റഹാല്‍ കാര്‍ഡില്‍ തിരിമറി; അഡ്‌നോക് പത്തോളം പേരെ പിരിച്ചുവിട്ടു

Posted on: August 13, 2013 8:09 pm | Last updated: August 13, 2013 at 8:09 pm
SHARE

അല്‍ ഐന്‍: അഡ്‌നോക് പമ്പുകളിലെ ഇ പെയ്‌മെന്റ് സംവിധാനമായ റഹാല്‍ കാര്‍ഡുപയോഗിച്ച് പണം തട്ടിയതുമായി ബന്ധപ്പെട്ടു പത്തോളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടു. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ ഐസ്‌ക്രീം കമ്പനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംശയം തോന്നിയ ഐസ്‌ക്രീം കമ്പനി അധികൃതര്‍ തങ്ങളുടെ ഡ്രൈവര്‍മാരെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തു വന്നത്. അല്‍ഐന്‍ നഗരത്തിനടുത്തുള്ള ഒരു പമ്പില്‍ നിന്ന് അഞ്ചു പേരെ ഒന്നിച്ചാണ് പിരിച്ചുവിട്ടത്. ഇതേ വിഷയവുമായി ബന്ധപ്പെട്ടു അഡ്‌നോക് മുമ്പും നിരവധി പേരെ പിരിച്ചുവിട്ടിട്ടുണ്ട്.

അഡ്‌നോക് കേന്ദ്രങ്ങളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് പണമടക്കാനുള്ള സൗകര്യത്തിനു വേണ്ടി കമ്പനി വിതരണം ചെയ്യുന്നതാണ് റഹാല്‍ കാര്‍ഡുകള്‍. ഇതില്‍ മുന്‍കൂറായി പണമടക്കുകയും ഉപയോഗത്തിനനുസരിച്ച് കട്ട് ചെയ്യുകയുമാണ് പതിവ്. മറ്റു കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഏറെ ഉപകാരപ്രദമാണ് ഈ സംവിധാനം. കമ്പനി അധികൃതര്‍ തങ്ങളുടെ െ്രെഡവര്‍മാരുടെ കൈവശം പണം കൊടുക്കുന്നതിനു പകരം ഈ കാര്‍ഡുകളാണ് കൊടുത്തുവിടുക. എന്നാല്‍ ചില െ്രെഡവര്‍മാര്‍ കമ്പനികളെ വഞ്ചിച്ച് പെട്രോള്‍ അടിച്ചതിനെക്കാള്‍ കൂടുതല്‍ പണം കട്ട് ചെയ്യാന്‍ പമ്പ് ജീവനക്കാരോട് ആവശ്യപ്പെടുകയും ഒരു നിശ്ചിത തുക ജീവനക്കാരന് കമ്മീഷന്‍ നല്‍കുകയും ചെയ്യും. ബാക്കി തുക െ്രെഡവര്‍മാര്‍ കീശയിലാക്കുകയാണ് പതിവ്. ഈ രീതിയില്‍ തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന ജീവനക്കാര്‍ക്കെതിരെ പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടികളാണ് അഡ്‌നോക് സ്വീകരിച്ചു വരുന്നത്. ഇത്തരം തട്ടിപ്പുകള്‍ പല പമ്പുകളിലും നടക്കുന്നുണ്ടെന്നാണ് വിവരം.
മുമ്പ് അബുദാബിയിലും അല്‍ഐനിലും മാത്രമായിരുന്നു അഡ്‌നോക് സേവന കേന്ദ്രങ്ങള്‍. നിലവില്‍ അജ്മാനിലും ഫുജൈറയിലും ഷാര്‍ജയിലുമടക്കം യു എ ഇ മൊത്തം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തിലെ തന്നെ എറ്റവും മികച്ച എണ്ണ വിതരണ കേന്ദ്രങ്ങളിലൊന്നാണ് അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്).