എയര്‍ ഇന്ത്യാ നടപടി: സംഘടനകളുടെ യോഗം 16ന്

Posted on: August 13, 2013 8:08 pm | Last updated: August 13, 2013 at 8:08 pm
SHARE

അബുദാബി: എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളില്‍ ഗള്‍ഫ് യാത്രക്കാരുടെ ബാഗേജ് പരിധി ഈ മാസം 22 മുതല്‍ വെട്ടിക്കുറക്കാനുള്ള നീക്കത്തിനെതിരെ ഇന്ത്യന്‍ മീഡിയ അബുദാബിയുടെ ആഭിമുഖ്യത്തില്‍ കേരള സോഷ്യല്‍ സെന്ററിന്റെ സഹകരണത്തോടെ കെ എസ ്‌സിയില്‍ ഈ മാസം 16 (വെള്ളി) ന് രാത്രി 8.30ന് പ്രവാസി സംഘടനാ പ്രതിനിധികളുടെ അഭിപ്രായ രൂപവത്കരണ യോഗം സംഘടിപ്പിക്കും.
എയര്‍ ഇന്ത്യാ തീരുമാനത്തിനെതിരെയുള്ള ഗള്‍ഫ് വിമാനയാത്രക്കാരുടെ പ്രതിഷേധം അധികൃതര്‍ക്കു മുമ്പിലെത്തിക്കുന്നതിനും നടപടി പിന്‍വലിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിലും എയര്‍ഇന്ത്യയിലും സമ്മര്‍ദ്ദം ചെലുത്തുന്നതിനുമുള്ള കര്‍മ പരിപാടികള്‍ക്ക് രൂപം നല്‍കും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ബാഗേജ് പരിധി 30കിലോ ഗ്രാമില്‍ നിന്ന് 20 കിലോഗ്രാമായി വെട്ടിക്കുറക്കാനാണ് എയര്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.സാധാരണക്കാരായ ഗള്‍ഫ് മലയാളികളെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്. പ്രവാസി ഇന്ത്യക്കാരില്‍ വരുമാനം കുറഞ്ഞ ഭൂരിഭാഗവും ഏറ്റവുമധികം ആശ്രയിക്കുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ബജറ്റ്എയര്‍ വിമാനങ്ങളെയാണ്.ബഗേജ് പരിധി വെട്ടിക്കുറക്കുന്നത് സാധാരണക്കാരായ ഗള്‍ഫ് യാത്രക്കാര്‍ക്കുണ്ടാക്കുന്ന ആഘാതം വളരെ വലുതാണെന്ന് ഇന്ത്യന്‍ മീഡിയ അബുദാബി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.