തോക്ക് നിര്‍മാണത്തിന്റെ സാമഗ്രികള്‍ പിടിച്ചെടുത്തു

Posted on: August 14, 2013 6:26 am | Last updated: August 14, 2013 at 6:26 am
SHARE

നിലമ്പൂര്‍: ചാലിയാര്‍ ഗ്രാമ പഞ്ചായത്തിലെ ആഢ്യന്‍ പാറക്കടുത്ത് നിന്ന് തോക്ക് നിര്‍മ്മാണത്തിനുള്ള സാധനങ്ങള്‍ പിടിച്ചെടുത്തു. ആഢ്യന്‍ പാറ കൊമ്പന്‍ കല്ല് ആദിവാസി കോളനിക്കടുത്തുള്ള സ്വകാര്യ സ്ഥലത്ത് നിന്നാണ് പോത്തുകല്ല് എസ് ഐ കോട്ടാല രാമകൃഷ്ണനും സംഘവും പിടിച്ചെടുത്തത്.
അകമ്പാടം സ്വദേശി ഇടത്തില്‍ മുരളീധരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നാണ് ചുറ്റികകള്‍, പൊന്‍കാരം, കന്നാസ്, ഉല, ഡ്രില്ലിംഗ് മെഷിന്‍, വാള്‍, അലുമിനിയം പൈപ്പുകള്‍, വയര്‍, ഉല കത്തിക്കാനാവശ്യമായ കരി, ആക്‌സോ ബെഌയ്ഡ് എന്നിവയും കിടക്കാനാവശ്യമായ പായ, ഭക്ഷണ പദാര്‍ഥങ്ങളായ അവില്‍, പഞ്ചാസാര എന്നിവ കണ്ടെത്തിയത്. ഈ സ്ഥലത്ത് സ്വകാര്യ റിസോര്‍ട്ടിന്റെ നിര്‍മാണം നടന്നു വരികയാണ്. കുറേ നാളുകളായി പ്രവര്‍ത്തികളൊന്നും നടക്കാറില്ല. മഴയായതിനെ തുടര്‍ന്ന സ്ഥലമുടമയും ഇങ്ങോട്ട് വന്നിരുന്നില്ല.
കഴിഞ്ഞ ദിവസം ഇദ്ദേഹം വന്നപ്പോഴാണ് ഇത്രയും സാധനങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോത്തുകല്ല് പോലീസില്‍ അറിയിക്കുകയായിരുന്നു. എസ് ഐ എത്തി സാധനങ്ങള്‍ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. കള്ളത്തോക്ക് നിര്‍മാണമാണ് പ്രദേശത്ത് നടന്നിരുന്നത് എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. പ്രതിയെക്കുറിച്ച് സൂചനകളുള്ളതായി അറിയുന്നു. സ്ഥലത്ത് നിന്ന കണ്ടെത്തിയ ഷര്‍ട്ടില്‍ പത്തപ്പിരിയത്തെ തയ്യല്‍ക്കടയുടെ സ്റ്റിക്കറാണുള്ളത്. എടവണ്ണയിലെ ഒരു കടയുടെ പേരിലുള്ള ബിഗ് ഷോപ്പറും കിട്ടിയിട്ടുണ്ട്. ഇതനുസരിച്ച് എടവണ്ണക്കും മഞ്ചേരിക്കുമിടയിലുള്ളവരാണ് സംഭവത്തിലെ കണ്ണികള്‍ എന്നും സംശയിക്കുന്നുബണ്ട്.
റിസോര്‍ട്ടിന്റെ ഭാഗമായി മൂന്ന് വീടുകളാണ് നിര്‍മാണത്തിലുള്ളത്. അതിലൊന്നിനകത്ത് നിന്നാണ് ഇത്രയും സാധനങ്ങള്‍ കിട്ടിയത്. കെട്ടിടത്തിന് വാതിലുകള്‍ വെച്ചിട്ടില്ല.സാധനങ്ങള്‍ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here