര്‍മിച്ചിരിക്കുന്നത്. ചുവരില്‍ പിടിപ്പിച്ച മരത്തണ്ടില്‍ പായ വിരിച്ച് അതിനു മുകളില്‍ ഈന്തപന തണ്ട് വെച്ച്കളിമണ്ണും ചുണ്ണാമ്പും ചേര്‍ത്താണ് മേല്‍ക്കൂര നിര്‍മിച്ചിരിക്കുന്നത്, സിമന്റ് കമ്പി പാടെ ഉപേക്ഷിച്ച വീടുകളായത് കൊണ്ട് കഠിന ചൂട് സമയത്തും തണുത്ത അന്തരീക്ഷമാണ് ഈ വീടുകളിലെ അകത്തളങ്ങളില്‍. ആധുനിക രീതിയിലുള്ള വീടുകള്‍ക്ക് സമാനമായ ആര്‍ച്ചുകളും ഡിസൈനുകളും വീടിനോട് ചേര്‍ന്നുള്ള മജ്‌ലിസുകളും തടി ഉപയോഗിച്ച് ചുവരുകള്‍ അലങ്കരിച്ച പ്രത്യേക മുറികളും സന്ദര്‍ശകര്‍ക്ക് കൗതുകം പകരുന്നു. കേരളീയ രീതിയിലുള്ള വീടിനകത്തെ മച്ചുകളും മരത്തടിയില്‍ നിര്‍മ്മിച്ച കട്ടിലും തൊട്ടിലും ആകര്‍ഷണീയം തന്നെ ഗ്രാമത്തില്‍ എത്തുന്ന കള്ളന്മാരേയും മറ്റ് കുറ്റവാളികളെയും പോലീസിന് ഏല്‍പ്പിക്കുന്നത് വരെ സുരക്ഷിതമായി സൂക്ഷിച്ചു വെക്കുന്നതിനു വേണ്ടി ആഴത്തിലുള്ള ഇടുങ്ങിയ ഒരു കിടങ്ങും വീടിനകത്തുണ്ട്. യു എ ഇയുടെ പഴയ സംസകാരത്തെയും ജീവിത രീതിയേയും പുതുതലമുറകള്‍ക്ക് പഠിക്കുവാനും മനസിലാക്കാനും കെട്ടിടങ്ങള്‍ പഴയത് പോലെ നിലനിര്‍ത്തിയിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശനം നടത്താന്‍ പാകത്തില്‍ പരിസരം വൃത്തിയായി സൂക്ഷിച്ചുകൊണ്ട് കെട്ടിടങ്ങളെയും സആബി കുടുംബാംഗങ്ങളില്‍ അവശേഷിക്കുന്നവരെയും റാസല്‍ഖൈമ ആര്‍ക്കിയോളജി വിഭാഗവും സംരക്ഷിച്ചു പോരുന്നു.

 

മുസ്ഥഫ കൂടല്ലൂര്‍