വ്യാജ ഹെല്‍ത്ത് കാര്‍ഡ്; അഞ്ചംഗ ഇന്ത്യന്‍ സംഘം പിടിയില്‍

Posted on: August 13, 2013 8:00 pm | Last updated: August 13, 2013 at 8:32 pm
SHARE

അബുദാബി: വിസ സ്റ്റാമ്പ് ചെയ്യാനായി വ്യാജ ഹെല്‍ത്ത് കാര്‍ഡ് നിര്‍മിച്ചു നല്‍കി വന്നിരുന്ന ഇന്ത്യന്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് നിരവധി ഹെല്‍ത്ത് കാര്‍ഡുകളും വിസാ രേഖകളും പിടികൂടി.
അഞ്ചംഗ സംഘമാണ് അറസ്റ്റിലായതെന്ന് ബ്രിഗേഡിയര്‍ ജനറല്‍ ഹമദ് അഹ്്‌ലന്‍ അറിയിച്ചു. ഒരു ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് സംഘത്തലവന്‍. അല്‍ ഐന്‍, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലായിരുന്നു കാര്‍ഡ് നിര്‍മാണം.
അറബ് ദമ്പതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഇവര്‍ അല്‍ ഐനിലെ ഒരു ആശുപത്രിയില്‍ കാര്‍ഡ് കാണിച്ചപ്പോള്‍ വ്യാജമാണെന്നു തെളിഞ്ഞു. ഇന്‍ഷ്വറന്‍സ് കമ്പനിയുടെ രേഖകളില്‍ കാര്‍ഡ് ഉള്‍പ്പെട്ടിരുന്നില്ല. 1,000 ദിര്‍ഹമാണ് കാര്‍ഡിന് ഈടാക്കിയിരുന്നതെന്നും പോലീസ് കണ്ടെത്തി.
അല്‍ ഐന്‍, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലെ ടൈപ്പിംഗ് സെന്ററുകളില്‍ നിന്നാണ് ഇത്തരത്തിലുള്ള വ്യാജ ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ കോപ്പി ചെയ്തിരുന്നതെന്ന് പോലീസ് കണ്ടെത്തി. അല്‍ ഐനിലെ ഒരു ടൈപ്പിംഗ് സെന്ററിലെ ജീവനക്കാരനായ പ്രതികളിലൊരാളുമായി ഉപഭോക്താവെന്ന വ്യാജേന അന്വേഷണ സംഘത്തിലൊരാള്‍ ബന്ധപ്പെടുകയായിരുന്നു.
1,000 ദിര്‍ഹം നല്‍കി ഇടപാട് ഉറപ്പിച്ച പോലീസ് പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു. ഇയാള്‍ നല്‍കിയ വിവരമനുസരിച്ച് സംഘത്തിലെ മറ്റംഗങ്ങളെയും പോലീസ് പിടികൂടി. ഇവരുടെ ജോലി സ്ഥലങ്ങളും താമസ സ്ഥലവും പരിശോധിച്ച പോലീസ് ഉപഭോക്താക്കള്‍ക്ക് നല്‍കാത്ത ധാരാളം വ്യാജ കാര്‍ഡുകളും കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here