ദുബൈയുടെ ചില ഭാഗങ്ങളില്‍ മഴ പെയ്തു

Posted on: August 13, 2013 8:10 pm | Last updated: August 13, 2013 at 8:10 pm
SHARE

ദുബൈ: എമിറേറ്റിന്റെ കിഴക്കന്‍ മേഖലയില്‍ മഴ പെയ്തു. പടിഞ്ഞാറന്‍ ഭാഗത്ത് കഠിനമായ ചൂടായിരുന്നു ഇന്നലെ അനുഭവപ്പെട്ടത്. അതിനിടയിലാണ് കിഴക്കന്‍ മേഖലയിലെ പല പ്രദേശങ്ങളും മഴയില്‍ കുതിര്‍ന്നത്. ഉച്ചക്ക് പെയ്ത മഴക്ക് അകമ്പടിയായി ഇടിയും മിന്നലുമുണ്ടായിരുന്നു.
ദുബൈക്കും ഹത്തക്കും ഇടയില്‍ ഇടിയോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും വ്യക്തമാക്കി. എന്നാല്‍ ഈ മഴ സാധ്യത തികച്ചും പ്രാദേശികമായിരിക്കും. പല സ്ഥലങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിലെ നിരീക്ഷകന്‍ അഹമ്മദ് ഹബീബ് വ്യക്തമാക്കി. കാറ്റിനാലാണ് ചില പ്രദേശങ്ങളിലേക്ക് മേഘങ്ങള്‍ എത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
നിനച്ചിരിക്കാതെ പെയ്ത മഴ ഈ പ്രദേശങ്ങളിലെ താമസക്കാര്‍ക്കും വാഹനം ഓടിക്കുന്നവര്‍ക്കും അത്ഭുതമായി. വാഹനം ഓടിക്കവേ പെട്ടെന്ന് ഇരുട്ട് പടരുകയും കിഴക്കന്‍ ഭാഗങ്ങളില്‍ കാര്‍മേഘക്കൂട്ടങ്ങള്‍ ദൃശ്യമാവുകയുമായിരുന്നുവെന്ന് മഴക്ക് ദൃസാക്ഷിയായ ദുബൈ മീഡിയ സിറ്റിയിലെ എസ് കുമാര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ഉള്‍നാടന്‍ ഭാഗങ്ങളില്‍ 47 ഡിഗ്രി വരെയായിരുന്നു ഇന്നലെ അനുഭവപ്പെട്ട പരമാവധി ചൂട്. ചുരുങ്ങിയത് 43ഉം പര്‍വതപ്രദേശങ്ങളില്‍ 35 ഡിഗ്രിയുമായിരുന്നു. അടുത്ത രണ്ട് ദിവസങ്ങളിലും കാലാവസ്ഥയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. തെക്കു-കിഴക്കന്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 20 മുതല്‍ 28 കിലോമീറ്റര്‍ വരെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദ്ദേഹം പറഞ്ഞു.