Connect with us

International

ബംഗ്ലാദേശ് യുദ്ധക്കുറ്റം: ഗുലാം അസാമിന് വധശിക്ഷ നല്‍കണമെന്ന് സര്‍ക്കാര്‍

Published

|

Last Updated

ധാക്ക: 1971 ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ കൂട്ടക്കുരുതിയുള്‍പ്പെടെയുള്ള യുദ്ധക്കുറ്റങ്ങള്‍ ചെയ്തതിന് ജമാഅത്തെ ഇസ്‌ലാമി നേതാവ് ഗുലാം അസാമിന് വധശിക്ഷ നല്‍കണമെന്ന് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 91 കാരനായ ഗുലാം അസമിന് 90 വര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്. യുദ്ധക്കുറ്റത്തിനുള്ള ട്രൈബ്യൂണല്‍ ജൂലൈ 15നാണ് അസാമിന് തടവ് വിധിച്ചത്.
മരണം വരെ തടവില്‍ കഴിയുകയെന്നതായിരുന്നു കോടതി വിധി. എന്നാല്‍ വധശിക്ഷ വിധിക്കണമെന്ന് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. യുദ്ധക്കുറ്റ പ്രോസിക്യൂഷന്‍ സംഘത്തിന്റെ മേധാവിയായ എം കെ റഹ്മാനാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഇന്റര്‍നാഷനല്‍ ക്രൈംസ് (ട്രൈബ്യൂണല്‍) നിയമം -1973 പ്രകാരം കേസ് പരിഗണിക്കണമെന്നാണ് ആവശ്യം. പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ടാണ് അന്ന് വിമോചന സമരം നടന്നത്.
തനിക്കെതിരെയുള്ള ട്രൈബ്യൂണല്‍ വിധിയെ ഗുലാം അസാം നേരത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ നിരോധിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജമാഅത്ത് ഇസ്‌ലാമി ക്രിമിനല്‍ സംഘടനയാണെന്നും യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ കണ്ടെത്തിയിരുന്നു.