Connect with us

Kerala

ഉള്ളി വില കുതിക്കുന്നു; അഞ്ച് ദിവസത്തിനിടെ 28 രൂപ കൂടി

Published

|

Last Updated

കോഴിക്കോട്: ഉള്ളിവില കുതിക്കുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 28 രൂപയാണ് കൂടിയത്. ഇന്നലെ കോഴിക്കോട് മൊത്ത മാര്‍ക്കറ്റില്‍ ഉള്ളിയുടെ (സവാള) വില 58 രൂപയാണ്. കേരളത്തിലേക്ക് പൂനെയില്‍ നിന്നും കുടകില്‍ നിന്നുമാണ് ഉള്ളിയെത്തുന്നത്.

കുടകില്‍ നിന്നെത്തുന്ന ചുവന്ന വലിയ ഉള്ളി ഉള്ളതുകാരണമാണ് ഉള്ളിവില സാധാരണക്കാരന് ആശ്വാസമാകാറ്. എന്നാല്‍, കഴിഞ്ഞ സീസണില്‍ കൃഷി നശിച്ചതുകാരണം കുടകില്‍ നിന്ന് ഉള്ളി എത്തുന്നില്ല. പൂനെയില്‍ നിന്നുള്ള ഉള്ളി മാത്രമാണ് കച്ചവടക്കാര്‍ക്ക് ലഭിക്കുന്നത്. ഇവിടെയും കൃഷിനാശം സംഭവിച്ചുവെങ്കിലും കഴിഞ്ഞ വര്‍ഷത്തെ സ്റ്റോക്ക് ആണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. പൂനെ ഉള്ളി സൂക്ഷിച്ചുവെക്കാന്‍ കഴിയും. എന്നാല്‍ കുടകില്‍ നിന്നുള്ളതിന് ഇത് സാധ്യമല്ല. രണ്ട് പെരുന്നാള്‍ സീസണുകളിലാണ് കേരളത്തില്‍ കൂടുതല്‍ ഉള്ളി ചെലവാകാറെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. സാധാരണ അവസ്ഥയില്‍ തന്നെ ഈ സമയത്ത് ഉള്ളിക്ക് അല്‍പ്പം വില കൂടാറുണ്ട്. കഴിഞ്ഞ വര്‍ഷം ചെറിയ പെരുന്നാള്‍ സമയത്ത് പതിനെട്ട് രൂപയായിരുന്നത് ഇരുപത് ആയി ഉയര്‍ന്നിരുന്നു. കൂടാതെ കല്യാണ സീസണ്‍ തുടങ്ങിയിരിക്കുകയാണ്. ഉള്ളിയുടെ വിലക്കയറ്റം കല്യാണക്കാര്‍ക്ക് ഷോക്കേല്‍പ്പിക്കും.
കഴിഞ്ഞ മാസങ്ങളില്‍ തക്കാളി വില കുതിച്ചിരുന്നു. എന്നാല്‍, തക്കാളി വില താഴ്ന്ന് സാധാരണ അവസ്ഥ കൈവരിക്കുമ്പോഴാണ് ഉള്ളിക്ക് വില ഉയര്‍ന്നത്. സംസ്ഥാനത്തെ പ്രധാന പച്ചക്കറി കമ്പോളങ്ങളിലൊന്നായ കോഴിക്കോട്ട് സാധാരണ ദിവസം പന്ത്രണ്ട് ലോഡോളം ഉള്ളി എത്താറുണ്ട്. ഇപ്പോള്‍ അതിന്റെ നേര്‍ പകുതി മാത്രമേ എത്തുന്നുള്ളൂവെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മൊത്തക്കച്ചവടക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളിലാണ് ഉള്ളി ലഭിക്കുന്നത്.

Latest