ജൈവവൈവിധ്യ സംരക്ഷണ ബോധവത്കരണവുമായി വീണ്ടും സയന്‍സ് എക്‌സ്പ്രസ്

Posted on: August 14, 2013 6:20 am | Last updated: August 14, 2013 at 6:20 am
SHARE

കണ്ണൂര്‍: പൊതുജനങ്ങള്‍ക്കിടിയില്‍ ശാസ്ത്രബോധം വളര്‍ത്തിയെടുക്കുന്നതിന് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രപ്രദര്‍ശനവുമായി ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുന്ന സയന്‍സ് എക്‌സ്പ്രസ് വീണ്ടുമെത്തുന്നു. 2007 ഒക്‌ടോബറില്‍ ഫഌഗ് ഓഫ് ചെയ്ത 16 എ സി കോച്ചുകളുള്ള ട്രെയിന്‍ ഈ മാസം 12 മുതല്‍ 31 വരെയാണ് കേരളത്തില്‍ പര്യടനം നടത്തുക.

നാല് ഘട്ടങ്ങളിലായി ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലൂടെ ശാസ്ത്രലോകത്തിലെ അറിവുകള്‍ പങ്കുവെച്ച് സഞ്ചരിച്ച സയന്‍സ് എക്‌സ്പ്രസ് ഇത്തവണ ജൈവവൈവിധ്യ പ്രദര്‍ശനവുമായാണ് കേരളത്തിലെത്തുന്നത്. കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പും വനം പരിസ്ഥിതി വകുപ്പും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. സയന്‍സ് എക്‌സ്പ്രസ് ജൈവവൈവിധ്യ സ്‌പെഷ്യല്‍-2013 എഡിഷന്‍ ഏപ്രില്‍ ഒമ്പതിന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് സ്റ്റേഷനില്‍ നിന്നാണ് യാത്ര തിരിച്ചത്.
ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ജയന്തി നടരാജന്‍, മുന്‍ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആദ്യയാത്ര. ഈ വര്‍ഷം ഒക്‌ടോബര്‍ 28ന് അവസാനിക്കുന്ന ഈ ഘട്ടത്തില്‍ 67 സ്റ്റേഷനിലൂടെയാണ് സയന്‍സ് എക്‌സ്പ്രസ് കടന്നുപോകുന്നത്. ഓരോ സ്റ്റേഷനിലും മൂന്ന്, നാല് ദിവസങ്ങള്‍ വരെ സന്ദര്‍ശകര്‍ക്ക് പ്രദര്‍ശനം കാണാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഇന്ത്യയിലെ ജൈവവൈവിധ്യങ്ങളുടെ പ്രത്യേകത, അവയുടെ സംരക്ഷണത്തിന് സ്വീകരിച്ച നടപടികള്‍ എന്നിവയായിരുന്നു 2012 എഡിഷന്‍ സയന്‍സ് എക്‌സ്പ്രസിന്റെ പ്രദര്‍ശനത്തിന്റെ ഉള്ളടക്കമെങ്കില്‍ ജൈവവൈവിധ്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടങ്ങളെക്കുറിച്ചും പൊതുജനങ്ങളെയും വിദ്യാര്‍ഥികളെയും ബോധവത്ക്കരിക്കുന്നതില്‍ സയന്‍സ് എക്‌സ്പ്രസ് പ്രത്യേക ഊന്നല്‍ നല്‍കുന്നു.
16 കോച്ചുകളില്‍ എട്ടെണ്ണം പൂര്‍ണമായും ഇന്ത്യയിലെ അത്യപൂര്‍വമായ ജൈവവൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്നു. ഹിമാലയ സാനുക്കള്‍, ഗംഗാസമതലം, പശ്ചിമഘട്ടം, ഡക്കാണ്‍ പീഠഭൂമി, തീരപ്രദേശം, മരുഭൂമി എന്നിങ്ങനെ ആരെയും അത്ഭുതപ്പെടുത്തുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം. ഇതിനൊപ്പം ഇത്തരം ജൈവവൈവിധ്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ജീവസന്ധാരണ മാര്‍ഗങ്ങളെക്കുറിച്ചും അവയുടെ നിലനില്‍പ്പിനെ പ്രതിസന്ധിയിലാക്കുന്ന വെല്ലുവിളികളെക്കുറിച്ചും പ്രദര്‍ശനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനം, ജലസംരക്ഷണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രദര്‍ശനമാണ് ശേഷിക്കുന്ന എട്ട് കോച്ചുകളില്‍ ഒന്നില്‍ ഒരുക്കിയിരുക്കുന്നത്. ഹരിത സാങ്കേതികവിദ്യ, ഊര്‍ജസംരക്ഷണം എന്നിവയെക്കുറിച്ചുള്ള പ്രദര്‍ശനവും സയന്‍സ് എക്‌സ്പ്രസില്‍ ഉണ്ട്. കളികളും പ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ചു കൊണ്ട് കുട്ടികള്‍ക്ക് മാത്രമായുള്ള കോച്ചാണ് പ്രദര്‍ശനത്തിന്റെ മറ്റൊരു പ്രത്യേകത.
വിക്രം സാരാഭായ് കമ്യൂണിറ്റി സയന്‍സ് സെന്ററിന്റെ സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്ന ലാബും ഒരു കോച്ചില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ അധ്യാപകര്‍ക്കുള്ള പ്രത്യേക പരിശീലന ക്ലാസുകളും സയന്‍സ് എക്‌സ്പ്രസ് നല്‍കുന്നുണ്ട്. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഒരു ഔട്ട് റീച്ച് പ്രോഗ്രാം എന്ന നിലയില്‍ സയന്‍സ് എക്‌സ്പ്രസ് വലിയ സാധ്യതയാണ് തുറന്നുവെക്കുന്നത്. സഞ്ചരിക്കുന്ന ഈ പ്രദര്‍ശനമേള കേന്ദ്ര പരിസ്ഥിതി വനം വകുപ്പും ശാസ്ത്ര സാങ്കേതിക വകുപ്പുമായി സഹകരിച്ചാണ് സംഘടിപ്പിച്ചിട്ടുള്ളത്.
സയന്‍സ് എക്‌സ്പ്രസിന്റെ ഇന്ത്യയിലെ യാത്രകളെയും പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്നതിനുള്ള ചുമതല വിക്രം സാരാഭായ് കമ്യൂണിറ്റി സയന്‍സ് സെന്ററാണ് ഏറ്റെടുത്തിട്ടുള്ളത്. സെന്ററിലെ പ്രഗത്ഭരുടെ ഒരു സംഘം സന്ദര്‍ശകരുടെ സംശയം ദൂരീകരിക്കുന്നതിന് ട്രെയിനില്‍ ഉണ്ടാവും. പ്രവേശനം സൗജന്യമാണ്. ഈ മാസം 12 മുതല്‍ 14 വരെ തിരുവനന്തപുരം, 16-19 ആലപ്പുഴ, 24-27 കോഴിക്കോട്, 28-31 കണ്ണൂര്‍ എന്നീ സ്റ്റേഷനുകളിലും ട്രെയിന്‍ എത്തിച്ചേരും.