തുല്യനീതിക്കായി പ്രതിജ്ഞ ചെയ്യുക: ഐ സി എഫ്

Posted on: August 14, 2013 9:43 pm | Last updated: August 14, 2013 at 9:43 pm
SHARE

imagesദുബൈ: ഇന്ത്യ 66ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന വേളയില്‍ ഐ സി എഫ് യു എ ഇ നാഷനല്‍ കമ്മിറ്റി എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. ലോകത്തെ വന്‍ ശക്തിയായി മാറാനുള്ള കരുത്തും മാനവ വിഭവശേഷിയുമുള്ള മഹാരാജ്യമാണ് നമ്മുടേത്. വൈവിധ്യങ്ങളുടെ സംഗമവും സൗന്ദര്യവും നമ്മുടെ നാടിനെ വ്യത്യസ്തമാക്കുന്നു. ക്രാന്തദര്‍ശികളായ രാഷ്ട്രശില്‍പികള്‍ ദീര്‍ഘവീക്ഷണത്തോടെ നെയ്‌തെടുത്ത ഭരണഘടയിലാണ് നമ്മുടെ രാജ്യം മുന്നോട്ടുപോകുന്നത്.

സ്വാതന്ത്ര്യം നേടി ആരറപ്പതിറ്റാണ്ട് പിന്നിടുമ്പോഴും രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത മഹത്തുക്കളുടെ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേറ്റുകൊണ്ടിരിക്കുകയാണ്. അഴിമതിയും വിഘടന വംശീയ ചിന്തകളും നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ശോഭ കെടുത്തുകയാണ്. പട്ടിണിയിലും പ്രാഥമികാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നവരുമായ ജനകോടികള്‍ അധിവസിക്കുന്ന രാജ്യമായി ഇന്ത്യ ഇന്നും നിലനില്‍ക്കുന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും തുല്യനീതിയും അവകാശങ്ങളും നേടിയെടുക്കാന്‍ പര്യാപ്തമാവുന്ന രീതിയിലുള്ള നവ ഭാരത നിര്‍മിതിക്ക് എല്ലാ ഇന്ത്യക്കാരും പ്രതിജ്ഞ പുതുക്കേണ്ട അവസരമാണിത്. കപടമായ മുദ്രാവാക്യങ്ങള്‍ക്കു പിന്നിലല്ല, യഥാര്‍ഥ ജനസേവന പ്രവര്‍ത്തനങ്ങളിലാണ് നാം അണിനിരക്കേണ്ടതെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഐ സി എഫ് കമ്മിറ്റി അഭിപ്രായപ്പെട്ടു.