Connect with us

International

കൈറോയില്‍ ബ്രദര്‍ഹുഡും മുര്‍സിവിരുദ്ധരും തമ്മില്‍ ഏറ്റുമുട്ടി

Published

|

Last Updated

കൈറോ: ഈജിപ്തില്‍ ഇടക്കാല സര്‍ക്കാറിനെതിരെയും സൈന്യത്തിനെതിരെയും പ്രക്ഷോഭം നടത്തുന്ന മുര്‍സിഅനുയായികളും പോലീസും തമ്മില്‍ ഏറ്റുമുട്ടി. മുര്‍സിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ഇടപെടുകയായിരുന്നു. ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. കൈറോയില്‍ മുര്‍സിവിരുദ്ധ പ്രക്ഷോഭം നടത്തുന്നവര്‍ക്കിടയിലേക്ക് സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ നടത്തിയ പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇരുവിഭാഗവും ചേരിതിരിഞ്ഞ് കല്ലേറും മറ്റും നടത്തിയതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്ക് നേരെ ബ്രദര്‍ഹുഡ് പ്രക്ഷോഭകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള സര്‍ക്കാറിന്റെ അന്ത്യശാസന ചെവിക്കൊള്ളാതെ കൈറോയില്‍ തമ്പടിച്ച പ്രക്ഷോഭകരെ നേരിടാന്‍ ശക്തമായ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും അടിച്ചമര്‍ത്തുന്ന നടപടികള്‍ ആരംഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വക്താക്കളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രക്ഷോഭം നടത്തുന്ന ബ്രദര്‍ഹുഡ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ ഇടക്കാല സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുകയാണ്. അതിനിടെ, അല്‍ ഹസറിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രതിപക്ഷമായ നൂര്‍ പാര്‍ട്ടിയുടെ വക്താക്കള്‍ അറിയിച്ചു.
കിഴക്കന്‍ കൈറോയിലെ റാബിയത്തുല്‍ അദ്‌വിയ പള്ളിക്ക് സമീപത്തെ ചത്വരത്തിലും പശ്ചിമ കൈറോയിലെ നഹ്ദാ ചത്വരത്തിലുമാണ് പ്രക്ഷോഭകര്‍ തമ്പടിച്ചത്. ഇടക്കാല സര്‍ക്കാറിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രക്ഷോഭവുമായി ബ്രദര്‍ഹുഡ് നേതൃത്വം മുന്നോട്ട് പോകുന്നത്. മുര്‍സിക്ക് അധികാരം തിരിച്ചു നല്‍കുന്നത് വരെ പ്രക്ഷോഭം അവസാനിപ്പിക്കല്ലെന്ന ഉറച്ച് തീരുമാനത്തിലാണ് ബ്രദര്‍ഹുഡ്.

Latest