വിദ്യാലയങ്ങളെ പച്ചയണിയിക്കാന്‍ ഹരിതനിധി പദ്ധതി

Posted on: August 14, 2013 6:21 am | Last updated: August 14, 2013 at 6:21 am
SHARE

കണ്ണൂര്‍: ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളെയും ശുചിത്വപൂര്‍ണവും ഹരിതാഭവുമാക്കാന്‍ ലക്ഷ്യമിട്ട് ഹരിതനിധി പദ്ധതി. ഡയറ്റിന്റെ നേതൃത്വത്തിലാണ് എല്‍ പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുളള സ്‌കൂളുകളില്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
പൂന്തോട്ട നിര്‍മാണം, പച്ചക്കറി കൃഷി, ഇലക്കറി കൃഷി, തണല്‍വൃക്ഷം നടീല്‍, പരിസ്ഥിതി സംരക്ഷണം എന്നിവയാണ് പ്രവര്‍ത്തനങ്ങള്‍. പരിസ്ഥിതിയോടും കൃഷിയോടുമുള്ള കുട്ടികളുടെ മനോഭാവം പാഠപുസ്തകങ്ങളിലൊതുക്കാതെ പ്രായോഗിക തലത്തിലെത്തിക്കാനാണ് ശ്രമം. വിദ്യാര്‍ഥികള്‍ക്ക് പുറമെ രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും സെമിനാറുകള്‍ സംഘടിപ്പിക്കുകയും അവരെയും പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാക്കുകയും ചെയ്യും. കുടിവെള്ളക്ഷാമം നേരിടാന്‍ ജലസംരക്ഷണത്തിന്റെ പ്രായോഗിക പാഠങ്ങള്‍ സ്‌കൂളുകളില്‍ തുടങ്ങി വീടുകളിലേക്കും വ്യാപിപ്പിക്കും. പദ്ധതി നിര്‍വഹണത്തിനായി സ്‌കൂളുകളില്‍നിന്ന് ഒരു അധ്യാപകന് പരിശീലനവും കൈപ്പുസ്തകവും നല്‍കിയിട്ടുണ്ട്. സ്‌കൂളുകളില്‍ ഒരു ജൈവപ്പന്തല്‍ സ്ഥാപിക്കും. അതിനായി കോവല്‍ പോലുള്ള പച്ചക്കറികളാണ് ഉപയോഗിക്കുക. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളില്‍ കുറച്ചുഭാഗമെങ്കിലും സ്വയം ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതിനുപുറമെ ഉപജില്ലാതലത്തില്‍ എല്‍ പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഹരിതനിധി അവാര്‍ഡും നല്‍കും. അവാര്‍ഡിന് അര്‍ഹരായവരെ എ ഇ ഒ മാര്‍ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് തീരുമാനിക്കും. സെപ്തംബറോടെ സ്‌കൂളുകളില്‍ കൃഷി ഇറക്കല്‍ പൂര്‍ത്തിയാക്കും. ഇതിനായി കൃഷിവകുപ്പും സന്നദ്ധ സംഘടനകളും നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്യും.
സ്‌കൂളുകള്‍ക്ക് ഒരു തരത്തിലുളള സാമ്പത്തിക ബാധ്യതയും ഉണ്ടാവില്ല. ഡയറ്റ് കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ ശുചിത്വവീഥി പദ്ധതിയുടെ വന്‍വിജയത്തെ തുടര്‍ന്നാണ് ഈ വര്‍ഷം ഹരിതനിധി പദ്ധതി ആരംഭിച്ചത്. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ചെറുതാഴം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. സ്‌കൂളുകളിലെ പദ്ധതി ഉദ്ഘാടനങ്ങള്‍ നടന്നുവരുന്നു.