കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് തവിഞ്ഞാലില്‍ പഞ്ചായത്ത് ഭരണം പ്രതിസന്ധിയില്‍

Posted on: August 14, 2013 6:17 am | Last updated: August 14, 2013 at 6:17 am
SHARE

മാനന്തവാടി: കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് കാരണം തവിഞ്ഞാല്‍ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായി. നിലവില്‍ പഞ്ചായത്തിലുള്ള ഐ ഗ്രൂപ്പ്കാരനായ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ചൊല്ലിയാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് മുറുകുന്നത്.
എ, ഐ ഗ്രൂപ്പ് തമ്മിലുള്ള തര്‍ക്കം കാരണം പഞ്ചായത്തില്‍ കുറച്ച് കാലമായി ഭരണ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രണ്ടരവര്‍ഷം ഐ ഗ്രൂപ്പിനും, രണ്ടരവര്‍ഷം എ ഗ്രൂപ്പിനും എന്നുള്ളതായിരുന്നു നിലവിലുള്ള ധാരണ. എന്നാല്‍ ആ ധാരണ ഇതു വരെ പാലിക്കപ്പെട്ടിട്ടില്ല എന്ന് ആരോപിച്ചാണ് കോണ്‍ഗ്രസിനുള്ളില്‍ ശീത സമരം ഉടലെടുത്തത്. ഡിസിസി പ്രസിഡന്റിന്റെ സാനിധ്യത്തിലായിരുന്നു ഈ ധാരണ. എന്നാല്‍ ധാരണക്ക് വിപരീതനായി ഡിസിസി പ്രസിഡന്റ് തന്നെ ഐ ഗ്രൂപ്പ്കാരനായ വൈസ് പ്രസിഡന്റിനെ സംരക്ഷിക്കുകയാണെന്ന് മറുപക്ഷം ആരോപണം ഉയര്‍ത്തുന്നുണ്ട്. ലീഗിന്റെ രണ്ട് സീറ്റുള്‍പ്പെടെ 17 സീറ്റാണ് കോണ്‍ഗ്രസിന് തവിഞ്ഞാല്‍ പഞ്ചായത്തിലുള്ളത്. എ ഗ്രൂപ്പിനാണ് ഇവിടെ പ്രസിഡന്റ് സ്ഥാനം. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടെ ക്ഷേമം, വികസനം, ആരോഗ്യം-വിദ്യാഭ്യാസം എന്നീ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റികളും ഐ ഗ്രൂപ്പിന്റെ പക്കലുണ്ട്. ഗ്രൂപ്പ് വഴക്ക് മൂര്‍ച്ചിരുന്ന സമീപ പഞ്ചായത്തായ മാനന്തവാടിയില്‍ രണ്ട് മാസം മുന്‍പാണ് എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ സ്ഥാനങ്ങള്‍ പരസ്പരം വെച്ച് മാറിയത്. എന്നാല്‍ തവിഞ്ഞാല്‍ പഞ്ചായത്തില്‍ ഇതുവരെ സ്ഥാനമാറ്റം ഉണ്ടായിട്ടില്ല.
നിലവില്‍ എ ഗ്രൂപ്പിന് എട്ടും, ഐ ഗ്രൂപ്പിന് ഏഴും ജനപ്രതിനിധികളാണ് ഉള്ളത്. മുന്‍പ് എ ഗ്രൂപ്പ്കാരിയ പി കെ ജയലക്ഷമിയാണ് ക്ഷേമകാര്യ സ്റ്റാന്‍ന്റിംങ് കമ്മിറ്റി ചെയര്‍പെഴ്‌സണല്‍ സ്ഥാനം വഹിച്ചിരുന്നത്. എന്നാല്‍ ജയലക്ഷമി മന്ത്രിയായതോടെ ഈ സ്ഥാനം എ ഗ്രൂപ്പ്കാരന് കൈമാറിയിരുന്നു. പിന്നീട് ഇദ്ദേഹം ഐ ഗ്രൂപ്പിലേക്ക് ചേക്കറുകയും ചെയ്തു. ഇതോടുകൂടി എ ഗ്രൂപ്പിന് പ്രസിഡന്റ സ്ഥാനത്തില്‍ മാത്രം ഒതുങ്ങേണ്ടി വന്നു. ഒന്നര മാസം മുന്‍പ് എ ഗ്രൂപ്പുകാര്‍ രഹസ്യയോഗം ചേര്‍ന്ന് ഐ ഗ്രൂപ്പ്കാരനായ വൈസ്പ്രസിഡന്റിനെതിരെ ഡിസിസി പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഡിസിസി പ്രസിഡന്റ് നടപടി സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഐ ഗ്രൂപ്പിന്റെ ഒരു പരിപാടികളിലും സഹകരിക്കേണ്ട എന്ന നിലപാടാണ് എ ഗ്രൂപ്പ് സ്വീകരിച്ചിരുന്നത്. ഇതോടുകൂടി പഞ്ചായത്ത് ഭരണം ആകെ താറുമാറായി. ഇത് ഭാരണപ്രതിസന്ധി മൂര്‍ച്ചിക്കുകയും ചെയ്തു.