വയനാട്ടിലെ കടുവക്ക് തൃശൂര്‍ മൃഗശാലയില്‍ വിദഗ്ധ ചികിത്സ നല്‍കി

Posted on: August 14, 2013 12:17 am | Last updated: August 14, 2013 at 12:17 am
SHARE

തൃശൂര്‍: മുറിവേറ്റ നിലയില്‍ വയനാട്ടില്‍ നിന്ന് മാസങ്ങള്‍ക്കു മുമ്പ് തൃശൂര്‍ മൃഗശാലയിലെത്തിച്ച കടുവക്ക് നരകയാതനകളില്‍ നിന്ന് ശാപമോക്ഷം. മുറിവുകളുമായി കഴിയുകയായിരുന്ന കടുവക്ക് ഇന്നലെ തിരുവനന്തപുരത്തെയും മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയിലെയും ഡോക്ടര്‍മാരടങ്ങിയ സംഘം വിദഗ്ധ ചികിത്സ നല്‍കി.

പരിശോധനയില്‍ മുറിവിനുളളില്‍ ദശ വളര്‍ന്നുവരുന്നതായി കാണപ്പെട്ടു. ഇത് ശസ്ത്രക്രിയയിലൂടെ മുറിച്ച് മാറ്റി മരുന്ന് വെച്ച് വൃത്തിയാക്കി സ്റ്റിച്ചിട്ടു. ശരീരത്തില്‍ വെടിയുണ്ടയുണ്ടെന്ന സംശയം ഇല്ലെന്ന് ഉറപ്പ് വരുത്തി.
കടുവയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക വേണ്ടെന്ന് മൃഗശാലാ വകുപ്പ് മേധാവി അറിയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ കടുവ പൂര്‍ണ ആരോഗ്യസ്ഥിതിയിലെത്തുമെന്നും അധികൃതര്‍ അറിയിച്ചു.
പത്ത് ദിവസത്തിനകം മുറിവ് ഉണങ്ങുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്നലെ മന്ത്രി പി കെ ജയലക്ഷ്മിയുടെയും തിരുവനന്തപുരം മ്യൂസിയം ആന്‍ഡ് സൂ ഡയറക്ടര്‍ ബി ജോസഫ് ഐ എഫ് എസിന്റെയും നിര്‍ദേശാനുസരണം മണ്ണത്തി വെറ്റനറി കോളജ് സര്‍ജറി വിഭാഗം മേധാവി ഡോ. ശ്യാം കെ വേണുഗോപാലിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം വെറ്ററിനറി സര്‍ജന്‍ ജേക്കബ് അലക്‌സാണ്ടര്‍ ഡോ. നാരായണന്‍, വയനാട് ഫോറസ്റ്റ് വകുപ്പ് വെറ്ററിനറി ഡോ. അരുണ്‍ സക്കറിയ, ഡോ. സുനില്‍കുമാര്‍, ഡോ. ഗിരിദാസ് എന്നിവരടങ്ങിയ സംഘമാണ് നേതൃത്വം നല്‍കിയത്.