വിചാരണ ജില്ലാ സെഷന്‍സ് കോടതി നിര്‍ത്തിവെച്ചു

Posted on: August 14, 2013 6:22 am | Last updated: August 14, 2013 at 6:22 am
SHARE

കാസര്‍കോട്: മടിക്കൈ കൂലോംറോഡിലെ രാജേന്ദ്രന്റെ ഭാര്യ പി കെ ജിഷയെ (24) കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതി (അഡ്‌ഹോക്ക് രണ്ട്) നിര്‍ത്തിവെച്ചു.
പ്രതേ്യക അനേ്വഷണ ഏജന്‍സിയെക്കൊണ്ട് പുനരനേ്വഷണം നടത്തണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ഇന്നലെ തുടങ്ങേണ്ടിയിരുന്ന വിചാരണ നടപടികള്‍ നിര്‍ത്തിവെച്ചത്.
ഇന്നലെ രാവിലെ കോടതി നടപടികള്‍ തുടങ്ങിയ ഉടന്‍ ജിഷയുടെ പിതാവിന് വേണ്ടി കാഞ്ഞങ്ങാട്ടെ അഭിഭാഷകന്‍ പി വേണുഗോപാലന്‍ കോടതിയില്‍ പ്രതേ്യക സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഇത് പരിഗണിച്ചുകൊണ്ടാണ് കോടതി കൊലക്കേസ് വിചാരണ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ഇനി പോലീസിന്റെ പുനരനേ്വഷണം കഴിഞ്ഞതിന് ശേഷം മാത്രമേ ഈ കേസില്‍ മറ്റ് വിചാരണ നടപടികള്‍ ഉണ്ടാവുകയുള്ളൂവെന്നാണ് കരുതുന്നത്.
2012 ഫെബ്രുവരി 18ന് രാത്രി എട്ടര മണിയോടെയാണ് ഭര്‍തൃഗൃഹത്തില്‍വെച്ച് ജിഷ കൊലക്കത്തിക്കിരയായത്. ഭര്‍തൃഗൃഹത്തിലെ പരിചാരകനും രാജേന്ദ്രന്റെ സഹോദരന്‍ ചന്ദ്രന്റെ ക്വാറിയിലെ തൊഴിലാളിയുമായിരുന്ന ഒറീസ ജൂഡ്പൂര്‍ ഹസ്താദറിലെ സുഭാഷ്ചന്ദ്രബോസിന്റെ മകന്‍ തുഷാര്‍സേന്‍ മാലിക് എന്ന മദന്‍മാലിക്കാണ് (24)കേസിലെ പ്രതി.