കോണ്‍ഗ്രസും ലീഗും സ്ഥാനാര്‍ഥികളെ നിര്‍ത്തി; ആലങ്കോട് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ലീഗിന്

Posted on: August 14, 2013 6:24 am | Last updated: August 14, 2013 at 6:24 am
SHARE

ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാടകീയ രംഗങ്ങളിലൂടെ ഇരുസ്ഥാനങ്ങളും ലീഗ് കയ്യിലാക്കി.

പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍പ്രസിഡന്റായിരുന്ന ഷാനവാസ് വട്ടത്തൂര്‍ തെരഞ്ഞെടുത്തപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സല്‍മ മുഹമ്മദ്കുട്ടി തെരഞ്ഞെടുത്തു. നേരത്തെ ലീഗ് അനുഭാവിയായിരുന്ന സല്‍മ മുഹമ്മദ്കുട്ടി യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിക്കുകയും പിന്നീട് ലീഗിനൊപ്പം ചേരുകയുമായിരുന്നു. പ്രസിഡന്റ് പദത്തെ ചൊല്ലി ആലങ്കോട് ലീഗും കോണ്‍ഗ്രസും തമ്മില്‍ രൂക്ഷമായതര്‍ക്കം നിലനിന്നിരുന്നു. യു ഡി എഫിലെ പ്രശ്‌നം പരിഹരിക്കാനാകാത്തതിനെതുടര്‍ന്ന് തിങ്കളാഴ്ച നടക്കേണ്ട തെരഞ്ഞെടുപ്പില്‍നിന്നും യു ഡി എഫ് അംഗങ്ങള്‍വിട്ടുനിന്നിരുന്നു ഇതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചത്.
പ്രശ്‌നപരിഹാര ഫോര്‍മുലകള്‍ ഇരുപാര്‍ട്ടികളും അംഗീകരിക്കാത്തതിനെതുടര്‍ന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീഗും കോണ്‍ഗ്രസും വേറെ വേറെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ നാടകീയരംഗങ്ങളായിരുന്നു അരങ്ങേറിയത്. 19 അംഗങ്ങളുള്ള ആലങ്കോട് ഒരു യു ഡി എഫ് സ്വതന്ത്രന്‍ ഉള്‍പ്പെടെ ഏഴ് അംഗങ്ങള്‍ ലീഗിനും, രണ്ട് സ്വതന്ത്രര്‍ ഉള്‍പ്പെടെ ഏഴ് അംഗങ്ങള്‍ സി പി എമ്മിനും, അഞ്ച് അംഗങ്ങള്‍ കോണ്‍ഗ്രസിനും ഉണ്ട്. ലീഗിലെ ഏഴ് അംഗങ്ങളുടെയും കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ടി വി സുലൈമാന്റെ വോട്ടും ഉള്‍പ്പെടെ ലീഗിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഷാനവാസ് വട്ടത്തൂരിന് എട്ട് വോട്ടുകള്‍ ലഭിച്ചു.
സി പി എമ്മിലെ സ്വതന്ത്രനും ഷാനവാസ് വട്ടത്തൂരിന്റെ അര്‍ധസഹോദരുമായ അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് സി പി എം സ്ഥാനാര്‍ഥിയായിരുന്ന പി വിജയന് ആറ് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസിലെ മറ്റുനാലംഗങ്ങള്‍ വോട്ട്‌ചെയ്യാതെ വിട്ട്‌നിന്നതും അപ്രതീക്ഷിതമായിരുന്നു. ഒരംഗത്തിന്റെവോട്ട് അസാധുവായതിനെകുറിച്ച് സി പി എമ്മിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചതിനാല്‍ ഈഅംഗത്തിനെതിരെ നടപടിയെടുക്കുക സി പി എമ്മിന് അസാധ്യമായിരിക്കും. ഉച്ചക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നുന്നും കോണ്‍ഗ്രസിലെ അഞ്ച് അംഗങ്ങളും വിട്ട്‌നിന്നു. ലീഗിലെ സല്‍മ മുഹമ്മദ്കുട്ടിക്കും സി പി എമ്മിലെ കുമാരി വേലായുധനും ഏഴ് വീതം വോട്ടുകള്‍വീതം ലഭിച്ചതിനെതുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് സല്‍മ മുഹമ്മദ്കുട്ടി വൈസ്പ്രസിഡന്റായി തെരഞ്ഞെടുത്തത്.
സി പി എം ഭരണത്തിലെത്തരുതെന്ന കാരണത്താലാണ് ഒരംഗം ലീഗിന് അനുകൂലമായി വോട്ട് ചെയ്തതെന്നും ഇത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും മുന്നണി മര്യാതകള്‍ പാലിക്കുവാന്‍ ലീഗ് തയ്യാറാകാത്തതിനെ തുടര്‍ന്ന് ലീഗുമൊത്ത് ഭരണത്തില്‍ പങ്കാളിയാകില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.