Connect with us

International

ഈജിപ്തില്‍ അടിയന്തരാവസ്ഥ; അല്‍ബറാദി രാജിവെച്ചു

Published

|

Last Updated

കൈറോ: ആഭ്യന്തര കലാപം രൂക്ഷമായ ഈജിപ്തില്‍ ഒരു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യപിച്ചു. സ്ഥാനഭൃഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുകൂലികളും സൈന്യവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. നൂറോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇടക്കാല സര്‍ക്കാറിലെ വൈസ് പ്രസിഡന്റ് മുഹമ്മദ് എല്‍ബറാദി രാജിവെച്ചു. നേതാക്കള്‍ക്കിടെയുണ്ടായ അഭിപ്രായവ്യത്യാസമാണ് രാജിക്ക് പിന്നിലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രക്തചൊരിച്ചിലുകള്‍ക്ക് സമാധാനം പറയാന്‍ തനിക്കാകില്ലെന്ന് മുഹമ്മദ് എല്‍ബറാദി പറഞ്ഞു. സര്‍ക്കാറിലെ രണ്ടാമനാണിദ്ദേഹം. മുര്‍സിയെ തിരികെ അധികാരമേല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രദര്‍ഹുഡ് അനുയായികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് നേരെ സൈന്യം വെടിവെക്കുകയായിരുന്നു. 43 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിശദീകരണം. മരണം നൂറ് കവിഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടതായി ബ്രദര്‍ഹുഡ് ആരോപിച്ചു. വടക്കുകിഴക്കന്‍ കെയ്‌റോയിലെ ഏറ്റവും വലിയ പ്രക്ഷോഭക ക്യാമ്പായ റാബിഅത്തുല്‍ അദവിയ ആക്രമിച്ച സൈന്യം പ്രവര്‍ത്തകര്‍ക്കു നേരെ കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും നടത്തി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അല്‍നഹ്ദ സ്‌ക്വയറിലെ ക്യാമ്പിന് നേരെയും ആക്രമണം നടത്തിയിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ മുതല്‍ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട സൈന്യം ബുള്‍ഡോസറുപയോഗിച്ച് ക്യാമ്പുകള്‍ തകര്‍ത്തു. ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തുവിട്ടു. എന്നാല്‍ 17ഓളം സൈനികര്‍ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

 

Latest