മുങ്ങിക്കപ്പല്‍ കത്തി നശിച്ചു: 18 നാവികര്‍ മരിച്ചു

Posted on: August 14, 2013 7:48 am | Last updated: August 16, 2013 at 7:01 pm
SHARE

navaldockyardfire_1മുംബൈ: ഇന്ത്യന്‍ നാവിക സേനയുടെ അന്തര്‍വാഹിനി കപ്പലിന് തീപിടിച്ചു. 18 നാവികര്‍ മരിച്ചു. നാ വികസേനയുടെ കപ്പല്‍ നിര്‍മാണ ശാലയില്‍ നങ്കൂരമിട്ടിരുന്ന ഐഎന്‍എസ് സിന്ധുരക്ഷകിന് എന്ന കപ്പലിനാണ് പുലര്‍ച്ചെ തീപിടിച്ചത്.  മരിച്ചവരില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.  ലിജു ലോറന്‍സ്, വിവേക് എന്നീ മലയാളികളാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.  18 ​പേര്‍ മരിച്ചതായി പ്രതിരോധ മന്ത്രി എ കെ ആന്റണി സ്ഥിരീകരിച്ചു.

മുബൈ കപ്പല്‍ശാലയില്‍ അര്‍ധരാത്രിയോടെ ചെറിയ നാളമായി രൂപപ്പെട്ട തീ പുലര്‍ച്ചെയോടെ പടര്‍ന്നുപിടിക്കുകയായിരുന്നു.പുലര്‍ച്ചെ മൂന്നുമണിവരെ 18 അഗ്നിശമന യൂണിറ്റുകള്‍ പണിപ്പെട്ടാണ് തീയണച്ചത്. അന്തര്‍വാഹിനിയുടെ 70 ശതമാനവും കത്തിനശിച്ചതായാണ് നാവികസേന വൃത്തങ്ങള്‍ പറയുന്നത്. രാവിലെ 10 മണിയോടെ മുങ്ങിക്കപ്പല്‍ പൂര്‍ണമായും മുങ്ങി.

പരിക്കേറ്റ ഏതാനും നാവികരെ കൊളാബയിലെ നാവികസേനാ ആശുപത്രിയായ ഐഎന്‍എച്ച്എസ് അശ്വിനിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.  തീ അണയ്ക്കാന്‍ നാവികസേനയുടെ അഗ്‌നിശമന വിഭാഗത്തെ സഹായിക്കാനായി മുംബൈ അഗ്‌നിശമന സേനയുടെയും പോര്‍ട്ട് ട്രസ്റ്റിന്റെ അഗ്‌നിശമനവിഭാഗത്തിന്റെയും സേവനം ഉപയോഗിച്ചു.  അതേസമയം സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചു.