20 ലക്ഷം ബി പി എല്‍ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്‌

Posted on: August 14, 2013 8:23 pm | Last updated: August 15, 2013 at 1:40 am
SHARE

oommen chandl

തിരുവനന്തപുരം: ഓണം പ്രമാണിച്ച് 20 ലക്ഷം ബി പി എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഓണക്കാലത്ത് സ്വീകരിക്കേണ്ട കരുതല്‍ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണക്കാലത്ത് അവശ്യ സാധനങ്ങളുടെ വില ഉയരുന്നത് ഒഴിവാക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ്, ഹോര്‍ട്ടികോര്‍പ്പ് എന്നീ ഏജന്‍സികള്‍ വഴി ശക്തമായ വിപണി ഇടപെടല്‍ നടത്തും. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോ അരി വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാര്‍ഡ് ഉടമകള്‍ക്കും സബ്‌സിഡി നിരക്കില്‍ ഒരു കിലോ പഞ്ചസാര നല്‍കും.
ഈമാസം ഒന്ന് മുതല്‍ തുടങ്ങിയ റമസാന്‍, ഓണം മെട്രോ പീപ്പിള്‍ ബസാറുകള്‍ ആറ് സിറ്റികളില്‍ സെപ്തംബര്‍ 15 വരെ തുടരും. ആഗസ്റ്റ് 23 മുതല്‍ സെപ്തംബര്‍ 15 വരെ ഓണം ടൗണ്‍ പീപ്പിള്‍സ് ബസാര്‍ എട്ട് ജില്ലാകേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന 11 പട്ടണങ്ങളില്‍ തുറക്കും. സെപ്തംബര്‍ 11 മുതല്‍ 15 വരെ സംസ്ഥാന വ്യാപകമായി 1,050 ഓണം മിനി ഫെയറുകള്‍ ആരംഭിക്കും. കൂടാതെ ഓണച്ചന്തകളും പ്രവര്‍ത്തിക്കും.
വിലവര്‍ധനവിന്റെ ആഘാതം പരമാവധി ഒഴിവാക്കുന്നതിനായി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ സബ്‌സിഡി നിരക്കില്‍ അരിയും മറ്റ് 13 അവശ്യ സാധനങ്ങളും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി 65 കോടി രൂപ കോര്‍പ്പറേഷന് നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ ഒന്ന് മുതല്‍ 15 വരെ 4,000 വിപണന കേന്ദ്രങ്ങള്‍ തുറക്കും. ഇതിനായി നേരത്തേ അനുവദിച്ച 10 കോടിക്ക് പുറമേ 45 കോടി കൂടി അനുവദിക്കും. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്ന് സര്‍ക്കാര്‍ ഗ്യാരന്റിയോടെ 50 കോടി രൂപ കണ്‍സ്യൂമര്‍ ഫെഡിന് നല്‍കാനും കണ്‍സ്യൂമര്‍ ഫെഡ് എന്‍ സി ഡി സിക്ക് നല്‍കിയിട്ടുള്ള 238 കോടിയുടെ പദ്ധതി സര്‍ക്കാര്‍ ഗ്യാരന്റിയോട് കൂടി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പച്ചക്കറിയുടെ വില നിയന്ത്രിക്കാനായി ഹോര്‍ട്ടികോര്‍പ് കോര്‍പറേഷന് പിന്തുണ നല്‍കും. വിപണി വിലയേക്കാള്‍ 20 മുതല്‍ 30 വരെ ശതമാനം വിലകുറച്ച് 44 ഇനം പച്ചക്കറികള്‍ നല്‍കും. ഹോര്‍ട്ടികോര്‍പിന്റെ 250 വിപണന കേന്ദ്രങ്ങള്‍ക്ക് പുറമേ സിവില്‍ സപ്ലൈസ് വകുപ്പുമായി ചേര്‍ന്ന് 140 വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിനാവശ്യമായ തുക നല്‍കും. ആഴ്ച തോറും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ്, ഹോര്‍ട്ടികോര്‍പ്പ് എന്നീ ഏജന്‍സികളുടെ പ്രവര്‍ത്തനവും വിപണി ഇടപെടല്‍ പ്രക്രിയയും വിലയിരുത്തും.
അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ് വിലയിരുത്താന്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ കൈക്കൊള്ളും. അരിയടക്കമുള്ള അവശ്യസാധനങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായി ജനങ്ങളില്‍ എത്തുന്നോ എന്ന കാര്യം സംശയമാണ്. ഇതിന്റെ ഒരു പ്രധാന ഘടകം ചോര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. 700 കോടി രൂപയാണ് ഒരു വര്‍ഷം സബ്‌സിഡിക്കായി വിനിയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.