Connect with us

International

ഫലസ്തീന്‍ തടവുകാരുടെ മോചനം; നടപടികള്‍ പൂര്‍ത്തിയായി

Published

|

Last Updated

ജറൂസലം: സമാധാന ചര്‍ച്ചയുടെ മുന്നോടിയായി 26 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായതായി ഇസ്‌റാഈല്‍ അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെയോടെ തടവുകാരെ വിട്ടയക്കുമെന്ന് ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സമാധാന ചര്‍ച്ച ജറൂസലമില്‍ ആരംഭിക്കന്നതിന് പിന്നാലെ ഗാസയിലേയും വെസ്റ്റ് ബേങ്കിലേയും അതിര്‍ത്തിയിലൂടെ തടവുകാരെ വിട്ടയക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

ഇരുപത് വര്‍ഷത്തോളം ഇസ്‌റാഈല്‍ തടവില്‍ കഴിഞ്ഞ പൗരന്‍മാരും മോചിപ്പിക്കപ്പെടുന്നവരില്‍ ഉണ്ടെന്നാണ് വിവരം. വ്യാജ കുറ്റം ചുമത്തി ജയിലടച്ചവരാണ് വിട്ടയക്കുന്നവരില്‍ ഭൂരിഭാഗവും. 1985മുതല്‍ ജയിലില്‍ കഴിയുന്ന ഫയാസ് ഹമ്മാദ് അല്‍ ഖൗര്‍ 1992ല്‍ അറസ്റ്റിലായ ജമില്‍ അന്നത്‌ശേ എന്നിവരാണ് മോചിപ്പിക്കപെടുന്നവരില്‍ പ്രായം ചെന്നവര്‍.
അമേരിക്കയുടെ നേതൃത്വത്തിലുള്ള സമാധാന ചര്‍ച്ച തുടരുന്നതിനിടെ അനധികൃത കുടിയേറ്റം നടത്താന്‍ അനുമതി നല്‍കി പ്രകോപനങ്ങള്‍ സൃഷ്ടിച്ച ഇസ്‌റാഈല്‍ നടപടിക്കെതിരെ മോശമായി പ്രതികരിക്കരുതെന്ന് ഫലസ്തീന്‍ നേതാക്കളോട് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടു. ജറൂസലമിലും വെസ്റ്റ്ബാങ്കിലുമായി ആയിരത്തോളം വീടുകള്‍ പണിയാനുള്ള തീരുമാനത്തിന് ഇസ്‌റാഈല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതിനെ ഫലസ്തീന്‍ നേതൃത്വം ശക്തമായി എതിര്‍ത്തിരുന്നു.

Latest