Connect with us

Editorial

മുഖ്യമന്ത്രി രക്ഷപ്പെട്ടു, സമരക്കാരും

Published

|

Last Updated

എല്‍ ഡി എഫിന്റെ സമരം സമാധാനപരമായി പര്യവസാനിച്ചത് ആശ്വാസകരമാണ്. ഉപരോധത്തിന് ഇടതുമുന്നണി നടത്തിയ വന്‍ തയാറെടുപ്പുകളും നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചതും സെക്രട്ടേറിയറ്റ് മുഖത്ത് ഒരു യുദ്ധപ്രതീതി സൃഷ്ടിച്ചിരുന്നു. സെക്രട്ടേറിയറ്റിന്റെ നാല് കവാടങ്ങളും ഉപരോധിക്കുമെന്നായിരുന്നു എല്‍ ഡി എഫ് പ്രഖ്യാപനം. നിയന്ത്രണം പോലീസ് ഏറ്റെടുത്തതിനാല്‍ പ്രധാന കവാടമായ കണ്ടോന്‍മെന്റ് ഗേറ്റില്‍ ഉപരോധം നടന്നില്ല. അവിടെ പോലീസിന്റെ നിയന്ത്രണം ഭേദിക്കാന്‍ സമരക്കാര്‍ മുതിര്‍ന്നിരുന്നെങ്കില്‍ അനിഷ്ട സംഭവങ്ങളുണ്ടാകുമായിരുന്നു. സര്‍ക്കാറിന്റെ പ്രതിരോധ സന്നാഹങ്ങളെ ബലപ്രയോഗത്തിലൂടെ ഭേദിക്കലാണ് ഇടത് മുന്നണിയുടെ/ സി പി എമ്മിന്റെ പതിവ് ശൈലി. അതിന് മുതിരാതെ എല്‍ ഡി എഫ് നേതാക്കള്‍ കാര്യങ്ങള്‍ വിവേകപൂര്‍വം നിയന്ത്രിച്ചതാണ് സമരത്തിന്റെ സമാധാനപരമായ പര്യവസാനത്തിന് വഴിയൊരുക്കിയത്. സഹനമസമരത്തിലൂടെയും സര്‍ക്കാറിനെ വഴിക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഇടത് മുന്നണി ഇതിലൂടെ തെളിയിച്ചിരിക്കുന്നു.
സമരത്തിന്റെ ജയാപജയങ്ങളെക്കുറിച്ച് വിഭിന്ന വീക്ഷണങ്ങളുണ്ടാകാം. വന്‍വിജയമെന്ന് ഇടതുമുന്നണി അവകാശപ്പെടുമ്പോള്‍ പരാജയമെന്ന് പറയേണ്ടത് യു ഡി എഫിന്റെ രാഷ്ട്രീയ താത്പര്യമാണ്. സമരത്തിന് മികച്ച ജനപങ്കാളിത്തമുണ്ടായിരുന്നുവെന്നത് നിഷേധിക്കാനാകില്ല. ഭക്ഷണം പാകം ചെയ്യാനായി ഒരുക്കിയ ഷെഡുകള്‍ പൊളിച്ചുനീക്കിയും പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യം നിഷേധിച്ചും സമരക്കാരുടെ മനോവീര്യം കെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ചു സമരമുഖത്ത് അവര്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. സമരത്തിന്റെ ആദ്യദിനത്തില്‍ ശുഷ്‌കിച്ച തോതില്‍ സെക്രട്ടേറിയറ്റ് പ്രവര്‍ത്തിച്ചെങ്കിലും അടുത്ത രണ്ട് ദിവസങ്ങളില്‍ സെക്രട്ടേറിയറ്റിന് അവധി പ്രഖ്യാപിക്കേണ്ടി വന്നതും തങ്ങളുടെ വിജയമായി സമരക്കാര്‍ക്ക് അവകാശപ്പെടാം.
രണ്ടാവശ്യങ്ങളാണ് പ്രധാനമായും സമരക്കാര്‍ മുന്‍വെച്ചിരുന്നത്. ജുഡീഷ്യല്‍ അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും. സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തിക്കാമെന്ന് മുഖ്യമന്ത്രി ഇന്നലെ കാലത്ത് പ്രഖ്യാപിച്ചതോടെ, അടിയന്തിര യോഗം ചേര്‍ന്ന എല്‍ ഡി എഫ് നേതൃത്വം ഉപരോധം പിന്‍വലിച്ച് മുഖ്യമന്ത്രിയുടെ രാജിക്ക് വേണ്ടിയുള്ള സമരം മറ്റു രീതിയില്‍ തുടരാന്‍ തീരുമാനിക്കുകയാണുണ്ടായത്. ജുഡീഷ്യല്‍ അന്വേഷണം മുഖ്യമന്ത്രിയുടെ രാജിയിലേക്കുള്ള ആദ്യ പടിയാണെന്നും അവര്‍ വിലയിരുത്തുകയുണ്ടായി. മുഖ്യമന്ത്രി രാജി വെക്കാതെ പിന്മാറുന്ന പ്രശ്‌നമേയില്ലെന്ന് ആണയിട്ട ഇടതു നേതാക്കളുടെ പൊടുന്നനെയുള്ള നിലപാട് മാറ്റം ഭരണപക്ഷത്തിന് ഒരു പിടിവള്ളിയാണ്.
“സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട്‌നിര്‍ത്തുക” എന്ന വിവേകവും ഇടതുമുന്നണി തീരുമാനത്തിന് പിന്നിലുണ്ട്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടും പ്രക്ഷോഭം തുടരാനായിരുന്നു തീരുമാനമെങ്കില്‍ അടുത്ത മൂന്ന് ദിവസവും തുടര്‍ച്ചയായ അവധിയായിരിക്കെ സമരത്തിനെത്തിച്ചേര്‍ന്ന പതിനായിരങ്ങളെ പിടിച്ചുനിര്‍ത്താനും പരിപാലിക്കാനും അവര്‍ നന്നേ പ്രയാസപ്പെടുമായിരുന്നു.
സമര മുഖത്ത് ഉന്നയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ രാജി ഇടതുപക്ഷം മനസ്സാലെ ആഗ്രഹിച്ചിരുന്നില്ലെന്ന് വിലയിരുത്തുന്നവരുമുണ്ട്. ഉമ്മന്‍ ചാണ്ടി രാജി വെച്ചാല്‍ യു ഡി എഫിലെ ആഭ്യന്തര കലാപങ്ങള്‍ ഒരു പരിധി വരെ കെട്ടടങ്ങും. പകരക്കാരന്‍ മികച്ച ഭരണം കാഴ്ചവെച്ചാല്‍ വൈകാതെ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നല്ലൊരു പ്രചാരണായുധം നഷ്ടമാകുകയും ചെയ്യും. ഉമ്മന്‍ ചാണ്ടി സ്ഥാനത്ത് തന്നെ തുടരുകയും സോളാര്‍ പ്രശ്‌നം തിരഞ്ഞെടുപ്പ് വരെ കെട്ടടങ്ങാതിരിക്കുകയും ചെയ്യുന്നതാണ് ഇടതു മുന്നണിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുക.
മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ തത്കാലം “സോളാര്‍” മാറ്റിവെച്ചു ജനകീയ പ്രശ്‌നങ്ങളിലേക്ക് തിരിയാന്‍ പ്രതിപക്ഷം തയാറാകണം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, ആദിവാസി കോളനികളിലെ ദുരിതങ്ങള്‍, കാലവര്‍ഷക്കെടുതികള്‍ തുടങ്ങി ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ മുമ്പിലുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുകയാണ്. കപ്പ കിലോക്ക് 25 രൂപയായി ഉയര്‍ന്നു. സവാള വില 60 രൂപയിലെത്തി. പച്ചക്കറികള്‍ക്കും മത്സ്യത്തിനും പൊള്ളുന്ന വില. സാധാരണക്കാരന്റെ ജീവിതം വഴിമുട്ടുകയാണ്. എന്നിട്ടും ഒരു രുപയുണ്ടെങ്കില്‍ വയറു നിറയെ ആഹരിക്കാമെന്ന പ്രസ്താവനയുമായി ജനങ്ങളെ പരിഹസിക്കുകയാണ് ഉത്തരവാദപ്പെട്ടവര്‍. ജനങ്ങളുടെ ഔദാര്യം കൊണ്ട് ജയിച്ചു കയറി അവരുടെ നികുതിപ്പണം കൊണ്ട് സുഖലോലുപതയില്‍ ആറാടിയ ശേഷം അവര്‍ക്കു നേരെ കൊഞ്ഞനം കുത്തുന്ന ധാര്‍ഷ്ട്യത്തിനും നന്ദികേടിനുമെതിരെയാണ് ആദ്യമായി പ്രക്ഷോഭം വേണ്ടത്. രാഷ്ട്രീയം രാഷ്ട്രീയത്തിന് വേണ്ടിയാകരുത്; ജനങ്ങള്‍ക്ക് വേണ്ടിയാകണം.

 

Latest