Connect with us

Gulf

20 കിലോ സ്വര്‍ണവുമായി നാടുവിടാന്‍ ശ്രമിച്ച കമിതാക്കള്‍ പിടിയില്‍

Published

|

Last Updated

ഷാര്‍ജ: 30 ലക്ഷം ദിര്‍ഹം വില വരുന്ന 20 കിലോ സ്വര്‍ണവുമായി നാടുവിടാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ സ്വദേശിയായ യുവാവും 20 കാരിയായ ഇന്ത്യന്‍ യുവതിയും പോലീസ് പിടിയില്‍. തന്റെ 20 കാരിയായ മകളെയും അവരുടെ പക്കലുണ്ടായിരുന്ന 20 കിലോ സ്വര്‍ണവും തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി ഒരു ഇന്ത്യന്‍ വംശജ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീസോണിനു പുറത്തുള്ള കസ്റ്റംസ് കെട്ടിടത്തിനു പുറത്ത് ടാക്‌സിയില്‍ മകളെ ഇരുത്തി കാറിലുണ്ടായിരുന്ന സ്വര്‍ണം നാട്ടിലേക്കയക്കാനാവശ്യമായ ചില കടലാസുകള്‍ ശരിയാക്കാന്‍ കസ്റ്റംസ് ഓഫീസില്‍ പോയി തിരിച്ചു വരവേ മകളും കാറും അപ്രത്യക്ഷമായതായി പരാതിയില്‍ പറയുന്നു.
ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
രാജ്യത്തെ ഒരു വിമാനത്താവളം വഴി നാടുവിടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ യുവതി നല്‍കിയ വിവരമനുസരിച്ച് പാക്കിസ്ഥാന്‍ സ്വദേശിയെയും പോലീസ് പിടികൂടി.
കാമുകനായ പാക്കിസ്ഥാനിയുടെ കൈയില്‍ സ്വര്‍ണം ഏല്‍പ്പിച്ച്, നേരത്തെ തയാറാക്കിയ പദ്ധതി പ്രകാരം നാടുവിടാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് യുവതി പിടിയിലായത്. യുവതി നാടുവിട്ട ശേഷം സ്വര്‍ണം നാട്ടിലേക്കു കടത്തി സ്വന്തം നാട്ടില്‍ കാമുകിയോടൊപ്പം സുഖവാസം പദ്ധതിയിട്ടായിരുന്നു കാര്യങ്ങള്‍ നീക്കിയതെന്ന് കമിതാക്കള്‍ പോലീസിനോട് സമ്മതിച്ചു.
പാക്കിസ്ഥാനിയുടെ താമസ സ്ഥലത്തു നിന്ന് പോലീസ് സ്വര്‍ണം കണ്ടെടുത്തു. ഇവരെ കോടതിയില്‍ ഹാജരാക്കി.

Latest